എരിഞ്ഞടങ്ങിയ അഗ്നിപർവ്വതം പിറവിയെടുക്കുന്നു
മെയ് 3... 1896 ൽ ഇതേ ദിനമാണ് കോഴിക്കോട്ടെ പന്നിയങ്കരയിൽ നിന്നും വിശ്വമാനവനായി മാറിയ വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ കൃഷ്ണമേനോൻ ജനിച്ചത്. വൈരുധ്യങ്ങളുടെ മനുഷ്യനായിരുന്നു കൃഷ്ണമേനോൻ. മിത്രങ്ങളോടൊപ്പം ഒരു പാട് ശത്രുക്കളേയും സൃഷ്ടിച്ചയാൾ. ലണ്ടനിലെ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ നിന്ന് ബ്രിട്ടണിലെ ഇന്ത്യയുടെ ആദ്യ ഹൈക്കമ്മീഷണറായി മാറിയ വ്യക്തി. ചേരിചേരാ പ്രസ്ഥാനത്തിന് ആ പേര് നൽകിയ വ്യക്തി, പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി, പ്രതിരോധ മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളി,പെൻഗ്വിൻ.. പെലിക്കൻ ബുക്സുകളുടെ സ്ഥാപനത്തിലെ നിർണായക പങ്കാളിയായ മലയാളി.. വിശേഷണങ്ങളേറെ നൽകാവുന്ന വിശ്വ മലയാളി. എങ്കിലും കൃഷ്ണ മേനോൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക ഐക്യ രാഷ്ട്രസഭയിലെ കശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട സുദീർഘവും കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന അസന്നിഗ്ദ പ്രഖ്യാപനം ഉൾക്കൊള്ളുന്ന 1957 ജനുവരി 23 ന് 10.30 ന് ആരംഭിച്ച് 1957 ജനുവരി 24 ന് ഉച്ചക്ക് 1.50 ന് അവസാനിച്ച 7 മണിക്കൂർ 48 മിനിട്ട് നീണ്ട പ്രസംഗത്തിന്റെ പേരിലാവും. ഇന്നും തകർക്കപ്പെടാത്ത ഗിന്നസ് ബുക്കിൽ എഴുതി ചേർക്കപ്പെട്ട ആ പ്രസംഗം. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ പ്രധാന അഴിമതി കേസായ 1948ലെ ജീപ്പ് സ്കാൻഡലിൽ പരാമർശിക്കപ്പെട്ടതും കൃഷ്ണമേനോന്റെ പേര് തന്നെ. ജവഹർലാൽ നെഹൃവിന്റെ വലം കയ്യായി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് 1953 ൽ രാജ്യസഭയിലൂടെ പ്രവേശിച്ച മേനോൻ ആദ്യം വകുപ്പില്ലാ മന്ത്രിയായി മന്ത്രിസഭയിലെത്തി.1957ൽ ബോംബെയിൽ നിന്ന് ലോകസഭയിലെത്തുകയും പ്രതിരോധ മന്ത്രിയാവുകയും ചെയ്തു. കേരള സംസ്ഥാന രൂപീകരണത്തിൽ മേനോൻ എതിരായിരുന്നു എന്നും കേരളത്തിലെ ആദ്യ ഇടതുപക്ഷ മന്ത്രിസഭയെ അട്ടിമറിക്കാൻ കൃഷ്ണമേനോൻ സഹായം ചെയ്തതായും പിന്നീട് പലരും റിപ്പോർട്ട് ചെയ്തു. 1962 ൽ നെഹൃ നോർത്ത് ബോംബെ മണ്ഡലത്തിലേക്ക് മേനോനെ സ്ഥാനാർത്ഥിയാക്കി.എതിരാളി മുൻ കോൺഗ്രസ് അധ്യക്ഷൻ ജെ.ബി. കൃപലാനിയായിരുന്നു. അന്ന് സി രാജഗോപാലാചാരിയും ജയപ്രകാശ് നാരായണനും പറഞ്ഞ കാര്യങ്ങളെ കുറിച്ച് ജയറാം രമേശിന്റെ A Chequered Brilliance എന്ന കൃതിയിൽ പറയുന്നു. മേനോൻ ജയിക്കുകയാണെങ്കിൽ അത് ഇന്ത്യൻ കമ്മ്യൂണിസത്തിന് ഒരു പോയിൻറും ലോക കമ്മ്യൂണിസത്തിന് രണ്ട് പോയിന്റും ലഭിക്കുന്നതിന് തുല്യമാണെന്ന് രാജാജിയും മേനോൻ പ്രധാനമന്ത്രിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയാണെങ്കിലും വിജയിക്കുകയാണെങ്കിൽ അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയമായിരിക്കുമെന്ന് ജെ പിയും അഭിപ്രായപ്പെട്ടു. 1962 ൽ മേനോൻ വിജയിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ടാമനായി ടൈംസ് അടക്കമുള്ള മാസികകൾ വിശേഷിപ്പിച്ചു.നിരവധി പേരുകൾ വൈദേശിക മാധ്യമങ്ങൾ മേനോന് ചാർത്തി നൽകി. Mephistopheles in a Saville row suit", "the devil's incarnate", "the bad fairy of the UN", the "old snake charmer","Nehru's evil genius",Indian Rasputin തുടങ്ങിയവ അതിൽ ചിലതായിരുന്നു. മാധ്യമങ്ങൾക്ക് മേനോൻ അത്രയധികം അനഭിമതനായിരുന്നോ. ഇന്ത്യ ചൈന യുദ്ധം മേനോൻറെ ഉയർച്ചയ്ക്ക് തിരിച്ചടിയായി. നെഹൃ വിന്റെ മരണം അതിന് ആക്കം കൂട്ടി.1967 ലെ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രക്കാരനല്ല എന്ന കാരണത്താൽ കോൺഗ്രസ് നോർത്ത് ഈസ്റ്റ് മുംബൈ സീറ്റ് നൽകിയില്ല .കോൺഗ്രസിൽ നിന്ന് പുറത്ത് വന്ന് ഭാരതീയനാണെന്ന് പ്രഖ്യാപിച്ച് അവിടെ തന്നെസ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ഒരു റിട്ടയേഡ് ഐ സി എസ് ഓഫീസറോട് പരാജയം ഏറ്റുവാങ്ങി.1969ൽ മിഡ്‌നാപ്പൂരിൽ നിന്നും അജോയ് മുഖർജിയുടെ ബംഗ്ലാ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചു.1971 ൽ ഒരു ചക്രം പൂർത്തീകരിക്കാനെന്ന പോലെ ഇടതുപക്ഷ പിന്തുണയോടെ തിരുവനന്തപുരത്ത് നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആ വിശ്വ മാനവൻ 1974ൽ ലോകത്തോട് വിടവാങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു' ഒരു അഗ്നിപർവ്വതം കെട്ടടങ്ങി'. വി.കെ കൃഷ്ണമേനോൻ പലർക്കും പിടികൊടുക്കാത്ത ഒരു സവിശേഷ വ്യക്തിത്വമായിരുന്നു. അഗ്നിപർവതത്തിന്റെ ചൂട് അതിനടുത്തേക്ക് പോയവർക്കേ മനസിലായിട്ടുണ്ടാവൂ. ഇനിയും ചുരുളഴിയാത്ത നിരവധി കഥകൾ മേനോനുമായി ബന്ധപ്പെട്ട് പുറത്ത് വരാനുണ്ട്. കാലം അത് പുറത്തെത്തിക്കും. ഒരിക്കൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ പറഞ്ഞു" ഭാഗ്യവശാൽ ഇന്ത്യക്ക് മഹത്തായ സംസകാരത്തിന്റേയും പാരമ്പര്യത്തിന്റേയും കണ്ണികളുണ്ട് അതോടൊപ്പം ബുദ്ധൻ മുതൽ ഗാന്ധിജി വരേയും അശോകൻ മുതൽ നെഹ്റു വരേയും കൗടില്യൻ മുതൽ കൃഷണ മേനോൻ വരേയും ഉള്ള മഹാൻമാരുടെ പാരമ്പര്യവും സ്വന്തമാണ്". ജയറാം രമേശും ,ടി ജെ എസ് ജോർജ്ജും, ജാനകി റാമുമടക്കം പലരും പറഞ്ഞതിനപ്പുറം
വി.കെ. കൃഷ്ണമേനോന്റെ അറിയാക്കഥകൾക്കായി കാത്തിരിക്കാം..
No comments:
Post a Comment