Friday, June 12, 2020

പ്രധാനമന്ത്രി ഐസ്ക്രീം കണ്ടുപിടിച്ചിരുന്നോ

       ഇന്ന് മെയ് 4 . 1979 ലെ ഇതേ ദിനമാണ് യുനൈറ്റഡ് കിങ്ഡത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മാർഗരറ്റ് താച്ചർ അധികാരത്തിലെത്തിയത്.1975 മുതൽ 1990 വരെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡറും 1979 മുതൽ 1990 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായിരുന്ന മാർഗരറ്റ് ഹിൽഡ റോബർട്ട്സ് എന്ന മാർഗരറ്റ് താച്ചർ 1925ൽ  ഒരു പലചരക്ക് കച്ചവടക്കാരന്റെ മകളായാണ് ജനിച്ചത്. കെമിസ്ട്രി യിൽ എക്സ്റേ ക്രിസ്റ്റലോഗ്രാഫിയിൽ സ്പെഷലൈസ് ചെയ്ത് ബിരുദം പൂർത്തിയാക്കിയ താച്ചർ ഒരു വേള ബ്രിട്ടണിലെ സയൻസ് ബിരുദധാരിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. പഠനശേഷം ജെ ലയോൺസ് ആൻറ് കമ്പനിയിൽ ഫുഡ് സയന്റിസ്റ്റ് ആയി ജോലി ചെയ്യവേ ഐസ്ക്രീമിനെ കുഴമ്പ് രൂപത്തിലാക്കുന്ന അഡിറ്റീവുകൾ ഇവരുടെ ടീം വികസിപ്പിച്ചെടുക്കുകയും അത് സോഫ്റ്റ് സെർവ്വ് ഐസ്ക്രീമുകളുടെ വികാസത്തിലേക്ക് പരിണമിക്കുകയും ചെയ്തു.സോഫ്റ്റ് സെർവ്വ് ഐസ്ക്രീമുകളുടെ കണ്ടുപിടുത്തത്തിന്റെ ക്രഡിറ്റ് ചിലർ താച്ചറിന് നൽകുന്നുണ്ടെങ്കിലും എതിരഭിപ്രായവും കുറവല്ല. ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ പത്രങ്ങളും ഹിസ്റ്ററി, നാഷണൽ ജ്യോഗ്രാഫിക് ഇടങ്ങിയ ചാനലുകളും സോഫ്റ്റ് സർവ് ഐസ്ക്രീമിന്റെ കണ്ടുപിടുത്തത്തിൽ താച്ചറുടെ പങ്ക് അംഗീകരിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സയൻസിൽ നിന്ന് ജനാധിപത്യത്തിലേക്ക് കുടിയേറിയപ്പോൾ തുടക്കത്തിൽ തന്നെ പരാജയമായിരുന്നു കാത്തിരുന്നത്.1950 ലേയും 1951 ലേയും തെരഞ്ഞെടുപ്പുകളിൽ പരാജയത്തിന്റെ രുചിയറിഞ്ഞു.1955-ൽ നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് കൺസർവേറ്റീവ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടു. തുടർച്ചയായ ഇടർച്ചകൾ താച്ചറെ തളർത്തിയില്ല.തന്റെ സമയത്തിനായി കാത്തിരുന്നു. 1959ൽ കൺസർവേറ്റീവ് പാർട്ടിയുടെ സേഫ് സീറ്റായ ഫിൻച്ലിയിൽ നിന്നും താച്ചർ പാർലിമെന്റിലെത്തി. പരാജയങ്ങൾ തളർത്താത്ത മനസുമായി
താച്ചർ മുന്നേറി.1970 ൽ എഡ്വേർഡ് ഹീത്തിന്റെ മന്ത്രിസഭയിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സയൻസ് ആന്റ് എജുക്കേഷൻ ആയ വേളയിൽ ഏഴിനും പതിനൊന്നിനും മധ്യേയുള്ള കുട്ടികൾക്കായുള്ള പാൽ വിതരണം നിർത്തിയതോടെ മാർഗരറ്റ് താച്ചർ .. മിൽക്ക് സ്നാച്ചർ എന്ന പേര് വീണു.1975 ൽ ബ്രിട്ടണിലെ പ്രതിപക്ഷ നേതാവായ താച്ചർ 1976 ൽ സോവിയറ്റ് യൂണിയനെ നിശിതമായി വിമർശിച്ച് നടത്തിയ പ്രസംഗത്തിലൂടെ " Iron Lady" എന്ന പേര് സ്വന്തമാക്കി.1979 ൽ സൂര്യനസ്തമിക്കാതിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ജനാധിപത്യ പടിവാതിൽ തുറന്ന് കൊണ്ട് മാർഗരറ്റ് താച്ചർ എന്ന ഉരുക്ക് വനിത യുനൈറ്റഡ് കിങ്ഡത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. വനിത എന്ന പരിഗണനയിലല്ലാതെ തന്നെ. അന്ന് അവർ പറഞ്ഞ പ്രസക്തമായ വരികൾ അവരുടെ ഇച്ഛാശക്തിക്ക് ഉദാഹരണമായിരുന്നു..' Where there is discord, may we bring harmony;
Where there is error, may we bring truth;
Where there is doubt, may we bring faith;
And where there is despair, may we bring hope.' 1970 ൽ താച്ചർ പറഞ്ഞു"  എന്റെ ജീവിതകാലത്തിനടയിൽ ഒരു വനിത പ്രധാന മന്ത്രി പദത്തിലെത്തുമെന്ന് ഞാൻ കരുതുന്നില്ല, കാരണം ഇവിടുത്തെ പുരുഷന്മാർ അത്രത്തോളം മുൻ വിധിയുള്ളവരാണ്". കാലം ആ പ്രസ്താവനയെ തിരുത്തിയെഴുതി. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന ഖ്യാതി സ്വന്തമാക്കി 1990 വരെ ആ പദവി യിൽ തുടർന്നു.സ്ത്രീ എന്ന നിലയിൽ ഒരു പരിഗണനയും അവർ സ്വീകരിച്ചില്ല. 1979ൽ ജപ്പാൻ സന്ദർശന വേളയിൽ തന്റെ എസ്കോർട്ടിനായി 20 വനിതാ കമാന്റോകളെ അയക്കാൻ നേരത്ത്, മറ്റ് പ്രധാനമന്ത്രിമാർക്ക് എങ്ങിനെയോ അത് പ്രകാരം തനിക്കും മതി എന്ന് പറഞ്ഞ് പുരുഷ കമാന്റോകൾക്ക്  തന്നെ അവരുടെ ചുമതല ഏൽപ്പിക്കാൻ ജപ്പാൻ നിർബന്ധിതമായത് തന്നെ വനിത എന്ന പരിഗണന ആവശ്യമില്ല എന്ന ആ ഉരുക്ക് വനിതയുടെ നിശ്ചയദാർഡ്യത്തിന് ഉദാഹരണമാണ്. 1982ൽ അർജന്റീനയ്ക്കെതിരായ യുദ്ധ വിജയം ജനപ്രീതി വർധിപ്പിക്കാൻ ഇടയായി.പൊതുമേഖല പൂർണ്ണമായി സ്വകാര്യവൽക്കരിച്ചതും തൊഴിലാളി സംഘടനകൾക്ക് കർക്കശ നിയന്ത്രണമേർപ്പെടുത്തിയതും റഷ്യയുമായി അടുപ്പം പുലർത്തിയതും വിമർശനങ്ങൾക്കിടയാക്കി.താച്ചറിസം എന്നറിയപ്പെട്ട പ്രവര്‍ത്തന ശൈലിയില്‍ ആധുനിക ബ്രിട്ടനെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അവർ താൻ സ്ഥിരമായി കൊണ്ടു നടക്കുന്ന ഹാന്റ് ബാഗിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ  ഹാന്റ് ബാഗിങ് എന്ന പുതിയ പദത്തിന്റ സൃഷ്ടിക്കും കാരണഭൂതയായി.പരാജയങ്ങളിൽ കാലിടറാതെ പരിശ്രമത്തിലൂടെ ലിംഗ വ്യത്യാസമില്ലാതെ വിജയത്തിലേക്ക് കുതിക്കാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് മാർഗരറ്റ് താച്ചർ.പരാജയങ്ങളെ നിസ്സാരമായി കാണുകയും അവയെ കൃത്യമായി വിശകലനം ചെയ്ത് അതിൽ നിന്നും പാഠം ഉൾക്കൊണ്ട് അതിന്റെ പ്രയോജനങ്ങളെ ഉപയോഗപ്പെടുത്തുന്നവർക്കുള്ളതാണ് ജീവിതത്തിലെ വിജയങ്ങൾ എന്ന് മാർഗരറ്റ് താച്ചർ ഓർമ്മപ്പെടുത്തുന്നു..
  jitheshmaniyat@gmail.com

     

No comments: