പ്രണയവും നോവലും താണ്ടിയ ദരിദ്രനായ ദാർശനികൻ
മെയ് അഞ്ച് . 1818 ൽ ഇതേ ദിന ത്തിലാണ് ലോകത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ ,പട്ടിണിപ്പാവങ്ങളുടെ ജീവിതത്തിൽ പുതിയ പുലരി സുഷ്ടിക്കാൻ സ്വപനം കണ്ട അതിനെ പ്രവർത്തി പഥത്തിലെത്തിക്കാൻ ശ്രമിച്ച , ലോകം ഇന്നേ വരെ കണ്ട ഏറ്റവും മികച്ച തത്വ ചിന്ത കരിലൊരാളായ കാൾ മാർക്സ് ജനിച്ചത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ, സർവ്വ രാജ്യത്തൊഴിലാളികളോട് സംഘടിക്കുവാൻ ആഹ്വാനം ചെയ്ത് ഭരണ വർഗ്ഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടിയ , 1999ൽ ബിബിസി നടത്തിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചിന്തകനായി ലോകം തെരഞ്ഞെടുത്ത കാൾ മാർക്സ്. സ്കൂളിൽ പഠിക്കുമ്പോൾ ഒരു സാധാരണ വിദ്യാർത്ഥിയായി ഒരു കൗമാരക്കാരന്റെ എല്ലാ ചാപല്യങ്ങളും ഉണ്ടായിരുന്ന മാർക്സ് ദുർബലമായ നെഞ്ച് എന്ന കാരണത്താൽ ശാരീരിക സ്ഥിതി മോശമായതിനാലാണ് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. പ്രണയം ഒരു വികാരമായി മാർക്സിൽ കുടിയേറിയിരുന്നു. മാർക്സിന്റെ ജീവിതത്തിൽ നിർണായക പങ്കാണ് ഭാര്യയായ ജെന്നിഫാൻ വെസ്റ്റ് ഫാളൻ വഹിച്ചത്.രണ്ട് സാമ്പത്തിക നിലവാരമുള്ള, വ്യത്യസ്ത സമുദായത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങൾ അത്ര സാധാരണമല്ലാത്ത പ്രഷ്യൻ സമൂഹത്തിൽ ഏറെ എതിർപ്പിനെ നേരിട്ടാണ് മാർക്സ് തന്നേക്കാൾ നാല് വയസ് കൂടുതലുള്ള ജന്നിയെ സ്വന്തമാക്കിയത്. എഴുത്തിനെ ഏറെ സ്നേഹിച്ച മാർക്സിന് തന്റെ ജീവിതകാലത്ത് അതിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചില്ല. പ്രണയ ഗീതങ്ങൾ രചിച്ച, ചെറു നാടകവും സ്കോർപിയൻ ആൻറ് ഫെലിക്സ് എന്ന ഹ്രസ്വ നോവലും രചിച്ച കാൾ മാർക്സിന്റെ ജീവിതം ദാരിദ്യം നിറഞ്ഞതായിരുന്നു. ദരിദ്രമായ ജീവിത സാഹചര്യം മക്കളുടെ മരണത്തിനും സമ്പന്ന പ്രഭു കുടുംബത്തിൽ ജനിച്ച ഭാര്യയുടെ പട്ടിണിയും ഇടയായിട്ടും തന്റെ തത്വചിന്തകളിൽ നിന്നും കടുകിടാ വ്യതിചലിക്കാനോ മുതലാളിത്ത വ്യവസ്ഥിതിയോട് വിട്ട് വീഴ്ച ചെയ്യാനോ മാർക്സ് സന്നദ്ധനായില്ല. മാർക്സിനെ ലോകം അറിയുന്ന തത്വചിന്തകനാക്കിയതിൽ സുഹൃത്തായ ഏംഗൽസിലുള്ള പങ്ക് വളരെ വലുതാണ്. സാമ്പത്തികമായും ഏംഗൽസ് മാർക്സ് കുടുംബത്തെ സഹായിച്ചിരുന്നു. ഒരിക്കൽ ഏംഗൽസിനെഴുതിയ കത്തിൽ തന്റെ അമ്മ പറഞ്ഞ വാക്കുകൾ ഇങ്ങിനെ കുറിക്കുന്നു..." മൂലധനത്തെ കുറിച്ച് ഒരു പാട് എഴുതിയ നേരം കൊണ്ട് അത് ഉണ്ടാക്കാനുള്ള ബുദ്ധി എന്റെ മകനുണ്ടായിരുന്നെങ്കിൽ". അതെ ലോകം കണ്ട ഏറ്റവും വലിയ ദാർശനികൻ പണം കൊണ്ട് സമ്പന്നനായിരുന്നില്ല.തന്റെ ദർശനങ്ങളെ പണയം വച്ച് സമ്പന്നനാകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. അദ്ദേഹം അതിന് തുനിഞ്ഞില്ല. രാജ്യമില്ലാത്തവനായിരുന്നു മാർക്സ്. പ്രഷ്യയിൽ നിന്ന് പുറത്താക്കപ്പെട്ട് ഫ്രാൻസിലും ബൽജിയത്തിലും പിന്നീട് വീണ്ടും പ്രഷ്യയിലും തുടർന്ന് ഇംഗ്ലണ്ടിലുമെത്തിയ ആ മഹാപ്രതിഭ ഭാര്യയുടെ മരണശേഷം രോഗാതുരനാവുകയും 1883 മാർച്ച് 14 ന് ലോകത്തോട് വിട പറയുകയും ചെയ്തു. ജ്ഞാനപീ0 ജേതാവ് ഒ എൻ വി കുറുപ്പ് എഴുതിയത് പോലെ" ശവകുടീരത്തിൽ നീ ഉറങ്ങുമ്പോഴും ,ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു" ലോകം മാർക്സിനെ വായിച്ച് കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ദർശനങ്ങളെ വ്യാഖ്യാനിച്ച് കൊണ്ടേയിരിക്കുന്നു. ഫ്രഞ്ച് ചിന്തകനായ റെയ്മണ്ട് ആറോൺ ഒരിക്കൽ ഇങ്ങിനെ പറഞ്ഞു" Karl Marx's work can be explained in five minutes, five hours, in five years or in a half century”.
jitheshmaniyat@gmail.com
jitheshmaniyat@gmail.com
No comments:
Post a Comment