Sunday, June 21, 2020


സോൾഫെറീനോ സൃഷ്ടിച്ച സംഘടനയും പാപ്പരായ സ്ഥാപകനും

        മെയ് 8.. ലോക റെഡ് ക്രോസ് റെഡ്ക്രസന്റ് ദിനം. സംഘടനയ്ക്ക് വിത്ത് പാകിയ മനുഷ്യ സ്നേഹിയുടെ ജന്മദിനം.1828 മെയ് 8നാണ്, ലോകത്തിന്റെ വേദന തന്റെത് കൂടിയാണ് എന്ന ബോധത്തോടെ പ്രവർത്തിച്ച, ആദ്യത്തെ സമാധാന നൊബേൽ സമ്മാന ജേതാക്കളിലൊരാളായ, സമ്പന്നതയിൽ നിന്ന് ദാരിദ്യത്തിലേക്ക് എടുത്തെറിയപ്പെട്ട ജീൻ ഹെൻറി ഡ്യുനന്റ് സ്വിറ്റ്സർലാൻറിലെ ജനീവയിൽ ജനിച്ചത്.സമ്പന്ന കുടുംബത്തിൽ ജനിച്ച ഡ്യുനന്റ് സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കും മുമ്പേ ജനീവയിലെ ഒരു ബാങ്കിൽ അപ്രൻറിസ് ആയി ജോലിയിൽ കയറി. തുടർന്ന് അൾജീരിയയിൽ ഒരു ഗോതമ്പ് മിൽ ആരംഭിക്കാൻ ശ്രമിച്ചു.പ്രശ്നങ്ങൾ ഉണ്ടായി. ഫ്രഞ്ച് അധീന പ്രദേശമായ അൾജീരിയയിലെ പ്രശ്ന പരിഹാരത്തിനായി ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ മൂന്നാമനെ കാണാനായി ഡ്യുനന്റ് ശ്രമിച്ചു.ആ സമയത്ത് നെപ്പോളിയൻ മൂന്നിന്റെ ഫ്രഞ്ച് സൈന്യവും വിക്ടർ ഇമ്മാനുവൽ രണ്ടാമന്റെ സാർഡീനിയൻ സേനയും ചേർന്ന് ഫ്രാൻസ് ജോസഫ് ഒന്നിന്റെ ആസ്ട്രിയൻ സേനയ്ക്കെതിരായ സോൾഫെറിനോ യുദ്ധം നടക്കുകയായിരുന്നു. ഡ്യുനന്റ് ആ യുദ്ധത്തിന്റെ ദൃക്സാക്ഷിയായി. ഒറ്റ ദിനം കൊണ്ട് നാൽപ്പതിനായിരം പേർ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത യുദ്ധം. രണ്ടു ഭാഗത്തും വൈദ്യസംഘം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട ഡ്യുനന്റ് ചില സന്നദ്ധസേവകരെ സംഘടിപ്പിച്ചുകൊണ്ട് പരിക്കേറ്റവർക്ക് വെള്ളം, ഭക്ഷണം, പരിക്ക് സുഖപ്പെടുത്തൽ, പരിക്കേറ്റവരുടെ വീട്ടിലേക്കുള്ള കത്തയക്കൽ തുടങ്ങിയ സേവനങ്ങളിൽ മുഴുകി . ജനീവയിൽ തിരിച്ചെത്തിയ ഡ്യുനന്റ് 1862 ൽ യുദ്ധമുഖത്ത് തനിക്കുണ്ടായ അനുഭവങ്ങൾ A memory of solferino എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി. ഈ പുസ്തകത്തിൽ അദ്ദേഹം ചില ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുകയും യുദ്ധകാലത്തും സമാധാന കാലത്തും സേവന സന്നദ്ധരായ ആൾക്കാരുടെ ഒരു സന്നദ്ധ സംഘടന രൂപീകരിക്കുക എന്നആശയം മുന്നോട്ട് വെക്കുകയും ചെയ്തു . പ്രസ്തുത പുസ്തകത്തിൽ ക്രിമിയൻ യുദ്ധമുഖത്ത് ഫ്ലോറന്സ് നൈറ്റിംഗേൽ ചെയ്ത കാര്യങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ആ വിളക്കേന്തിയ വനിത പോലും ഡ്യുനന്റ് മുന്നോട്ടുവെച്ച ലോക സംഘടന എന്ന ആശയം , നടപ്പിലാകുന്ന കാര്യമല്ല എന്നാണ് അഭിപ്രായപ്പെട്ടത്. പിന്മാറാൻ ഡ്യുനന്റ് തയ്യാറായിരുന്നില്ല. തൻറെ സ്വകാര്യ ആശയങ്ങളെ  ഒരു ലോക സംഘടന എന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1863  ഫെബ്രുവരി 17    ന് ഹെൻറി ഡ്യുനന്റ് ജനീവയിൽ വച്ച് ഗുസ്താവ് മൊയിനിയർ, ഹെൻറി ഡ്യുഫോർ, ലൂയി അപ്പിയ,തിയഡോർ മൗനോയർ എന്നിവരോടൊപ്പം ചേർന്ന് റെഡ്ക്രോസിന്റെ ആദ്യ യോഗം നടത്തി.ഡ്യുനാന്റ് തുടക്കംകുറിച്ച രാജ്യാന്തര റെഡ്ക്രോസ് സൊസൈറ്റി ഇന്ന് 190 രാഷ്ട്രങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമായി പ്രവർത്തിക്കുന്നു. റെഡ് ക്രോസ് സൊസൈറ്റിക്കുള്ള അംഗീകാരമായി മൂന്നു തവണ (1917, 1944, 1963) സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. പക്ഷെ സ്വകാര്യ ജീവിതത്തിൽ പരാജയങ്ങൾ അദ്ദേഹത്തെ തേടി വരികയായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായതിനെത്തുടർന്ന് 1867 ൽ കോടതി അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചു.ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് ഏകദേശം ഒരു മില്യൺ സ്വിസ് ഫ്രാങ്കിന്റെ കടം ഉണ്ടായിരുന്നു.ഇതിനെ തുടർന്ന് റെഡ് ക്രോസ് സെക്രട്ടറി സ്ഥാനം രാജി വച്ചു കൊണ്ട് ഒരു കത്ത് അദ്ദേഹം നൽകി.1867 സെപ്തംബർ 8 ന് അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും സെകട്ടറി സ്ഥാനത്ത് നിന്നും അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. പിന്നീട് ജനീവ വിട്ട് പാരീസിലേക്ക്  എത്തിയ ഡ്യുനൻറിനെ കാത്തിരുന്നത് ഏകാന്തതയും ദാരിദ്യവുമായിരുന്നു. പാരീസിൽ പൊതു ഇടങ്ങളിലെ ബഞ്ചുകളിൽ അദ്ദേഹത്തിന് രാവുകൾ തള്ളി നീക്കേണ്ടി വന്നു. പൊതു മണ്ഡലങ്ങളിൽ നിന്നും അപ്രത്യക്ഷനായ അദ്ദേഹം സ്വിറ്റ്സർലാൻറിലെ ഹെയ്ഡൻ ഗ്രാമത്തിലെ ഒരു സത്രത്തിലെ റൂം നമ്പർ 12 ൽ ആരോരുമറിയാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിതം തള്ളിനീക്കവേ 1895 ൽ ഒരു പത്രപ്രവർത്തകനായ ജോർജ്ജ് ബോംബർഗറിന്റെ കണ്ണിൽപ്പെട്ടതോടെ വീണ്ടും ലോക ശ്രദ്ധയിലേക്കെത്തി. ചില ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ എത്തി. ഇതിന്റെയൊക്കെ വെളിച്ചത്തിൽ നൊബേൽ കമ്മറ്റിയുടെ മുന്നിൽ ഇക്കാര്യം എത്തുകയും 1901 ൽ ആദ്യ സമാധാന നൊബേൽ സമ്മാനം ആതുര ശുശ്രൂഷ മേഖലയിൽ പുതിയ മുഖം  നൽകിയ ഹെൻറി ഡ്യുനൻറിന് ഫ്രെഡറിക് പാസിയോടൊപ്പം നൽകുകയും ചെയ്തു. 1910 ൽ ഒക്ടോബർ 30 ന് തന്റെ ആശയത്തെ വളർത്തി വലുതാക്കി എല്ലാ രാജ്യങ്ങളിലേക്കും സമാധാനത്തിന്റെ സന്നദ്ധ സേവകരെ എത്തിച്ച മഹാനായ ആ മനുഷ്യ സ്നേഹി ഹെയ്ഡനിലെ അഭയകേന്ദ്രത്തിലെ ഒറ്റമുറിയിലെ പതിനെട്ട് വർഷത്തെ ഏകാന്ത വാസത്തിന് ശേഷം യുദ്ധമില്ലാത്ത , സമാധാനം മാത്രം നിറഞ്ഞ ലോകത്തിലേക്ക് യാത്രയായി. ലോകത്തെ ഒരു കുടക്കീഴിലാക്കിയ ആ മഹാരഥന് വേണ്ടി പ്രത്യേക മരണാനന്തര ചടങ്ങുകൾ നടന്നില്ല, വിലാപയാത്രകൾ ഉണ്ടായില്ല,അനുശോചന യോഗങ്ങൾ നടന്നില്ല.Rene Sonderegger പ്രസിദ്ധീകരിച്ച  ഡ്യുനൻറിന്റെ കത്തുകളിലൊന്നിൽ അദ്ദേഹം പറഞ്ഞു" ഒരു പട്ടിയുടെ ശവസംസ്കാരമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ". മരണശേഷവും അദ്ദേഹം ലോകത്തെ തോൽപ്പിച്ചു. സമ്മാനങ്ങളിൽ നിന്നും ലഭിച്ച തുക അദ്ദേഹം ചെലവാക്കിയില്ല. ഒസ്യത്ത് പ്രകാരം ഒരു ഭാഗം അവസാനകാലം തന്നെ ശുശ്രൂഷിച്ച അഭയകേന്ദ്രത്തിനും ഇനിയും അവിടെ വരാൻ സാധ്യതയുള്ള ദരിദ്രരായവർക്ക് കടക്കാനുള്ള സൗകര്യമൊരുക്കാനും നോർവെയിലേയും സ്വിറ്റ്സർലന്റിലേയും ചില ജനോപകാര സംഘടനകൾക്കും നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. ചിലർ അങ്ങിനെയാണ് മരിച്ചാലും അവർ നമ്മെ നന്മ ചെയ്ത് തോൽപ്പിച്ച് കൊണ്ടേയിരിക്കും. ഓരോ വർഷവും വരുന്ന റെഡ് ക്രോസ് ദിനത്തിൽ മാത്രം ഓർക്കേണ്ട പേരല്ല ഹെൻറി ഡ്യുനൻറി ൻറേത്. മനുഷ്യത്വത്തിന്റെ, സമാധാനത്തിന്റെ വിളക്കായ് ആ പേര് എന്നും ജ്വലിച്ച് നിൽക്കും.
        
        jitheshmaniyat@gmail.com

No comments: