പാചകപുസ്തകം രചിച്ച , പുൽച്ചാടികളെ ഭയപ്പെട്ടിരുന്ന സറിയലിസ്റ്റ്
മെയ് 11... ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ സറിയലിസ്റ്റ് ചിത്രകാരനും , ചെറിയ പ്രായത്തിൽ തന്നെ ചിത്രകലയുടെ അനന്തവിഹായസിലേക്ക് പ്രതിഭയുടെ സ്ഫുരണങ്ങളുമായി കാലെടുത്ത് വെച്ച, ഓരോ വാക്കിലും പ്രവൃത്തിയിലും നിഗൂഢത ഒളിപ്പിച്ച് വെച്ച,ജീവിതത്തിലെ അതിസങ്കീര്‍ണ ഭാവങ്ങളെയും യാഥാർത്ഥ്യങ്ങളേയും രചനകളിലാവാഹിച്ച ചിത്രകാരൻ സാല്‍വദോര്‍ ഡെമിങ്ങോ ഫെലിപ് ജക്വിന്റോ ദാലി ഇ ഡൊമെനെച് എന്ന സാല്‍വദോര്‍ദാലി 1904 ൽ ഇതേ ദിനത്തിലാണ് സ്‌പെയിനിലെ ഫിഗ്വെറിസില്‍ ജനിച്ചത്.അമ്മയുടെ പ്രോത്സാഹനമായിരുന്നു ദാലിയുടെ കരുത്ത്. ദാലി ജനിക്കുന്നതിന് ഒമ്പത് മാസം മുമ്പേ മരിച്ച ജ്യേഷ്ഠന്റെ പേരും സാൽവദോർ എന്നായിരുന്നു.അഞ്ചാം വയസിൽ ജ്യേഷ്ഠന്റെ കുഴിമാടത്തിനരികെ ദാലിയെ കൊണ്ടുപോയി അമ്മ പറഞ്ഞു" നീ നിന്റെ ജ്യേഷ്ഠൻറെ പുനർജന്മമാണ്". ഈ വാക്കുകൾ ദാലിയെ ആഴത്തിൽ സ്പർശിക്കുകയും ജീവിതാവസാനം വരെ ദാലി ആ വിശ്വാസം പുലർത്തുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസ ശേഷം ആർട്ട് സ്കൂളിൽ എത്തിയ ദാലിയെ രണ്ട് തവണ സ്കൂളിൽ നിന്നും പുറത്താക്കി.ആദ്യ തവണ ഒരു ഉപരോധത്തിന്റെ പേരിലായിരുന്നു. 1926 ൽ പരീക്ഷയ്ക്ക് തൊട്ട് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കി.വാചാ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിസമ്മതിച്ച് ദാലി പറഞ്ഞു" എന്നോട് ചോദ്യം ചോദിക്കാനിരിക്കുന്ന മൂന്ന് പ്രൊഫസർ മാരേക്കാൾ ബുദ്ധിമാൻ ഞാൻ തന്നെയാണ്. അതിനാൽ തന്നെ എന്നോട് ചോദ്യം ചോദിക്കാൻ അവർ അർഹരല്ല". സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട് പാരീസിലെത്തിയ ദാലി ലോകത്തിലെ പ്രതിഭാശാലികളായ ചിത്രകാരന്മാരുടെ കൂട്ടത്തിലേക്ക് മാറുകയായിരുന്നു. 1931 ൽ തന്റെ ഇരുപത്തിയേഴാം വയസിൽ ,ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തേയും ഫ്രോയ്ഡിന്റെ സ്വപ്ന വ്യാഖ്യാനത്തേയും ആരാധിച്ച സൽവദോർ ദാലി, പ്രതീകാത്മകതയുടെ അന്നോളം കാണാത്ത ഭാവതലങ്ങൾ ക്യാൻവാസിലേക്കാവാഹിച്ച പെർസിസ്റ്റൻസ് ഓഫ് മെമ്മറി എന്ന വിഖ്യാത ചിത്രം വരച്ചു. വിവാദങ്ങളുടെ സഹയാത്രികനായിരുന്ന അദ്ദേഹത്തിന്റെ രചനാശൈലി, വിചിത്രമായ ഉൻമാദം തുളുമ്പിയ സ്വഭാവം, ബുദ്ധിജീവിയായി അംഗീകരിക്കപ്പെടുവാനുള്ള ത്വര, വസ്ത്രധാരണം, കുടുംബജീവിതം എല്ലാം വിമര്‍ശകര്‍ക്ക് വിരുന്നൊരുക്കി. ഏറെ വിഖ്യാതമായ , ക്ലോക്കിലെ 10.10 നെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പിരിയൻ മീശ അന്യഗ്രഹ ജീവികളിൽ നിന്നും സിഗ്നൽ പിടിച്ച് പറ്റാൻ കഴിയുന്ന ആന്റിനയാണെന്ന വിശ്വാസം ചിലരെങ്കിലും പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ കൂടെ നിത്യവും കണ്ടിരുന്ന ബബൗ എന്ന കൊളംബിയൻ ഓസിലോട്ട് കാഴ്ചക്കാരിൽ ഒരേ സമയം കൗതുകവും ഭയവും ഉണ്ടാക്കിയിരുന്നു. പെറുവിലെ ആദിവാസി വർഗ്ഗമായ മോഷെ ഗോത്രം ദൈവത്തെ പോലെ ആരാധിക്കുന്ന, പൂച്ചയിൽ നിന്ന് ആരംഭിച്ചുവെങ്കിലും പുള്ളിപ്പുലിയിൽ എത്താതെ പോയ കുള്ളൻ പുലിയാണ് ഓസിലോട്ട്. തന്റെ അടുത്ത സുഹൃത്തായ പോൾ എല്യൂർവിന്റെ ഭാര്യയും തന്നെക്കാൾ ഏറെ പ്രായം കൂടുതലുമുള്ള ഗലയെ വിവാഹം ചെയ്തതും വിമർശനങ്ങൾക്കിടയാക്കി. പണത്തെ ഏറെ സ്നേഹിച്ച ദാലി , ചുപ ചുപ്സ് ലോലിപോപ്പിന്റെ ലോഗോ ഡിസൈൻ ചെയ്തു. ആഭരണ ഡിസൈനർ, വോഗ് പോലുള്ള മാസികയുടെ കവർ ഡിസൈനർ, ലൂയി ബനുവൽ, ഹിച്കോക്ക്, വാൾട്ട് ഡിസ്നി തുടങ്ങിയവരുടെ കൂടെ സിനിമ സംരഭങ്ങൾ, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ നിരവധി മേഖലകളിൽ കൈവച്ച ദാലി 1944ൽ ഹിഡൻ ഫേസസ് എന്ന നോവലും രചിച്ചു. കൂട്ടുകാർ അദ്ദേഹത്തെ Avida Dollars എന്ന് വിളിച്ചിരുന്നു.ഭക്ഷണത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്ന ദാലി കടുത്ത ചീരവിരോധിയായിരുന്നു.അതിന് ദാലി പറഞ്ഞ കാരണം വളരെ രസകരമാണ് സ്വാതന്ത്ര്യംപോലെ സ്വന്തമായ ഒരു രൂപമില്ലാത്ത വസ്തുവാണ് ചീര എന്ന്.1973ല്‍ ദാലിയും ഭാര്യ ഗാലയും ചേര്‍ന്ന് തയാറാക്കിയ പാചകപുസ്തകമാണ് ‘ലെ ഡൈനേഴ്സ് ദ ഗാല.12 അധ്യായങ്ങളിലായി, 136 റസിപ്പിയാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.Thousand year old eggs,Frog pasties,Veal cutlet stuffed with snails,Toffee with pine cones തുടങ്ങിയവ ഇതിൽ ചിലതാണ്. Wines of gala എന്ന കൃതിയും ഇദ്ദേഹം രചിച്ചു. റസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ ചിത്രം വരച്ച് നൽകുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. സ്വപ്നങ്ങൾ കാണുവാൻ എന്നും പ്രചോദിപ്പിച്ച ദാലി പറഞ്ഞു" At the age of six I wanted to be a cook. At seven I wanted to be Napoleon. And my ambition has been growing steadily ever since." എന്നും ആഗ്രഹങ്ങളുമായി നടന്ന അദ്ദേഹത്തിന്റെ വാക്കുകൾ പലർക്കും പ്രചോദനമായി മാറിയിരുന്നു. ഒരിക്കൽ പറഞ്ഞു ആഗ്രഹങ്ങളില്ലാതെ ബുദ്ധി മാത്രം ഉള്ളത് ചിറകില്ലാത്ത പക്ഷിക്ക് തുല്യമാണ്.1982 ജൂണിൽ ഭാര്യ ഗലയുടെ മരണം അദ്ദേഹത്തെ നിരാശാ ബോധത്തിലേക്ക് തള്ളിയിട്ടു. താൻ ജനിച്ച നഗരത്തിൽ ദാലി തന്റേതായ ഒരു മ്യൂസിയം പണിതു. 1989 ജനുവരി 23 ന്, ഒരു മനുഷ്യന് എത്രമാത്രം വിചിത്രമായും സാഹസികമായും സുന്ദരമായും ജീവിക്കാമെന്നു ലോകത്തിനു കാണിച്ചുകൊടുത്ത ആ അപൂര്‍വ കലാപ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തെ അദ്ദേഹം തന്നെ നിർമ്മിച്ച മ്യൂസിയത്തിൽ അടക്കം ചെയ്തു.ഓരോ വർഷവും ഒരു മില്യണോളം ആൾക്കാർ ഇവിടം സന്ദർശിക്കുന്നു.
ഞാൻ ഒരു സറിയലിസ്റ്റാണ്, അതാണ് ഞാനും മറ്റ് സറിയലിസ്റ്റുകളും തമ്മിലുള്ള വ്യത്യാസമെന്ന് ആത്മവിശ്വാസത്തോടെ കുറിച്ച ദാലി പറഞ്ഞു " ഒരു ചിത്രകാരന് ലഭിക്കാവുന്ന രണ്ട് മികച്ച ഭാഗ്യങ്ങളിൽ ഒന്ന് സ്പെയിൻകാരനായി ജനിക്കുക എന്നതാണ് , മറ്റൊന്ന് ദാലി എന്ന ചിത്രകാരൻ ആയിത്തീരുക എന്നതും ഇത് രണ്ടും എനിക്ക് ലഭിച്ചിട്ടുണ്ട്".സറിയലിസ്റ്റ് ആയിരുന്നുവെങ്കിലും ഹിറ്റ്ലറെ സ്നേഹിച്ചിരുന്ന, പുൽച്ചാടികളെ ഭയന്നിരുന്ന, തന്റെ പ്രവർത്തികളിൽ സംതൃപ്തനായിരുന്ന സാൽവദോർ ദാലി ഒരിക്കൽ പറഞ്ഞു "There are some days when I think I'm going to die from an overdose of satisfaction." സമൂഹത്തിന് മുന്നിൽ ഭ്രാന്തവും വൈചിത്ര്യവുമായ ജീവിതം നയിച്ചിരുന്ന, തന്റെ കഴിവിനെ പൂർണ്ണമായ തോതിൽ പ്രയോജനപ്പെടുത്തുവാനും ആത്മവിശ്വാസത്തിന്റെ ഔന്നത്യം ലോകത്തെ കാണിക്കാനും ശ്രമിച്ചിരുന്ന ദാലിയിൽ ആരും ഒരിക്കലും ആരോപിക്കാത്ത കുറ്റം 'സാധാരണത്വം' മാത്രമായിരുന്നു.
ഞാൻ ഒരു സറിയലിസ്റ്റാണ്, അതാണ് ഞാനും മറ്റ് സറിയലിസ്റ്റുകളും തമ്മിലുള്ള വ്യത്യാസമെന്ന് ആത്മവിശ്വാസത്തോടെ കുറിച്ച ദാലി പറഞ്ഞു " ഒരു ചിത്രകാരന് ലഭിക്കാവുന്ന രണ്ട് മികച്ച ഭാഗ്യങ്ങളിൽ ഒന്ന് സ്പെയിൻകാരനായി ജനിക്കുക എന്നതാണ് , മറ്റൊന്ന് ദാലി എന്ന ചിത്രകാരൻ ആയിത്തീരുക എന്നതും ഇത് രണ്ടും എനിക്ക് ലഭിച്ചിട്ടുണ്ട്".സറിയലിസ്റ്റ് ആയിരുന്നുവെങ്കിലും ഹിറ്റ്ലറെ സ്നേഹിച്ചിരുന്ന, പുൽച്ചാടികളെ ഭയന്നിരുന്ന, തന്റെ പ്രവർത്തികളിൽ സംതൃപ്തനായിരുന്ന സാൽവദോർ ദാലി ഒരിക്കൽ പറഞ്ഞു "There are some days when I think I'm going to die from an overdose of satisfaction." സമൂഹത്തിന് മുന്നിൽ ഭ്രാന്തവും വൈചിത്ര്യവുമായ ജീവിതം നയിച്ചിരുന്ന, തന്റെ കഴിവിനെ പൂർണ്ണമായ തോതിൽ പ്രയോജനപ്പെടുത്തുവാനും ആത്മവിശ്വാസത്തിന്റെ ഔന്നത്യം ലോകത്തെ കാണിക്കാനും ശ്രമിച്ചിരുന്ന ദാലിയിൽ ആരും ഒരിക്കലും ആരോപിക്കാത്ത കുറ്റം 'സാധാരണത്വം' മാത്രമായിരുന്നു.
No comments:
Post a Comment