സ്വതന്ത്ര ഇന്ത്യയിൽ നിരോധിച്ച ആദ്യത്തെ സിനിമയും കയ്യൂരിനോടുള്ള സ്നേഹവും
ഇന്ന് മെയ് 14.. ഇന്ത്യയിൽ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ചവരിലൊരാളും, പരീക്ഷണാത്മക ചിത്രങ്ങളിലൂടെ സാമൂഹ്യ യഥാർത്ഥ്യങ്ങൾ കൃത്യമായി പ്രതിഫലിപ്പിച്ച , തന്റെ സിനിമകൾ കണ്ടിറങ്ങുന്നവർ മാറ്റത്തിന്റെ പടയാളികളാവണം എന്ന ആശയം മുന്നോട്ട് വച്ച , സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലീകനായ ലോകപ്രശസ്ത ചലച്ചിത്ര സംവിധായകൻ മൃണാൾ സെൻ 1923 ൽ ഇതേ ദിനത്തിലാണ് പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ , ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂരിൽ ജനിച്ചത്. ഫരീദ് പൂരിലെ ഒരു ടെൻറടിച്ച സ്ഥലത്ത് ശബ്ദമില്ലാത്ത ദേവദാസ് എന്ന ചിത്രം കണ്ടതാണ് മൃണാൾ സെന്നിന്റെ ആദ്യത്തെ ചലച്ചിത്ര അനുഭവം.ഏഴോ എട്ടോ വയസുള്ളപ്പോൾ വന്ദേമാതരം എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചതിന് ഒരിക്കൽ സെൻ പോലീസ് പിടിയാലിട്ടുമുണ്ട്. ഹൈസ്കൂൾ പഠനശേഷം മൃണാൾ കൊൽക്കത്തയിലേക്ക് പോയി. അവിടെ വെച്ച് ഭൗതിക ശാസത്രത്തിൽ ബിരുദം സ്വന്തമാക്കി. ഇടതു പക്ഷ സഹയാത്രികനായ മൃണാൾ സെൻ പാർട്ടി അംഗമായില്ലെങ്കിലും ഇപ്റ്റ പോലുള്ള ഇടതു പക്ഷ സാംസ്കാരിക സംഘടനകളിൽ സജീവമായി. ഇപ്റ്റ യുടെ ഒരു നാടക അവതരണ പരിപാടിക്കിടെയാണ് സെൻ ആദ്യമായി ഋത്വിക് ഘട്ടക്കിനെ പരിചയപ്പെടുന്നത്.കോളേജ് പഠന ശേഷം തൊഴിൽ രഹിതനായി അലഞ്ഞ സെൻ കൊൽക്കത്ത ഇംപീരിയൽ ലൈബ്രറിയിലെ നിത്യ സന്ദർശകനായി.1943ൽ കാരൽ ചാപ്പക്കിന്റെ ദ് ചീറ്റ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അവിടെ നിന്ന് ലഭിച്ച വായനാനുഭവം സിനിമയിലേക്കടുപ്പിച്ചു.ഇക്കാലത്ത് പത്രപ്രവർത്തകനായും മെഡിക്കൽ റെപ്രസന്റേറ്റീവ് ആയും പ്രവർത്തിച്ചു.കൊൽക്കത്തയിലെ ഒരു ഫിലിം ലാബറട്ടറിയിൽ ഓഡിയോ ടെക്നീഷ്യൻ ആയി ജോലി ചെയ്തു.സാഹിത്യ ബന്ധം സിനിമാ സാഹിത്യത്തിലേക്ക് വാതിൽ തുറന്നു.ദ് സിനിമ ആൻറ് ദ് പീപ്പിൾ ആയിരുന്നു ആദ്യ ലേഖനം. പിന്നീട് ഇംഗ്ലീഷിലും ബംഗാളിയിലുമായി നിരവധി ലേഖനങ്ങൾ. ചാർലി ചാപ്ലിനായിരുന്നു ഏറെ പ്രിയങ്കരനായ ചലച്ചിത്രകാരൻ.ചാപ്ലിനെ കുറിച്ച് സെൻ എഴുതിയ പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തത് സത്യജിത് റേ ആയിരുന്നു.1955 ൽ പുറത്ത് വന്ന, വൻ പരാജയമായിരുന്ന രാത് ഭോരെയെ തന്റെ ആദ്യ ചിത്രമായി ഗണിക്കാൻ മൃണാൾ സെൻ പോലും ഇഷ്ടപ്പെട്ടില്ല.1958ലാണ് നീൽ ആകാഷേർ നീച്ചേ എന്ന രണ്ടാമത്തെ ചിത്രം പുറത്ത് വന്നത്.ബ്രിട്ടീഷ് ഇന്ത്യയിലെ വീട്ടമ്മയായ ബാസന്തിയും ചൈനീസ് കുടിയേറ്റ തൊഴിലാളിയായ വാങ് ലുവും തമ്മിലുണ്ടായ സഹോദര തുല്യമായ സ്നേഹത്തിന്റെ കഥ പറഞ്ഞ നീൽ ആകാഷേർ നീച്ചേ ചരിത്രത്തിലിടം നേടിയത് മറ്റൊരു സംഗതിയിലൂടെയാണ്- സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിരോധിക്കപ്പെട്ട ആദ്യ ചിത്രം. 1930 ലെ കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച സെന്നിന്റെ രണ്ടാമത്തെ ചിത്രം രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ രണ്ട് മാസത്തോളം നിരോധിക്കപ്പെട്ടെങ്കിലും തന്റെ ആദർശങ്ങളിലും കലാപ്രവർത്തനത്തിലും വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായില്ല. ഒരു ഗ്രാമീണ ബംഗാളി കുടുംബത്തെ മുൻനിർത്തി 1960 ൽ പുറത്ത് വന്ന ബൈഷേ ശ്രാവണയാണ് സെന്നിനെ ശ്രദ്ധേയനാക്കിയ ആദ്യ ചിത്രമെന്ന് പറയാം. മൃണാൾ സെന്നിന് സാമ്പത്തിക വിജയം നേടിക്കൊടുത്ത ആദ്യ ചിത്രം ഭുവൻ ഷോം ആണ്. ഉത്പൽ ദത്തും സുഹാസിനി മുലേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം , മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെ ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി. സാത് ഹിന്ദുസ്ഥാനിയിലൂടെ അഭിനയ അരങ്ങേറ്റം കുറിച്ച അമിതാഭ് ബച്ചന്റെ ശബ്ദം ആദ്യം പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയാണ് ഭുവൻ ഷോം.സമാന്തര നവതരംഗ ചിത്രങ്ങളുടെ അപ്പോസ്തലനായ മൃണാൾ ദായെ തേടി പുരസ്കാരങ്ങൾ വന്നു കൊണ്ടേയിരുന്നു. കലയും രാഷ്ട്രീയവും ഇഴ പിരിക്കാനാവാത്ത വിധം ഒത്ത് ചേർന്ന് പോകുന്ന സെൻ ചിത്രങ്ങളിൽ ഭുവൻ ഷോം ,കോറസ്, അകലേർ സന്ധനെ, മൃഗയ എന്നിവ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി. പദാതിക്, ഖരിജ്, അകലേർ സന്ധാനെ എന്നിവയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മൃണാൾ സെൻ, ഭുവൻ ഷോം , ഏക് ദിൻ പ്രതിദിൻ, അലേർ സന്ധാനെ, ഖണ്ഡ് ഹാർ എന്നീ ചിത്രങ്ങളിലൂടെ നാല് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. മൃഗയയിലൂടെ ചലച്ചിത്ര അരങ്ങേറ്റം കുറിച്ച മിഥുൻ ചക്രവർത്തി ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. തന്റെ ചലച്ചിത്ര ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങളും 14 ഷോർട്ട് ഫിലിമുകളും 5 ഡോക്യുമെൻററികളും മൃണാൾ സെൻ സംവിധാനം ചെയ്തു.കൊൽക്കത്തയെ ജീവവായു പോലെ കൊണ്ട് നടന്ന മൃണാൾ ദാ യുടെ കൊൽക്കത്ത ചിത്ര ത്രയമാണ് ഇന്റർവ്യൂ, കൽക്കത്ത 71, പദാതിക് എന്നിവ.ബംഗാളി ഭാഷയ്ക്ക് പുറമേ ഹിന്ദി (ഭുവൻ ഷോം, മൃഗയ ) ഒഡിയ (മൈത്ര മനിഷ) തെലുങ്ക് (ഒക ഒരി കഥ ) ഭാഷകളിലും ചിത്രങ്ങൾ സംവിധാനം ചെയ്തു.മാർക്സിസത്തിന്റെ മാനവിക ചേതന കൊണ്ടു നടന്ന, മാർക്സിസ്റ്റ് വീക്ഷണത്തോട് ആഭിമുഖ്യം പുലർത്തിയ മൃണാൾ സെന്നിന് കേരളത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. കയ്യൂർ സമരത്തിന്റെ പപശ്ചാത്തലത്തിൽ ഒരു മലയാള സിനിമ എന്ന സ്വപ്നവുമായി അദ്ദേഹം കയ്യൂരിലെത്തി. ജനശക്തി ഫിലിംസിന്റെ ബാനറിൽ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്ന് കരുതി. സാക്ഷാത്കരിക്കാൻ സാധിച്ചില്ല.തന്റെ സർഗ്ഗ ജീവിതത്തിലെ വലിയ നഷ്ടമായി മൃണാൾ സെൻ ഇതിനെ കുറിച്ച് പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമിയുടെ ഉൽഘാടനം നിർവഹിച്ച അദ്ദേഹത്തിന് തന്നെയായിരുന്നു പ്രഥമ കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിലെ സമഗ്ര സംഭാവനാ പുരസ്കാരവും.ഏകാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട മൃണാൾ സെന്നിനോട് 1975 ലെ അടിയന്തിരാവസ്ഥ കാലത്ത് ഒരു രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ശേഷം അടുത്ത ചിത്രം ഏത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു" ഇന്ത്യയിലേക്ക് തിരികെ പോകുന്നത് അടിയന്തിരാവസ്ഥയെ എതിർക്കാനാണ്. അതിന് ശേഷമേ അടുത്ത പടത്തെ കുറിച്ച് ആലോചിക്കൂ." തന്റെ എൺപതാം വയസിലാണ് മൃണാൾ സെൻ അവസാന ചിത്രമായ അമർ ഭുവൻ സംവിധാനം ചെയ്തത്.1998-2003 കാലയളവിൽ പാർലിമെന്റിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്ന അദ്ദേഹത്തിന് പദ്മ ഭൂഷൺ, ദാദാ സഹേബ് ഫാൽക്കേ പുരസ്കാരം എന്നിവയും റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സിവിലിയൻ ബഹുമതികളും ലഭിച്ചു. പാബ്ലോ നെരൂദ ഇഷ്ട കവിയായിരുന്ന സെൻ തന്റെ ആത്മകഥയക്ക് പ്രിയ കവിയുടെ വരി തന്നെയാണ് പേരായി നൽകിയത്... ആൾ വെയ്സ് ബീയിങ് ബോൺ. മരണ ശേഷം തന്റെ ശരീരത്തിൽ പൂക്കളോ റീത്തുകളോ വയ്ക്കരുതെന്നും പൊതു ദർശനം പാടില്ല എന്നും നിർദ്ദേശിച്ച മൃണാൾ സെൻ 2018 ഡിസംബർ 30 ന് അന്തരിച്ചു.ഇന്ത്യൻ സിനിമയെ പുനർ നിർവചിച്ച അരാജക വാദിയെന്ന് ശ്യാം ബെനഗൽ വിശേഷിപ്പിച്ച , രാഷ്ട്രീയ സിനിമയുടെ വക്താവും പ്രയോക്താവുമായിരുന്ന മൃണാൾ സെന്നിന്റെ ഓരോ ചിത്രവും ചലച്ചിത്ര സ്നേഹികൾക്കും പഠിതാക്കൾക്കും പാഠപുസ്തകങ്ങളാണ്.
jitheshmaniyat@gmail.com
jitheshmaniyat@gmail.com
No comments:
Post a Comment