Friday, June 12, 2020

നഷ്ടപ്പെട്ട കയ്യെഴുത്തുപ്രതിയും  മോഷണം പോയ നൊബേൽ മെഡലും.
മെയ് 7.  ഭാരതീയ സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നിറുകയിൽ എത്തിച്ച, ഗുരുദേവ്, കവി ഗുരു ,വിശ്വകവി,എന്നിങ്ങനെയൊക്കെ അറിയപ്പെട്ട, ഇന്ത്യൻ സാഹിത്യ രംഗത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന മഹാ പ്രതിഭയായ രവീന്ദ്രനാഥാ ടാഗോർ , ബ്രഹ്മസമാജത്തിന്റെ സ്ഥാപകരിലൊരാളായ ദേവേന്ദ്രനാഥ ടാഗോറിന്റെയും ശാരദാ ദേവിയുടെയും 13 മക്കളിൽ ഇളയവനായി 1861 ൽ ഇതേ ദിവസമാണ് കൊൽക്കത്തയിലെ ജറാസങ്കോ ഭവനത്തിൽ ജനിച്ചത്.കവിത രക്തത്തിലലിഞ്ഞു ചേർന്ന ടാഗോർ തന്റെ എട്ടാം വയസ്സിൽ ആണ് ആദ്യത്തെ കവിത എഴുതുന്നത്. പതിനാറാം വയസ്സിൽ ബാനുസിംഹ എന്ന തൂലികാനാമത്തിൽ ബാനു സിംഹ താക്കുറർ പദാബലി എന്ന ആദ്യ കവിതാസമാഹാരം പുറത്തിറക്കി.കവി, സംഗീതജ്ഞൻ, ചിത്രകാരൻ, തത്വചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, നോവലിസ്റ്റ് ,നാടകകൃത്ത് ,കഥാകൃത്ത് തുടങ്ങി ടാഗോർ  കൈവെക്കാത്ത മേഖലകൾ ചുരുക്കമാണ്.വാല്മീകി പ്രതിഭ എന്ന നാടകം രചിച്ച് അതിൽ അഭിനയിച്ച ടാഗോർ , നതി ർ പൂജ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.2230 ലധികം ഗാനങ്ങൾ രചിച്ച ടാഗോറിന്റെ പേരിൽ രവീന്ദ്രസംഗീതം എന്ന സംഗീത ശാഖ തന്നെ രൂപം കൊണ്ടിട്ടുണ്ട്. 1889 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ രവീന്ദ്രനാഥ ടാഗോർ 90 ലധികം പരസ്യചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. ഇതിൽതന്നെ നെയ്യ്, സൗന്ദര്യവർധക വസ്തുക്കൾ ,മധുരപലഹാരങ്ങൾ ,ഹാർമോണിയം ,തുടങ്ങിയവയുടെ പരസ്യങ്ങളും ഉണ്ടായിരുന്നു. 1912 ലാണ് രണ്ടാം തവണ ടാഗോർ ലണ്ടനിലേക്ക് പോയത് തന്റെ പുത്രനായ രതീന്ദ്രനാഥിനോടും  മരുമകളോടും  ത്രിപുര രാജകുടുംബാംഗമായ സൗമേന്ദ്രദേബ് ബർമനോടും ഒന്നിച്ചായിരുന്നു. ടാഗോർ തന്നെ ഇംഗ്ലീഷിലേക്ക് തർജ്ജമ നിർവഹിച്ച
ഗീതാഞ്ജലിയുടെ കയ്യെഴുത്തുപ്രതി ചിത്രകാരനും കലാ നിരൂപകനുമായ വില്യം റോത്തൻസ്റ്റീനെ കാണിക്കുകയും അത് വഴി വില്യം ബട്ലർ യീറ്റ്സിനെ കൊണ്ട് അവതാരിക എഴുതിക്കുക എന്നതുമായിരുന്നു യാത്രാ ലക്ഷ്യം.എന്നാൽ ലണ്ടനിലെത്തി റോത്തൻസ്റ്റീനിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ഗീതാജ്ഞലിയുടെ കൈയ്യെഴുത്തുപ്രതി സൂക്ഷിച്ച ചെറിയ സഞ്ചി നഷ്ടപ്പെട്ട കാര്യം മഹാകവി അറിഞ്ഞത്. പരിഭ്രാന്തനായ അദ്ദേഹം മകനെ അത് അന്വേഷിക്കാനായി പറഞ്ഞയച്ചു.ഭാഗ്യവശാൽ ബേക്കർ സ്ട്രീറ്റ് സ്റ്റേഷനിലെ നഷ്ടപ്പെട്ട സാധനങ്ങൾ സൂക്ഷിക്കുന്ന ഓഫീസിൽ നിന്നും കയ്യെഴുത്തുപ്രതി അടങ്ങിയ സഞ്ചി തിരികെ ലഭിച്ചു. തൊട്ടടുത്ത ദിവസം തന്നെ വില്യം റോത്തൻ സ്റ്റീനെകാണുകയും അതുവഴി വില്യം ബട്ലർ യീറ്റ്സിനെ കൊണ്ട് അവതാരിക എഴുതിക്കുകയും ചെയ്തു. 1912 നവംബറിൽ 103 കവിതകളുടെ സമാഹാരം ആയി ലണ്ടൻ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലി പ്രസിദ്ധീകരിച്ചു .തുടർന്ന് 1913 ൽ പ്രസിദ്ധീകരണം മാക് മില്ലൻ ഏറ്റെടുത്തു. തോമസ് എസ് മൂർ ടാഗോറിൻറെ പേര് നൊബേൽ സാഹിത്യ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തു. 1913  നവംബർ 13 നാണ് നൊബേൽ പുരസ്കാര കമ്മിറ്റി ആ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനം രവീന്ദ്രനാഥടാഗോറിനാണ് എന്ന കാര്യം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. നവംബർ 14നാണ് ഇക്കാര്യം കൊൽക്കത്തയിലായിരുന്ന മഹാകവി ടെലഗ്രാം മുഖേന അറിയുന്നത്.അങ്ങിനെ 1913 ൽ ഗീതാഞ്ജലിയിലൂടെ യൂറോപ്യനല്ലാത്ത ഒരു വ്യക്തിക്ക് ആദ്യമായി സാഹിത്യ നൊബേൽ സമ്മാനം ലഭിക്കുകയും ,സാഹിത്യ നൊബേൽ സമ്മാനം നേടുന്ന ആദ്യത്തെ ഏഷ്യക്കാരൻ ആയി ടാഗോർ മാറുകയും ചെയ്തു. നൊബേൽ പുരസ്കാര കമ്മറ്റി ഇങ്ങിനെ കുറിച്ചു " because of his profoundly sensitive, fresh and beautiful verse, by which, with consummate skill, he has made his poetic thought, expressed in his own English words, a part of the literature of the West." ഡിസംബർ പത്തിന് സ്റ്റോക്ക് ഹോമിൽ വെച്ച് സമ്മാനം നേരിട്ട് സ്വീകരിക്കാൻ കവിക്ക് സാധിച്ചില്ല. ബ്രിട്ടീഷ് അംബാസഡറായിരുന്ന ൈക്ലവ് ഏറ്റു വാങ്ങിയ പുരസ്കാരം 1914 ജനുവരി ഒമ്പതിന് ബംഗാൾ ഗവർണർ കാർ മൈക്കേൽ പ്രഭു ടാഗോറിന് കൈമാറി. വർഷങ്ങൾക്ക് ശേഷം 1921 മെയ് 26നാണ് ടാഗോർ നൊബേൽ ലക്ചർ നടത്തിയത് എന്നതും ചരിത്രം. 1915 ൽ ബ്രിട്ടീഷ് സർക്കാർ ടാഗോറിനെ പ്രഭു സ്ഥാനം നൽകി ആദരിച്ചു.എങ്കിലും ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് അദ്ദേഹം പ്രഭു പദവി ഉപേക്ഷിച്ചു.സാഹിത്യ സംഗീത ലോകത്ത് വ്യാപാരിക്കും പോഴും ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിക്കാനും ടാഗോർ സമയം കണ്ടെത്തി. മൂന്ന് രാജ്യങ്ങളുടെ ദേശീയ ഗാനത്തിൽ അദ്ദേഹത്തിന് പങ്കുവഹിക്കാൻ സാധിച്ചു. ഇന്ത്യൻ ദേശീയ ഗാനമായ ജനഗണമന രചിച്ച ടാഗോർ , 1905-ലെ ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട പ്രതിഷേധസൂചകമായി രചിച്ച അമർ സോനാർ ബംഗ്ലാ 1971 ബംഗ്ലാദേശിന് ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു.രവീന്ദ്രനാഥടാഗോറിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അദ്ദേഹത്തിൻറെ ശിഷ്യനായ ആനന്ദ് സമരക്കൂനാണ് ശ്രീലങ്കയുടെ ദേശീയ ഗാനമായ ശ്രീലങ്ക മാതാ രചിച്ചത്.സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനായ അമര്ത്യാസെന്നിന് ആ പേര് നൽകിയതിന് പിന്നിലും ടാഗോറിന്റെ പങ്കുണ്ട്.5 വൻകരകളിലായി 30ലേറെ രാജ്യങ്ങൾ സഞ്ചരിച്ച  ആ മഹാ പ്രതിഭാശാലി 1941 ഓഗസ്റ്റ് 7-ന് ഈ ലോകത്തോട് വിട വാങ്ങി. കുടുംബത്തിലെ മരണപരമ്പരകളും മകളുടെ ദുരന്തദാമ്പത്യജീവിതവും വിഷാദത്തിലേക്ക് വലിച്ചെറിഞ്ഞ ടാഗോറിനെ ശക്തമായി നിലനിർത്താൻ സഹായിച്ചത് കലയും സാഹിത്യവും തന്നെയായിരുന്നു. 2014 ടാഗോറും അദ്ദേഹത്തിൻറെ നൊബേൽ സമ്മാനവും വീണ്ടും വാർത്തകളിൽ ഇടം കണ്ടെത്തി എത്തി. വിശ്വഭാരതി യിൽ സൂക്ഷിച്ച ടാഗോറിന്റെ നൊബേൽ മെഡലുകൾ അവിടെ നിന്നും മോഷണം പോയി. അത് കണ്ടെത്താൻ സാധിക്കാത്തതിനാൽ സ്വീഡിഷ് അക്കാദമി മെഡലിന്റെ രണ്ട് പതിപ്പുകൾ വിശ്വഭാരതിക്ക് നൽകി.നഷ്ടപ്പെട്ട കയ്യെഴുത്തുപ്രതി  കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും നഷ്ടപ്പെട്ട നൊബേൽ മെഡലുകൾ കണ്ടെത്താൻ നമുക്ക് ഇന്നും സാധിച്ചിട്ടില്ല.
jitheshmaniyat@gmail.com

No comments: