Sunday, June 21, 2020


മാർഗരറ്റ് ഹെറിക്കോ ബെറ്റി ഡേവിസോ അതോ സിഡ്നി സ്കോൾസ്കിയോ.....
         ഇന്ന് മെയ് 16.. ഏതൊരു ചലച്ചിത്ര പ്രവർത്തകന്റെയും സ്വപ്നമായ ,ലോക സിനിമാ ലോകത്തെ ഏറ്റവും തിളക്കമാർന്ന പുരസ്കാരമായ, ലോകം ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് എന്ന് വിഖ്യാതമായ അക്കാദമി അവാർഡിന്റെ അവാർഡ് ദാന ചടങ്ങ് ആദ്യമായി നടന്നത് 1929ൽ ഇതേ ദിനത്തിലാണ്.1927 ൽ മെട്രോ ഗോഡ്വിൻ മേയർ എന്ന എം ജി എം സ്റ്റുഡിയോയുടെ തലവനായിരുന്ന ലൂയിസ് ബി മേയർ തന്റെ വീട്ടിൽ വച്ച് നടത്തിയ ഡിന്നർ പാർട്ടിക്കിടെയാണ് സിനിമാ വ്യവസായത്തിന്റെ പുരോഗതിക്കായി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചത്. 1927 ജനുവരി 11ന് ക്ഷണിക്കപ്പെട്ട മുപ്പത്തിയാറ് പേർ ലോസ് ഏഞ്ചൽസിലെ അംബാസഡർ ഹോട്ടലിൽ ഒത്ത് ചേർന്നു. സിനിമയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരായിരുന്നു അവർ.ഇന്റർ നാഷണൽ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസ് എന്ന സംഘടന സ്ഥാപിക്കുന്നതിന്റെ പ്രൊപ്പോസൽ ചർച്ച ചെയ്യുന്നതിനും അനുബന്ധ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു ലക്ഷ്യങ്ങൾ. സിനിമാരംഗത്തെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംയുക്ത സംരഭമായി അക്കാദമി നിലവിൽ വന്നു. അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ഡഗ്ലസ് ഫെയർ ബാങ്ക്സ് ആയിരുന്നു ആദ്യ പ്രസിഡണ്ട്. 1927 മാർച്ച് 19ന് അക്കാദമിയുടെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളേയും കുറിച്ച് ധാരണയുണ്ടാക്കുകയും അതിന് അന്തിമ രൂപം നൽകുകയും ചെയ്തു.1927 മെയ് നാലിന് ഹോളിവുഡിലെ ബിൽറ്റ്മോർ ഹോട്ടലിൽ വച്ച് നടന്ന മീറ്റിങ്ങിനിടെയാണ് വിജയികൾക്ക് എന്ത് പുരസ്കാരം നൽകണമെന്ന ചോദ്യം ഉയരുന്നത്.എം ജി.എമ്മിന്റെ ആർട്ട് ഡയറക്ടറായിരുന്ന സെഡറിക് ഗിബ്ബൺസിനെ  ട്രോഫിയുടെ ഡിസൈനിങ് ഏൽപ്പിച്ചു.അഞ്ച് ദ്വാരമുള്ള ഒരു ഫിലിം റീലിൽ ഇരു വശവും മൂർച്ചയുള്ള വാൾ പിടിച്ച് നിൽക്കുന്ന ഒരു യോദ്ധാവിന്റെ  രൂപമാണ്  വരച്ചത്.പ്രശസ്ത മെക്സിക്കൻ നടനായ എമിലിയോ ഫെർണാണ്ടസിനെ മോഡലാക്കിയാണ് ഈ രൂപകൽപ്പന ഗിബ്ബൺസ് നടത്തിയതെന്ന് പറയപ്പെടുന്നു. ഫിലിം റിലീലിലെ അഞ്ച് ദ്വാരങ്ങൾ ചലച്ചിത്ര മേഖലയിലെ അഞ്ച് സുപ്രധാന ശാഖകളായ നിർമ്മാണം, എഴുത്ത്, സംവിധാനം, അഭിനയം, സാങ്കേതിക വിഭാഗം എന്നിവയെ കുറിക്കുന്നവയായിരുന്നു. ലോസ് ആഞ്ചലസിലെ ശിൽപ്പിയായ ജോർജ്ജ് സ്റ്റാൻലി 1928ൽ ഗിബ്ബൺസിന്റെ രൂപകല്പന അടിസ്ഥാനമാക്കി ഉണ്ടാക്കി.ആദ്യ ശിൽപ്പങ്ങൾ നിർമ്മിച്ചത് വെങ്കലത്തിൽ കാലിഫോർണിയയിലെ ബ്യോൺഡ് ഫ്രൗണ്ടിയിലെ ഗ്വിൽഡോ നെല്ലി ആയിരുന്നു. 13.5 ഇഞ്ച് ഉയരവും 8.5 പൗണ്ട് തൂക്കവുമുള്ള 24 കാരറ്റ് സ്വർണ്ണം പൂശിയ ശിൽപ്പം.നിലവിൽ ന്യൂയോർക്കിലെ പോളിച്ച് ടാലിക്സ് ഫൈൻ ആർട് ഫ്രൗണ്ടിയാണ് ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്. അക്കാദമി അവാർഡ് എന്നാണ് പുരസ്കാരം അറിയപ്പെട്ടത്. ലോകപ്രശസ്തമായ ഓസ്കാർ എന്ന വാക്ക് 1939 വരെ അക്കാദമി ഔദ്യോഗികമായി ഉപയോഗിച്ചിരുന്നില്ല. പലരും ഈ വാക്കിന്റെ പിറവിക്ക് തങ്ങളാണ് കാരണം എന്ന് പറയുന്നു. അക്കാദമിയുടെ ലൈബ്രേറിയനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന മാർഗരറ്റ് ഹെറിക് ഈ ശിൽപ്പം കണ്ടിട്ട് ഇത് എന്റെ അമ്മാവനായ ഓസ്കാറെ പോലെയിരിക്കുന്നുവല്ലോ എന്ന് പറഞ്ഞത്രേ.ഇതാണ് ഓസ്കാറിന്റെ പേരിന്റെ പിന്നിലെ ഒരു വാദം. ഔദ്യോഗിക വെബ്സൈറ്റിൽ ഈ വാദം കാണാൻ കഴിയും.മറ്റൊരു വാദം പ്രശസ്ത നടിയും അക്കാദമിയുടെ ആദ്യ വനിതാ പ്രസിഡണ്ടുമായിരുന്ന ബെറ്റി ഡേവിസിന്റേതാണ്. 1936ൽ ഡേഞ്ചറസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം കിട്ടിയ ശേഷം ഇത് തന്റെ ഭർത്താവായ ഓസ്കാറിനെ ( ഹാർമൺ ഓസ്കാർ നെൽസൺ) പോലെയുണ്ടെന്ന് പറഞ്ഞുവത്രേ. മറ്റൊരു അവകാശ വാദം സിഡ്നി സ്കോൾസ്കി എന്ന പത്രപ്രവർത്തകൻറേതാണ്. അക്കാദമി വെബ്സൈറ്റിലും ഇത് കാണാം. 1934 മാർച്ച് 16ന് ഹോളിവുഡ് കോളമിസ്റ്റ് സ്കോൾസ്കി കാതറിൻ ഹെപ്ബേണിന് ലഭിച്ച പുരസ്കാരത്തെ വിശേഷിപ്പിക്കാനാണ് ഓസ്കാർ എന്ന വാക്ക് ഉപയോഗിച്ചത്. ആരുടെ വായിൽ നിന്ന് പിറവിയെടുത്തതായാലും ഓസ്കാർ എന്ന വാക്ക് ഹിറ്റായി. അക്കാദമി ഔദ്യോഗികമായി ആ പേര് ഏറ്റെടുത്തു.
           1928ൽ പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട ശുപാർശ സമർപ്പിക്കാനായി ഒരു കമ്മറ്റിയെ നിയമിച്ചു. 12 വിഭാഗങ്ങളിൽ പുരസ്കാരം നൽകാൻ കമ്മറ്റി ശുപാർശ ചെയ്‌തു.1928ൽ അക്കാദമി ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 150 ഛായാഗ്രാഹകർ പങ്കെടുത്ത സെമിനാറിന്റെ അടിസ്ഥാനത്തിൽ പുറത്ത് വന്ന Report on Incandescent Illumination.1931 ലാണ് രണ്ടാം പുസ്തകം പുറത്ത് വന്നത്..Recording sound for motion picture.1929 മെയ് 16 ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് റൂസ് വെൽറ്റ് ഹോട്ടലിലെ ബ്ലോ സം റൂമിൽ കൂടിയിരുന്ന 270 പേർ മഹത്തായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കുകയായിരുന്നു.ചടങ്ങ് നിയന്ത്രിച്ചത് അക്കാദമി പ്രസിഡന്റായ ഡഗ്ലസ് ഫെയർബാങ്ക്സ്. 1927 ആഗസ്ത് ഒന്നിനും 1928 ജൂലായ് ദിനം ഇടയിൽ ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചവയ്ക്കുള്ള അക്കാദമി അവാർഡ് ദാനചടങ്ങ്. വർഷങ്ങൾക്കിപ്പുറവും ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് നിശയുടെ തുടക്കം.ശബ്ദ ചിത്രമായതിനാൽ ജാസ് സിംഗർ പരിഗണിക്കപ്പെട്ടില്ല. നിശ്ശബ്ദ യുദ്ധ ചിത്രമായ വിങ്ങ്സ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.എമിൽ ജന്നിംഗ്സ് മികച്ച നടനും ജാനറ്റ് ഗെയിനർ മികച്ച നടിയുമായി.ഫ്രാങ്ക് ബോർസേജും ലെവിസ് മൈൽ സ്റ്റോണും മികച്ച സംവിധായകരായി. ശബ്ദ ചിത്രമായ ജാസ് സിംഗറിനും ചാർലി ചാപ്ലിന്റ സർക്കസിനും സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു.അവാർഡ് വിവരം ഒന്ന് മാസം മുന്നേ പ്രഖ്യാപിച്ചിരുന്നു. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജെന്നിംഗ്സിന് യൂറോപ്പിലേക്കു തിരിച്ചുപോകേണ്ടതുകൊണ്ട് അവാർഡ് നേരത്തേതന്നെ നല്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ആദ്യമായി അവാർഡ് സ്വീകരിച്ചതും എമിലാണ്. ചടങ്ങ് പതിനഞ്ച് മിനുട്ട് മാത്രം നീണ്ടു നിന്നു.അവാർഡ് വിതരണത്തിനു ശേഷമുള്ള പാർട്ടിനടത്തിയത് മേഫെയർ ഹോട്ടലിലായിരുന്നു. അംഗങ്ങൾ അല്ലാത്തവർക്ക് അഞ്ചുഡോളർ ആയിരുന്നു ടിക്കറ്റ് ചാർജ്.  അത് ഒരു തുടക്കമായിരുന്നു. അനർഗളമായി ഒഴുകി ലോകമെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ മനസിലേക്ക് ഓടിക്കയറിയ ഒരു പുരസ്കാര രാവിന്റെ തുടക്കം. 1930ൽ ലോസ് ആഞ്ചൽസ്റേഡിയോ വഴി ലൈവ് ആയി സംപ്രേഷണം ചെയ്തു.1953 ൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു. 1966 ൽ കളർ പ്രക്ഷേപണം തുടങ്ങി.1969ൽ അന്താരാഷ്ട്ര തലത്തിലേക്ക് സംപ്രേഷണം മാറിയ ഓസ്കാർ പുരസ്കാര രാവ് ഇന്ന് ഇരുനൂറിലധികം രാജ്യങ്ങളിലെ ആൾക്കാർ വീക്ഷിക്കുന്നു. ഓസ്കാർ പറയുന്നത് ലോക സിനിമാ ചരിത്രം തന്നെയാണ്. വിവാദങ്ങളും വിമർശനങ്ങളും കൂടെ തന്നെയുണ്ട്. ഈയിടെ ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു പ്രസ്താവന ഓസ്കാറിന്റെ രാഷ്ട്രീയത്തേയും സൂചിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.."ഇത്തവണത്തെ അക്കാദമി പുരസ്കാരങ്ങളെത്ര മോശമായിരുന്നു. ദക്ഷിണകൊറിയയുമായി ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ടെന്നും ഇതിനിടയിലെന്തിനാണ് അവരുടെ ചിത്രത്തിന് പുരസ്കാരം നൽകിയത്". ഓസ്കാർ വാർത്തകളിലെന്നും ഇടം കണ്ടെത്തിയിട്ടുണ്ട്. വായിച്ചാലും എഴുതിയാലും തീരാത്തത്ര വിപുലമാണ് ഓസ്കാർ ചരിത്രം. ഗോൾഡൺ ഗ്ലോബും ബാഫ്റ്റയും SAG അവാർഡും ഒക്കെയുണ്ടെങ്കിലും മോഹിപ്പിക്കുന്ന ആ ചുവന്ന പരവതാനിയിലൂടെ നടന്ന് കയറി സ്വർണ്ണ നിറമുള്ള ആ ചെറിയ ശിൽപ്പം കൈപ്പിടിയിലൊതുക്കണമെന്നുള്ളത് ചലച്ചിത്ര രംഗത്തെ ഏവരുടെയും സ്വകാര്യ സ്വപ്നമാണ്.
           jitheshmaniyat@gmail.com

No comments: