Sunday, June 21, 2020


ജന്മദിനമറിയാത്ത നംഗ്യാൽ വാങ്ദി

         മെയ് 9.. ടിബറ്റിൽ ചോമോലുങ്മ എന്നും നേപ്പാളിൽ സാഗർ മാത എന്നും വിളിക്കപ്പെടുന്ന ലോകത്തിലെ ഉയരം കൂടിയ കൊടുമുടി കീഴടക്കിയതിലൂടെ മാനവ സമൂഹത്തിന്റെ ഹൃദയം കീഴടക്കിയ ഹിമക്കടുവ ഷേർപ്പ ടെൻസിംഗ് നോർഗെ 1986 ലെ ഇതേ ദിനം ഡാർജിലിങ്ങിൽ വച്ച് മരണത്തിന് കീഴടങ്ങി. നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു സാധാരണ ഷെർപ്പ കുടുംബത്തിൽ 1914 മെയ് മാസത്തിലാണ് നാംഗ്യാൽ വാങ്ദി എന്ന പേരിൽ നോർഗെ ജനിച്ചത്. ഒരു ലാമാ നേതാവിൻറെ നിർദ്ദേശപ്രകാരമാണ് 'സമ്പന്നനും ഭാഗ്യവാനും ആയ മതവിശ്വാസി' എന്ന അർത്ഥം വരുന്ന ടെൻസിംഗ് നോർഗേ എന്ന പേര് മാതാപിതാക്കൾ കുട്ടിക്ക് മാറ്റി നൽകിയത്.രണ്ടുതവണ വീട് വിട്ടുപോയ അദ്ദേഹത്തെ വീട്ടുകാർ ചേർന്ന് ഒരു ബുദ്ധമത സന്ന്യാസിയാക്കുവാൻ വേണ്ടി തെങ്ബോച്ചെ ബുദ്ധവിഹാരം കൊണ്ടു ചെന്നാക്കി.സന്യാസജീവിതം തൻറെ വഴിയല്ല എന്ന് മനസ്സിലാക്കിയ നോർഗെ പത്തൊമ്പതാം വയസ്സിൽ ഡാർജിലിങ്ങിൽ എത്തിപ്പെട്ടു. ഷേർപ്പ ആയതിനാൽ തന്നെ , പർവ്വതാരോഹണം മനസ്സിൽ കൊണ്ടുനടന്ന ടെൻസിംഗ് നോർഗെ പർവ്വതാരോഹകരുടെ കൂടെ ഭാരം ചുമക്കുന്ന പോർട്ടർ ആയി മാറാൻ ശ്രമിച്ചു.1935 മെയ് 21ന് എറിക് ഷിപ്ടൻറെ കൂടെയായിരുന്നു ആദ്യ എവറസ്റ്റ് ദൗത്യം. ആദ്യ ദൗത്യം പരാജയമായി മാറി. തൊട്ടടുത്ത വർഷം ഇംഗ്ലീഷ് പർവ്വതാരോഹകനായ  ജോൺ മോറിസിൻറെ കൂടെ എവറസ്റ്റ് കീഴടക്കാനുള്ള ദൗത്യത്തിൽ പങ്കാളിയായി അതും പരാജയമായിരുന്നു. 1947 ൽ കനേഡിയൻ പർവ്വതാരോഹകനായ ഏൾ ഡോൺ മാനോടൊപ്പം നടത്തിയ ദൗത്യവും പരാജയത്തിൽ കലാശിച്ചു. എന്നാൽ അതേ വർഷം തന്നെ ഒരു സ്വിസ് സംഘത്തോടൊപ്പം കേദാർനാഥ് കൊടുമുടി കീഴടക്കാൻ ടെൻസിങ് നോർഗെ സാധിച്ചു. 1952 എവറസ്റ്റ് ദൗത്യത്തിൽ ടെൻസിങ് നോർഗെയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. ആ വർഷം സ്വിസ് പർവ്വതാരോഹകനായ റെയ്മണ്ട് ലാംബർട്ടിനൊപ്പം നേപ്പാൾ ഭാഗത്തുകൂടി ഒരു പുതിയ പാത കണ്ടെത്താനും അതിലൂടെ കയറി എവറസ്റ്റിന്റെ 8595 മീറ്റർ ഉയരത്തിൽ എത്താനും ആദ്യശ്രമത്തിൽ സാധിച്ചു.രണ്ടാം ശ്രമത്തിൽ മോശം കാലാവസ്ഥ കാരണം          8100 മീറ്റർ താണ്ടാനേ സാധിച്ചുള്ളൂ. ഈ പരിചയസമ്പത്തിന്റെ വെളിച്ചത്തിൽ 1953 ൽകേണൽ ജോൺ ഹണ്ടിൻറെ നേതൃത്വത്തിൽ നാനൂറോളം പേർ ഉൾപ്പെട്ട ഒരു വലിയ പര്യവേഷണ സംഘത്തിന്റെ ഭാഗമാകാൻ നോർഗെയ്ക്ക് സാധിച്ചു.പര്യവേക്ഷണ യാത്രാവേളയിൽ ഒരു വേള തെന്നി വീഴാൻ പോയ എഡ്മണ്ട് ഹിലറിയെ വീഴ്ചയിൽ നിന്നും കൈപിടിച്ച് രക്ഷിക്കാൻ ടെൻസിങ്ങിന് സാധിച്ചു.രണ്ട് ഹൃദയങ്ങൾ തമ്മിൽ അടുത്തു.സംഘത്തിലെ ടോം ബർഡില്ലനും ചാൾസ് ഇവാൻസും ചേർന്ന്  ദൗത്യം ആരംഭിച്ചു .ഇവാൻസിന്റെ ഓക്സിജൻ കിറ്റിലെ പ്രശ്നങ്ങൾ മൂലം 8748 മീറ്റർ ഉയരത്തിൽ വെച്ച്, അതും കൊടുമുടിക്ക് ഏതാനും മീറ്റർ അകലെ വെച്ച് ദൗത്യമുപേക്ഷിച്ച് അവർ തിരികെയിറങ്ങി. തുടർന്ന് ടെൻസിങ്ങും ഹിലറിയും ദൗത്യം ആരംഭിച്ചു.1953 മെയ് 29 രാവിലെ 11.30 ന് മനുഷ്യന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടങ്ങി. പതിനഞ്ച് മിനിട്ട് അവർ എവറസ്റ്റിന് മുകളിൽ ചിലവഴിച്ചു.ഹിലറി തന്റെ ക്യാമറയിൽ നോർഗെ കൊടുമുടിക്ക് മുകളിൽ മഞ്ഞ് കോടാലി പിടിച്ച് നിൽക്കുന്ന പ്രശസ്തമായ ചിത്രം പകർത്തി. നോർഗെയ്ക്ക് ക്യാമറ കൈകാര്യം ചെയ്യാനറിയാത്തതിനാലോ മറ്റോ ഹിലറിയുടെ ചിത്രം ലഭിച്ചില്ല. നോർഗെ തന്റെ വിശ്വാസ പ്രകാരം ചോമോലുങ്മയ്ക്ക് ഭക്ഷണം സമർപ്പിച്ചു.സന്തോഷസൂചകമായി അവർ അവിടെ വെച്ച് ഒരു മിന്റ് കേക്ക് ഭക്ഷിച്ചു. സ്വപ്നപൂർത്തീകരണത്തിന് ശേഷം അവർ മെല്ലെ തിരിച്ചിറങ്ങി. സംഘത്തിലെ ജോർജ്ജ് ലോവിനെയാണ് അവർ ആദ്യം കണ്ടത്. ഹിലറി ലോവിനോട് പറഞ്ഞു "Well George, we knocked the bastard off". തിരിച്ചെത്തിയ ഇരുവരോടും ആദ്യം ചോദിച്ച ചോദ്യം ആരാണ് ആദ്യം കീഴടക്കിയത് എന്നായിരുന്നു. രണ്ട് പേരും ഒരുമിച്ച് എന്ന് മറുപടി. ചോദിച്ചവർക്ക് തൃപ്തി വന്നില്ല. അവരെ തൃപതിപ്പെടുത്താൻ ടീം ലീഡറായ കേണൽ ഹണ്ട് പറഞ്ഞു"They reached it together,as a team". നോർഗെ തന്റെ മാൻ ഓഫ് എവറസ്റ്റ് (ടൈഗർ ഓഫ് ദ് സ്നോ) എന്ന ആത്മകഥയിൽ ഹിലറിയാണ് ആദ്യം കയറിയതെന്ന് പറയുന്നുവെങ്കിലും രണ്ട് പേരും പരസ്പരബഹുമാനം കാത്ത് സൂക്ഷിച്ച് നല്ല സുഹൃത്തുക്കളായി അവസാനം വരെയും തുടർന്നു.തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യം നടന്ന മെയ് 29 നെ തന്റെ ജന്മദിനമായി ആഘോഷിക്കാൻ നോർഗെ തീരുമാനിച്ചു.അങ്ങിനെ എവറസ്റ്റ് ആരോഹണ ദിനം നോർഗെയുടെ ജന്മദിനവുമായി. ഹിലറിക്കും ജോൺ ഹണ്ടിനും പ്രഭു പദവി ലഭിച്ചു. എന്നാൽ ചില രാഷട്രീയ ഇടപെടലുകൾ കാരണം നോർഗെയ്ക്ക് ഹോണററി പദവി മാത്രം ലഭിച്ചു. പല പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.22 വർഷം ഹിമാലയൻ മൗണ്ട നീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫീൽഡ് ഡയറക്ടറായിരുന്ന നോർഗെയുടെ പേരിൽ നേപ്പാളിൽ ഒരു കൊടുമുടിയും വിമാനത്താവളവുമുണ്ട്. ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ സ്വാധീനിച്ച  നൂറ് വ്യക്തികളിലൊരാളായി തെരഞ്ഞെടുത്ത ടെൻസിങ് നോർഗെയുടെ പേര് 2015ൽ നാസ പ്ലൂട്ടോയിലെ ഒരു മഞ്ഞ് മലയ്ക്ക് നൽകി ആദരിച്ചു.പരാജയങ്ങളേറെ ഏറ്റുവാങ്ങിയ നോർഗെ തന്റെ ആത്മ കഥയിൽ കുറിച്ചു.."പർവ്വതാരോഹകരുടെ ചുമട്ട് തൊഴിലാളിയായിരുന്ന ഞാൻ കോട്ടും മെഡലുകളുമണിഞ്ഞ് വിമാനത്തിൽ സഞ്ചരിക്കുന്നത് യാദൃച്ഛികതയാവാം". എങ്കിലും അതിന് പിന്നിൽ തോൽക്കാൻ മനസില്ലാത്ത ഒരു മനുഷ്യന്റെ നിശ്ചയ ദാർഡ്യമുണ്ട്. 1953 ലെ വലിയ പര്യവേക്ഷണ സംഘത്തിലെ യാത്രയിൽ ചില കശപിശകൾ ഉണ്ടാവുക സ്വാഭാവികമായിരുന്നു. ഈ സമയത്ത് അദ്ദേഹം പറഞ്ഞു ..തീരെച്ചെറിയ കാര്യങ്ങളെച്ചൊല്ലി നമുക്ക് വഴക്കടിക്കാതിരിക്കാം.നമുക്കൊരു പർവതം കീഴടക്കാനുണ്ട് .ചിന്ത അതിലേക്ക് കേന്ദ്രീകരിക്കാൻ നമുക്ക് സാധിക്കണം. നമുക്ക് മുന്നിലുള്ള ലക്ഷ്യത്തെ കുറിച്ച് മാത്രം നമുക്ക് ചിന്തിക്കാം.കൊടുമുടി കയറാനൊരുങ്ങുന്നവർ ചെറു കുന്നുകളെക്കുറിച്ചാലോചിക്കരുത്. വലിയ കാര്യങ്ങൾ ചെയ്യണമെന്നാഗ്രഹിക്കുന്നവർക്ക് അതിനനുസരിച്ചുള്ള വലിയ മനസ്സും വേണം". ആറ് തവണ പരാജയപ്പെട്ടിട്ടും ഒരിക്കലെങ്കിലും വിജയം തന്റെ കൂടെയുണ്ടാവും എന്ന നിശ്ചയദാർഡ്യവുമായി മുന്നോട്ട് പോയ ടെൻസിങ്ങ് നോർഗെ യുടെ ജീവിതം ഏത് പ്രതിസന്ധിയും മറികടക്കാനും ലക്ഷ്യത്തിലേക്ക് കൃത്യമായി മുന്നേറാനും നിശ്ചയദാർഡ്യവും അത് സ്വന്തമാക്കാനുള്ള മനസുമുള്ള ആർക്കും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കൊടുമുടിയല്ല തണ്ടേണ്ടത് അതിനേക്കാളേറെ മറികടക്കേണ്ടത് അസ്ഥിരമായ നമ്മുടെ മനസിനേയാണ്..
       
        jitheshmaniyat@gmail.com

No comments: