എഴുത്തിലെ രാജ്ഞിയാവാൻ മോഹിച്ച് ഗണിതത്തിലെ രാജകുമാരിയായ പ്രതിഭ
മെയ് 12. ആദ്യമേ ഓർമ്മയിലേക്കെത്തുന്നത് വിളക്കേന്തിയ വനിതയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനവുംഅന്താരാഷ്ട്ര നേഴ്‌സസ് ദിനവുമാണ്. സ്ത്രീ ശാക്തീകരണത്തിന്റേയും ശാസ്ത്രത്തിൽ സ്ത്രീകളുടെ സംഭാവനകൾ ചർച്ചയാവുകയും ചെയ്യുന്ന ഈ മേളയിൽ ഓർമ്മയിലേക്കെത്തേണ്ട മറ്റൊരു പേരാണ് മറിയം മിർസഖാനി.ഇറാനിലെ വിപ്ലവത്തിന് തൊട്ടുമുമ്പ് 1977 ൽ ഇതേ ദിനത്തിലാണ് ടെഹ്റാനിൽ മറിയം മിർസഖാനി ജനിച്ചത്. ചില റഫറൻസ് ഗ്രന്ഥങ്ങളിലും വെബ്സൈറ്റിലും ജന്മദിനം തെറ്റായി മെയ് 3 എന്ന് നൽകിയിരിക്കുന്നത് കാണാൻ സാധിക്കും.ചെറിയ കാലയളവ് ഈ ഭൂമിയിൽ ജീവിച്ച് , ശാസ്ത്രത്തിലെ രാജ്ഞിയായ ഗണിത ശാസ്ത്രത്തിലെ രാജകുമാരിയായി മാറിയ മറിയത്തിന്റെ ജന്മദിനമായ മെയ് 12 ഗണിതത്തിലെ വനിതകളുടെ ദിനമായി ആചരിക്കുന്നു.ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ തീക്ഷ്ണതയിലൂടെ കടന്ന് പോയാണ് മറിയം എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എഴുത്തുകാരിയാവാൻ ചെറുപ്പത്തിൽ ആഗ്രഹിച്ച മറിയം എട്ടാം വയസിൽ തന്നെ സ്വപ്നങ്ങൾ സ്വന്തമാക്കാൻ വലിയ സാഹസികതകൾ ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കഥൾ സൃഷ്ടിച്ചിരുന്നു. കഥയിലെ ആ പെൺകുട്ടി ലോകം മുഴുവൻ സഞ്ചരിച്ചിരുന്നു, ഒരു മേയറായി മാറുന്നുണ്ടായിരുന്നു. അന്ന് ഗണിതം അത്ര ഇഷ്ടമുള്ള വിഷയമായിരുന്നില്ല. മിഡിൽ സ്കൂൾ പഠനകാലത്ത് ചെറിയ പൈസക്ക് ലഭിക്കുന്ന പല പുസ്തകങ്ങളും വാങ്ങി വായിച്ച മറിയം എഴുത്തിന്റെ ലോകത്തിലേക്ക് കടക്കാനും അത്തരം പുസ്തകങ്ങൾ രചിക്കാനും ആഗ്രഹിച്ചു.മിഡിൽ സ്കൂളിലെ ആദ്യ വർഷം ഗണിതത്തിൽ അത്ര മിടുക്കിയല്ലാത്ത മറിയത്തോട് ആ വർഷത്തെ ടീച്ചർ പറഞ്ഞു.. ഗണിതം പഠിക്കാനുള്ള കഴിവ് മറിയത്തിന് ഇല്ല. ഇത് ആ ശാസ്ത്ര ശാഖയോടുള്ള നീരസം കൂട്ടിയതായി മറിയം പിന്നീട് പറയുന്നുണ്ട്. മുൻ വിധികളോടെ കുട്ടികളെ പരിഗണിക്കുന്നതിലൂടെ അവരുടെ താൽപര്യങ്ങളെ കൃത്യമായ മനസിലാക്കാൻ സാധിക്കാത്ത ചില അധ്യാപകരാലും രക്ഷിതാക്കളാലും നശിപ്പിക്കപ്പെട്ട എത്ര പ്രതിഭകൾ കാണും എന്ന് ഈ സമയം ഓർത്ത് പോകുന്നു. എന്നാൽ ജ്യേഷ്ഠനിൽ നിന്ന് ലഭിച്ച പ്രോത്സാഹനങ്ങളും ഗണിതം ലളിതമായി ചെയ്യാനുള്ള സൂത്രവാക്യങ്ങളും രണ്ടാം വർഷം മറ്റൊരു ഗണിത അധ്യാപികയിൽ നിന്നും ലഭിച്ച പ്രോത്സാഹനവും ഗണിതത്തെ കൂടുതൽ ഇഷ്ടപ്പെടാൻ മറിയത്തെ പ്രേരിപ്പിച്ചു.മിഡിൽ സ്കൂളിൽ നിന്നും ഹൈസ്കൂളിലെത്തിയ മറിയം പ്രിൻസിപ്പലിന്റെ പ്രോത്സാഹനത്തോടെ യാഥാസ്ഥിക ഇറാനിൽ അതു വരെ ആൺ കുട്ടികൾ മാത്രം മത്സരിച്ച ഗണിത ഒളിമ്പ്യാഡിൽ മത്സരിക്കാൻ തയ്യാറായി.1994 ൽ ഹോങ് കോങ്ങിൽ നടന്ന അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ 42 ൽ 41 പോയിന്റ് നേടി ഇറാനിലേക്ക് ആദ്യ സ്വർണ്ണ മെഡൽ കൊണ്ട് വന്നു. ഒരു ഗണിത പ്രതിഭയുടെ മിന്നലാട്ടം സ്കൂൾ അധികൃതരും രക്ഷിതാക്കളും കൃത്യമായി തിരിച്ചറിഞ്ഞു.1995 ൽ ടൊറന്റോയിൽ നടന്ന ഒളിമ്പ്യാഡിൽ 42 ൽ 42 പോയിൻറും നേടി ഈ നേട്ടം ആവർത്തിച്ചു. രക്ഷിതാക്കൾ പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു. കുട്ടികളുടെ താൽപര്യങ്ങൾ കണ്ടെടുത്ത് അവരെ അതിലൂടെ ഉന്നതിയിലേക്ക് മാർഗ്ഗം തെളിക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും സാധിക്കണം.പത്താം ക്ലാസിൽ മികച്ച വിജയം നേടിയാൽ പ്ലസ്ടുവിന് സയൻസ് തന്നെ എടുക്കണം എന്നും തുടർന്ന് എൻട്രൻസ് കോച്ചിംഗിന് അയക്കണം എന്ന നമ്മുടെ ഇടുങ്ങിയ ചിന്താഗതി മാറ്റിയാൽ മാത്രമേ പ്രതിഭകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ സാധിക്കൂ.1995 ൽ ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പ0നം ആരംഭിച്ച മറിയം 1998 ൽ മരണമുഖത്തിൽ നിന്നും നേരിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്.അന്ന് നടന്ന ബസപകടത്തിൽ മറിയത്തോടൊപ്പം സഞ്ചരിച്ച ഏഴ് സഹപാഠികളും രണ്ട് ബസ് ജീവനക്കാരും കൊല്ലപ്പെട്ടു. ബിരുദ പഠന ശേഷം ഹർവാർഡ് യൂണിവേഴ്സിറ്റിയിലെത്തിയ മറിയം തുടർന്ന് സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പ്രൊഫസറായി. വളഞ്ഞ പ്രതലങ്ങളെ വിശദീകരിക്കുന്ന ഹൈപ്പർ ബോളകളിൽ ജ്യോമട്രിയുമായി ബന്ധപ്പെട്ടതായിരുന്നു മിർസാ ഖാനിയുടെ പഠനങ്ങളിൽ അധികവും. ഗണിത ശാസ്ത്രത്തിൽ സ്ത്രീകൾക്ക് ഏറ്റവും പ്രചോദനം നൽകിയ ആ വാർത്ത 2014ൽ പുറത്ത് വന്നു. കനേഡിയൻ ഗണിത ശാസ്ത്രജ്ഞൻ ജോൺ ചാൾസ് ഫീൽഡിന്റെ പേരിൽ 1936ൽ ആരംഭിച്ച, നാല് വർഷത്തിലൊരിക്കൽ നാൽപ്പത് വയസിന് താഴെയുള്ള ഗണിത പ്രതിഭകൾക്ക് നൽകുന്ന, ഗണിത നൊബേൽ എന്ന് വിഖ്യാതമായ ഫീൽഡ്സ് മെഡൽ ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക് ലഭിച്ചിരുന്നു. അതെ ഫീൽഡ്സ് മെഡൽ നേടിയ ആദ്യ വനിത, ആദ്യ ഇറാനിയൻ എന്നീ വിശേഷണങ്ങൾ മറിയം മിർസ ഖാനി സ്വന്തമാക്കി.ഗണിതത്തില്‍ ജ്യാമിതീയ രൂപങ്ങളോട് പ്രതിപത്തിയുണ്ടായിരുന്ന മറിയം മിര്‍സാഖാനിക്ക് റീമാന്‍ സര്‍ഫേസും അവയുടെ മൊഡ്യൂളി സ്‌പേസസുമായി ബന്ധപ്പെട്ട ക്ഷേത്രഗണിത പഠനത്തിനാണ് ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ചത്.ആ വർഷം ഇന്ത്യയ്ക്ക് സന്തോഷിക്കാൻ വകയുണ്ടായിരുന്നു. മിർസാഖാനിക്കൊപ്പം പുരസ്കാരം പങ്കിട്ട മഞ്ജുൾ ഭാർഗവ ഫീൽഡ്സ് മെഡൽ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വംശജനായി മാറി. സ്തനാർബുദത്തിന്റെ വേദനകൾ പേറി ദക്ഷിണ കൊറിയയിലെ സിയോളി ൽ നടന്ന ഗണിത ശാസ്ത്ര കോൺഗ്രസിൽ വെച്ച് 2014 ആഗസ്ത് 13 ന് മറിയം മിർസാ ഖാനി പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാര സമിതി അംഗമായിരുന്ന ഡാം ഫ്രാൻസിസ് കിർവാൻ പറഞ്ഞു.. ലോകത്താകമാനമുള്ള പെൺകുട്ടികൾക്കും യുവതികൾക്കും സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും ഭാവിയിലെ ഫീൽഡ് മെഡലിസ്റ്റുകൾ എന്ന ലക്ഷ്യം കൈവരിക്കാനും മിർസാഖാനിയുടെ പുരസ്കാര നേട്ടം തീർച്ചയായും പ്രചോദനം നൽകും.സ്തനാർബുദം കടുത്ത് മറ്റ് ഭാഗങ്ങളിലേക്കും പടർന്നതിനെ തുടർന്ന് 2017 ജൂലായ് 14ന് തന്റെ നാൽപതാം വയസിൽ ലോകത്തെ അമ്പരിപ്പിച്ച, അതിലുപരി പ്രചോദിപ്പിച്ച, ജ്യാമിതിയിലെ അതി സങ്കീർണ്ണമായ കുരുക്കുകൾ അഴിച്ചെടുത്ത മറിയം മിർസാഖാനി എന്ന ഗണിത പ്രതിഭ ലോകത്തോട് വിട പറഞ്ഞു.
jitheshmaniyat@gmail.com
jitheshmaniyat@gmail.com
No comments:
Post a Comment