Sunday, June 21, 2020


സാറ നെൽമ്സ് എന്ന കറവക്കാരിയും ജെയിംസ് ഫിപ്സെന്ന എട്ടു വയസുകാരനും
         ഇന്ന് മെയ് 17. ലോകം കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ വേളയിൽ ,ലോകത്തിൽ  ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ രക്ഷിക്കാൻ കാരണക്കാരിൽ ഒരാളായ, ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടെത്തിയ ,രോഗപ്രതിരോധ ശാസ്ത്രത്തിൻറെ പിതാവ് എന്ന വിശേഷണത്തിനർഹനായ , വാക്സിനേഷൻ എന്ന രീതി ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്ന മഹാനായ വൈദ്യശാസ്ത്രകാരൻ എഡ്വേർഡ് ജന്നർ ഇംഗ്ലണ്ടിലെ ബര്‍ക്ക്ലിയില്‍ ഗ്ലൗസസ്റ്റര്‍ എന്ന പ്രദേശത്ത് 1749 ൽ ഇതേ ദിവസമാണ് ബർക്ക്ലിയിലെ വികാരിയായിരുന്ന റെവറന്റ് സ്റ്റീഫൻ ജന്നറുടെ ഒമ്പത് മക്കളിൽ എട്ടാമനായി ജനിച്ചത്. തന്റെ അഞ്ചാം വയസിൽ തന്നെ മാതാപിതാക്കള നഷ്ടപ്പെട്ട ജന്നറെ വളർത്തിയത് സഹോദരങ്ങളായിരുന്നു. 1763 ൽ ഡാനിയൽ ലുഡ്ലോ എന്ന സർജന്റെ കീഴിൽ ഏഴ് വർഷം അപ്രന്റീസായി. തുടർന്ന് അന്നത്തെ പ്രശസ്ത ഭിഷഗ്വരനായ ഡോ ജോൺ ഹണ്ടറുടെ കീഴിൽ സർജറിയും ശരീരശാസ്ത്രവും പഠിക്കാൻ ആരംഭിച്ചു.വൈദ്യശാസ്ത്രത്തിനു പുറമേ പക്ഷിനിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുള്ള പഠനം എന്നിവയിലെല്ലാം ജെന്നര്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഹണ്ടറുടെ കൂടെ നിൽക്കുമ്പോൾ തന്നെ പാർട്ട് ടൈം ആയി ക്യാപ്റ്റൻ കുക്കിന്റെ യാത്രാസംഘത്തിലെ അംഗമായിരുന്ന സർ, ജോസഫ് ബാങ്ക്സിന്റെ കൂടെ സുവോളജിക്കൽ സ്പെസിമൻ ശേഖരിക്കുന്ന ജോലിയും ചെയ്തു.കുയിൽ മറ്റ് പക്ഷികളുടെ കൂട് മുട്ടയിടാൻ ഉപയോഗിക്കുന്നതിനെ കുറിച്ച് പഠനം നടത്തി പ്രസിദ്ധീകരിച്ച ജന്നർ 1788 ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. ഹണ്ടറുടെ കീഴിലെ പരിശീലന ശേഷം ജന്മദേശമായ ബർക്ക്ലിയിൽ എത്തിയ ജന്നർ അവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്തു. രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. വരുന്നവരിൽ ഏറെയും ഗോവസൂരി (cow pox) ബാധിച്ചവരായിരുന്നു.അന്ധവിശ്വാസം ഏറെ പ്രബലമായിരുന്ന അക്കാലത്ത് ഗോവസൂരി ദൈവകോപത്താൽ വരുന്നതാണെന്നും പ്രാർത്ഥനയിലൂടെ ദൈവം തന്നെ അത് മാറ്റുമെന്നും വിശ്വസിച്ചിരുന്നു.ജന്നറുടെ ശ്രദ്ധ ഈ രോഗത്തിലേക്ക്  തിരിഞ്ഞു. 1775 ൽ മനുഷ്യരാശിയക്ക് ഏറ്റവും ഗുണകരമായ ഒരു കണ്ടുപിടുത്തത്തിന് അസ്ഥിവാരമിടുകയായിരുന്നു ജന്നർ.ഗോവസൂരിയും വസൂരിയും(small pox) തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.കോടിക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ചിരുന്ന രോഗമായിരുന്നു വസൂരി. രോഗം പിടിപ്പെട്ടവരെ ഒറ്റപ്പെടുത്തി മാറ്റി പാർപ്പിച്ചിരുന്നു. ശരീരം മുഴുവൻ പുള്ളികൾ നിറഞ്ഞ്, ചിലപ്പോൾ കാഴ്ച ശക്തി നഷ്ടപ്പെട്ട് വൈരൂപ്യത്തിലേക്ക് എടുത്തെറിയപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വന്ന ചിലരുമുണ്ടായിരുന്നു.വാരിയോള മേജർ, വാരിയോള മൈനർ എന്നിങ്ങനെ രണ്ട് തരം വൈറസുകളാണ് ഈ രോഗത്തിന്റെ പിന്നിൽ.പുള്ളികൾ നിറഞ്ഞ എന്നർത്ഥം വരുന്ന വാരിയസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.
         നന്നേ ചെറുപ്പത്തിൽ ഗ്രാമത്തിലെ ഒരു പാൽക്കാരിയുടെ വാക്കുകൾ ജന്നർ കേട്ടിരുന്നു. സുന്ദരിയായ അവർക്ക് ഗോവസൂരി വന്ന് ഭേദമായെന്നും ഇനി തന്റെ സൗന്ദര്യം നഷ്ടപ്പെടുത്താൻ വസൂരി വരികയില്ല എന്നും അവർ പറഞ്ഞിരുന്നു.കറവക്കാരിലും പശുവുമായി ബന്ധപ്പെടുന്നവർക്കുമാണ് ഗോവസൂരി രോഗം കണ്ടുവന്നിരുന്നത്. ഗോവസൂരി രോഗം വന്ന കറവക്കാർക്ക് ഈ രോഗം പിന്നീട് വരില്ല എന്ന വിശ്വാസവും അവർക്കിടയിൽ ഉണ്ടായിരുന്നു.ഗ്രാമീണരുടെ ഇടയിൽ നിലനിന്നിരുന്ന ഈ വിശ്വാസത്തെ കൂട്ടുപിടിച്ചാണ് ജന്നർ തൻറെ പരീക്ഷണങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. ഗോവസൂരി ബാധിച്ചവർക്ക് വസൂരിയെ ചെറുക്കാനുള്ള കഴിവ് വർധിക്കുന്നു എന്ന് തൻറെ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം മനസ്സിലാക്കി. താൻ കണ്ടെത്തിയ കാര്യങ്ങൾ പരീക്ഷണങ്ങളിലൂടെ തെളിയിക്കുക എന്നതായിരുന്നു ജന്നർ നേരിട്ട മറ്റൊരു വെല്ലുവിളി. ആരെയും ആദ്യം ലഭിച്ചില്ല.ഒടുവിൽ ആ ദിനം വന്നെത്തി.1796 മെയ് 14ന് തന്റെ വീട്ടിലെ തോട്ടക്കാരന്റെ മകനായ എട്ടു വയസുകാരൻ ജയിംസ് ഫിപ്പ്സിൽ പരീക്ഷണം ആരംഭിച്ചു. ഗോവസൂരി ബാധിച്ച സാറാ നെൽമ്സ് (Sarah Nelmes) എന്ന കറവക്കാരിയിൽ നിന്നെടുത്ത ചലം എട്ടു വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫിപ്പ്സിന്റെ കൈയ്യിൽ രണ്ട് ചെറിയ കീറലുകൾ ഉണ്ടാക്കി അതിൽ കുത്തി വെച്ചു.കുട്ടിക്ക് ഗോവസൂരി രോഗം വന്നു.അത് സുഖപ്പെട്ടു. പിന്നീടാണ് ഏറ്റവും ദുർഘടമായ പരീക്ഷണം നടന്നത്. ഫലിക്കും എന്ന ദൃഢനിശ്ചയത്തോടെ ജൂലായ് ഒന്നിന് കുട്ടിയിലേക്ക് വസൂരി ബാധിച്ചയാളുടെ കുരുവിൽ നിന്ന് ലഭിച്ച ചലമാണ് കുത്തി വെച്ചത്.ജന്നർ ലോകത്തിന് മുന്നിൽ പ്രതീക്ഷയുടെ വാതിൽ തുറന്നിടുകയായിരുന്നു.കുട്ടിക്ക് രോഗം വന്നില്ല. പരീക്ഷണം വിജയിച്ചു.എങ്കിലും അംഗീകരിക്കാൻ പലരും വിമുഖത കാട്ടി. വിശദാംശങ്ങൾ വിവരിച്ചുകൊണ്ട് ഉണ്ട് ജനറൽ മറ്റൊരു കത്ത് അത് റോയൽ സൊസൈറ്റി അയച്ചു ഒരു പരീക്ഷണം കൊണ്ട് മാത്രം മാത്രം അംഗീകരിക്കാൻ സാധിക്കില്ല എന്നതായിരുന്നു സൊസൈറ്റിയുടെ നിലപാട്. തുടർന്ന് കൂടുതൽ പരീക്ഷണങ്ങളിലേക്ക് ജന്നർ തിരിഞ്ഞു .23 പേരിൽ കൂടി അദ്ദേഹം ഈ പരീക്ഷണം ആവർത്തിച്ചു, അതിൽ ഒരു വയസ്സ് തികയാത്ത തൻറെ മകനും ഉണ്ടായിരുന്നു .1798 ൽ ഇത് സംബന്ധിച്ച് വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കി ജന്നർ റോയൽ സൊസൈറ്റിക്ക് അയക്കുകയും അവർ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.ലാറ്റിൻ ഭാഷയിൽ ഗോവസൂരി യെ വാക്സീനിയ എന്നും പശുവിനെ വാക്ക എന്നുമാണ് വിളിച്ചിരുന്നത് .ഇതിൽ നിന്നാണ് വാക്സിൻ എന്ന പദം രൂപം കൊണ്ടത്. മനുഷ്യനു മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി തീർന്ന വൈറസിനെ പിടിച്ചുകെട്ടാൻ ഉള്ള ആദ്യത്തെ വിജയകരമായ ശ്രമമായി അത് മാറി .പല രാജ്യങ്ങളും ഇത് ആദ്യഘട്ടത്തിൽ അംഗീകരിച്ചില്ലെങ്കിലും പതുക്കെ പതുക്കെ സ്ഥിതി മാറാൻ ആരംഭിച്ചു .ജന്നർ പിന്നീട് ഫിപ്പ്സിനും കുടുംബത്തിനും താമസിക്കാൻ തന്റെ വീട് തന്നെ നൽകി. ഈ വീട് 1968-1982 കാലഘട്ടത്തിൽ  ജന്നർ മ്യൂസിയമായി വർത്തിച്ചിരുന്നു.1853 ൽ ഇംഗ്ലണ്ട് വാക്സിനേഷൻ നിർബന്ധമാക്കി. നെപ്പോളിയനും ഫ്രാൻസിൽ ഈ പാത പിന്തുടർന്നു. ലോകം മുഴുവൻ ഒറ്റക്കെട്ടായി വസൂരിയെ ചെറുത്ത് തോൽപ്പിക്കാൻ ലോകാരോഗ്യ സംഘടനയ്ക്ക് പിറകിൽ അണി നിരന്നു.സൈബാൻ ബീബി എന്ന അവസാന രോഗിയും വസൂരി മുക്തയായതോടെ 1977 ഏപ്രിൽ 23ന് ഇന്ത്യ വസൂരി മുക്തമായി.1977 ഒക്ടോബറിൽ രോഗം സ്ഥിരീകരിച്ച സൊമാലിയക്കാരനായ അലി മാവോ മാലിൻ ആയിരുന്നു അവസാന രോഗി. ഇതിനിടയിൽ 1978ൽ ഒരു കേസ് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കിയിരുന്നു. 1980 മെയ് 8 ന്ലോകാരോഗ്യ സംഘടന ഔദ്യോഗികമായി ലോകത്ത് നിന്ന് വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു. എഡ്വേർഡ് ജന്നർ എന്ന ഭിഷഗ്വരൻ പ്രതിസന്ധികളെ അതിജീവിച്ച് , പരീക്ഷിച്ച് വിജയിച്ച വാക്സിനിലൂടെ മനുഷ്യരാശിക്ക് മേൽ മരണം വിതച്ച വസൂരി എന്ന മഹാമാരിയെ മനുഷ്യൻ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കി. ഭൂമിയിൽ നിന്ന് സമ്പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യപ്പെട്ട ആദ്യ പകർച്ച വ്യാധിയായി വസൂരി മാറി.റഷ്യയിലേയും അമേരിക്കയിലേയും രണ്ട് ലാബുകളിൽ അതിസുരക്ഷയോടെ ഈ വൈറസിന്റെ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ട് എന്ന കാര്യം കൂടി ഓർത്ത് വെക്കേണ്ടതുണ്ട്.ഇതിനെതിരെ പ്രതിഷേധവും ഉണ്ടായിരുന്നു.1798 ൽ തന്റെ ഗവേഷണ ഫലങ്ങൾ An inquiry into the causes and effects of the variolae vaccinae എന്ന പേരിൽ ജന്നർ പ്രസിദ്ധീകരിച്ചു. വൈദ്യശാസ്ത്രത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളും തുടർന്ന ജന്നർ 1823 ൽ പക്ഷികളെ കുറിച്ച് തയ്യാറാക്കിയ Observations on the migration of birds എന്ന കൃതി റോയൽ സൊസൈറ്റിക്ക് സമർപ്പിച്ചു.1823 ജനുവരി 26 ന് അപോപ്ലക്സി എന്ന രോഗം ബാധിച്ച് , മരണത്തിന്റേയും വൈരൂപ്യത്തിന്റേയും ഒറ്റപ്പെടലിന്റേയും ലോകത്തേക്ക് മനുഷ്യരെ തള്ളി വിട്ട ഒരു വൈറസിനെ ഉൻമൂലനം ചെയ്യാൻ മാനവരാശിയെ പ്രാപ്തനാക്കിയ മഹാനായ ആ ഭിഷഗ്വരൻ ലോകത്തോട് വിട പറഞ്ഞു.
         jitheshmaniyat@gmail.com


മാർഗരറ്റ് ഹെറിക്കോ ബെറ്റി ഡേവിസോ അതോ സിഡ്നി സ്കോൾസ്കിയോ.....
         ഇന്ന് മെയ് 16.. ഏതൊരു ചലച്ചിത്ര പ്രവർത്തകന്റെയും സ്വപ്നമായ ,ലോക സിനിമാ ലോകത്തെ ഏറ്റവും തിളക്കമാർന്ന പുരസ്കാരമായ, ലോകം ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് എന്ന് വിഖ്യാതമായ അക്കാദമി അവാർഡിന്റെ അവാർഡ് ദാന ചടങ്ങ് ആദ്യമായി നടന്നത് 1929ൽ ഇതേ ദിനത്തിലാണ്.1927 ൽ മെട്രോ ഗോഡ്വിൻ മേയർ എന്ന എം ജി എം സ്റ്റുഡിയോയുടെ തലവനായിരുന്ന ലൂയിസ് ബി മേയർ തന്റെ വീട്ടിൽ വച്ച് നടത്തിയ ഡിന്നർ പാർട്ടിക്കിടെയാണ് സിനിമാ വ്യവസായത്തിന്റെ പുരോഗതിക്കായി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചത്. 1927 ജനുവരി 11ന് ക്ഷണിക്കപ്പെട്ട മുപ്പത്തിയാറ് പേർ ലോസ് ഏഞ്ചൽസിലെ അംബാസഡർ ഹോട്ടലിൽ ഒത്ത് ചേർന്നു. സിനിമയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരായിരുന്നു അവർ.ഇന്റർ നാഷണൽ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസ് എന്ന സംഘടന സ്ഥാപിക്കുന്നതിന്റെ പ്രൊപ്പോസൽ ചർച്ച ചെയ്യുന്നതിനും അനുബന്ധ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു ലക്ഷ്യങ്ങൾ. സിനിമാരംഗത്തെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംയുക്ത സംരഭമായി അക്കാദമി നിലവിൽ വന്നു. അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ഡഗ്ലസ് ഫെയർ ബാങ്ക്സ് ആയിരുന്നു ആദ്യ പ്രസിഡണ്ട്. 1927 മാർച്ച് 19ന് അക്കാദമിയുടെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളേയും കുറിച്ച് ധാരണയുണ്ടാക്കുകയും അതിന് അന്തിമ രൂപം നൽകുകയും ചെയ്തു.1927 മെയ് നാലിന് ഹോളിവുഡിലെ ബിൽറ്റ്മോർ ഹോട്ടലിൽ വച്ച് നടന്ന മീറ്റിങ്ങിനിടെയാണ് വിജയികൾക്ക് എന്ത് പുരസ്കാരം നൽകണമെന്ന ചോദ്യം ഉയരുന്നത്.എം ജി.എമ്മിന്റെ ആർട്ട് ഡയറക്ടറായിരുന്ന സെഡറിക് ഗിബ്ബൺസിനെ  ട്രോഫിയുടെ ഡിസൈനിങ് ഏൽപ്പിച്ചു.അഞ്ച് ദ്വാരമുള്ള ഒരു ഫിലിം റീലിൽ ഇരു വശവും മൂർച്ചയുള്ള വാൾ പിടിച്ച് നിൽക്കുന്ന ഒരു യോദ്ധാവിന്റെ  രൂപമാണ്  വരച്ചത്.പ്രശസ്ത മെക്സിക്കൻ നടനായ എമിലിയോ ഫെർണാണ്ടസിനെ മോഡലാക്കിയാണ് ഈ രൂപകൽപ്പന ഗിബ്ബൺസ് നടത്തിയതെന്ന് പറയപ്പെടുന്നു. ഫിലിം റിലീലിലെ അഞ്ച് ദ്വാരങ്ങൾ ചലച്ചിത്ര മേഖലയിലെ അഞ്ച് സുപ്രധാന ശാഖകളായ നിർമ്മാണം, എഴുത്ത്, സംവിധാനം, അഭിനയം, സാങ്കേതിക വിഭാഗം എന്നിവയെ കുറിക്കുന്നവയായിരുന്നു. ലോസ് ആഞ്ചലസിലെ ശിൽപ്പിയായ ജോർജ്ജ് സ്റ്റാൻലി 1928ൽ ഗിബ്ബൺസിന്റെ രൂപകല്പന അടിസ്ഥാനമാക്കി ഉണ്ടാക്കി.ആദ്യ ശിൽപ്പങ്ങൾ നിർമ്മിച്ചത് വെങ്കലത്തിൽ കാലിഫോർണിയയിലെ ബ്യോൺഡ് ഫ്രൗണ്ടിയിലെ ഗ്വിൽഡോ നെല്ലി ആയിരുന്നു. 13.5 ഇഞ്ച് ഉയരവും 8.5 പൗണ്ട് തൂക്കവുമുള്ള 24 കാരറ്റ് സ്വർണ്ണം പൂശിയ ശിൽപ്പം.നിലവിൽ ന്യൂയോർക്കിലെ പോളിച്ച് ടാലിക്സ് ഫൈൻ ആർട് ഫ്രൗണ്ടിയാണ് ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്. അക്കാദമി അവാർഡ് എന്നാണ് പുരസ്കാരം അറിയപ്പെട്ടത്. ലോകപ്രശസ്തമായ ഓസ്കാർ എന്ന വാക്ക് 1939 വരെ അക്കാദമി ഔദ്യോഗികമായി ഉപയോഗിച്ചിരുന്നില്ല. പലരും ഈ വാക്കിന്റെ പിറവിക്ക് തങ്ങളാണ് കാരണം എന്ന് പറയുന്നു. അക്കാദമിയുടെ ലൈബ്രേറിയനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന മാർഗരറ്റ് ഹെറിക് ഈ ശിൽപ്പം കണ്ടിട്ട് ഇത് എന്റെ അമ്മാവനായ ഓസ്കാറെ പോലെയിരിക്കുന്നുവല്ലോ എന്ന് പറഞ്ഞത്രേ.ഇതാണ് ഓസ്കാറിന്റെ പേരിന്റെ പിന്നിലെ ഒരു വാദം. ഔദ്യോഗിക വെബ്സൈറ്റിൽ ഈ വാദം കാണാൻ കഴിയും.മറ്റൊരു വാദം പ്രശസ്ത നടിയും അക്കാദമിയുടെ ആദ്യ വനിതാ പ്രസിഡണ്ടുമായിരുന്ന ബെറ്റി ഡേവിസിന്റേതാണ്. 1936ൽ ഡേഞ്ചറസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം കിട്ടിയ ശേഷം ഇത് തന്റെ ഭർത്താവായ ഓസ്കാറിനെ ( ഹാർമൺ ഓസ്കാർ നെൽസൺ) പോലെയുണ്ടെന്ന് പറഞ്ഞുവത്രേ. മറ്റൊരു അവകാശ വാദം സിഡ്നി സ്കോൾസ്കി എന്ന പത്രപ്രവർത്തകൻറേതാണ്. അക്കാദമി വെബ്സൈറ്റിലും ഇത് കാണാം. 1934 മാർച്ച് 16ന് ഹോളിവുഡ് കോളമിസ്റ്റ് സ്കോൾസ്കി കാതറിൻ ഹെപ്ബേണിന് ലഭിച്ച പുരസ്കാരത്തെ വിശേഷിപ്പിക്കാനാണ് ഓസ്കാർ എന്ന വാക്ക് ഉപയോഗിച്ചത്. ആരുടെ വായിൽ നിന്ന് പിറവിയെടുത്തതായാലും ഓസ്കാർ എന്ന വാക്ക് ഹിറ്റായി. അക്കാദമി ഔദ്യോഗികമായി ആ പേര് ഏറ്റെടുത്തു.
           1928ൽ പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട ശുപാർശ സമർപ്പിക്കാനായി ഒരു കമ്മറ്റിയെ നിയമിച്ചു. 12 വിഭാഗങ്ങളിൽ പുരസ്കാരം നൽകാൻ കമ്മറ്റി ശുപാർശ ചെയ്‌തു.1928ൽ അക്കാദമി ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 150 ഛായാഗ്രാഹകർ പങ്കെടുത്ത സെമിനാറിന്റെ അടിസ്ഥാനത്തിൽ പുറത്ത് വന്ന Report on Incandescent Illumination.1931 ലാണ് രണ്ടാം പുസ്തകം പുറത്ത് വന്നത്..Recording sound for motion picture.1929 മെയ് 16 ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് റൂസ് വെൽറ്റ് ഹോട്ടലിലെ ബ്ലോ സം റൂമിൽ കൂടിയിരുന്ന 270 പേർ മഹത്തായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കുകയായിരുന്നു.ചടങ്ങ് നിയന്ത്രിച്ചത് അക്കാദമി പ്രസിഡന്റായ ഡഗ്ലസ് ഫെയർബാങ്ക്സ്. 1927 ആഗസ്ത് ഒന്നിനും 1928 ജൂലായ് ദിനം ഇടയിൽ ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചവയ്ക്കുള്ള അക്കാദമി അവാർഡ് ദാനചടങ്ങ്. വർഷങ്ങൾക്കിപ്പുറവും ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് നിശയുടെ തുടക്കം.ശബ്ദ ചിത്രമായതിനാൽ ജാസ് സിംഗർ പരിഗണിക്കപ്പെട്ടില്ല. നിശ്ശബ്ദ യുദ്ധ ചിത്രമായ വിങ്ങ്സ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.എമിൽ ജന്നിംഗ്സ് മികച്ച നടനും ജാനറ്റ് ഗെയിനർ മികച്ച നടിയുമായി.ഫ്രാങ്ക് ബോർസേജും ലെവിസ് മൈൽ സ്റ്റോണും മികച്ച സംവിധായകരായി. ശബ്ദ ചിത്രമായ ജാസ് സിംഗറിനും ചാർലി ചാപ്ലിന്റ സർക്കസിനും സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു.അവാർഡ് വിവരം ഒന്ന് മാസം മുന്നേ പ്രഖ്യാപിച്ചിരുന്നു. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജെന്നിംഗ്സിന് യൂറോപ്പിലേക്കു തിരിച്ചുപോകേണ്ടതുകൊണ്ട് അവാർഡ് നേരത്തേതന്നെ നല്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ആദ്യമായി അവാർഡ് സ്വീകരിച്ചതും എമിലാണ്. ചടങ്ങ് പതിനഞ്ച് മിനുട്ട് മാത്രം നീണ്ടു നിന്നു.അവാർഡ് വിതരണത്തിനു ശേഷമുള്ള പാർട്ടിനടത്തിയത് മേഫെയർ ഹോട്ടലിലായിരുന്നു. അംഗങ്ങൾ അല്ലാത്തവർക്ക് അഞ്ചുഡോളർ ആയിരുന്നു ടിക്കറ്റ് ചാർജ്.  അത് ഒരു തുടക്കമായിരുന്നു. അനർഗളമായി ഒഴുകി ലോകമെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ മനസിലേക്ക് ഓടിക്കയറിയ ഒരു പുരസ്കാര രാവിന്റെ തുടക്കം. 1930ൽ ലോസ് ആഞ്ചൽസ്റേഡിയോ വഴി ലൈവ് ആയി സംപ്രേഷണം ചെയ്തു.1953 ൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു. 1966 ൽ കളർ പ്രക്ഷേപണം തുടങ്ങി.1969ൽ അന്താരാഷ്ട്ര തലത്തിലേക്ക് സംപ്രേഷണം മാറിയ ഓസ്കാർ പുരസ്കാര രാവ് ഇന്ന് ഇരുനൂറിലധികം രാജ്യങ്ങളിലെ ആൾക്കാർ വീക്ഷിക്കുന്നു. ഓസ്കാർ പറയുന്നത് ലോക സിനിമാ ചരിത്രം തന്നെയാണ്. വിവാദങ്ങളും വിമർശനങ്ങളും കൂടെ തന്നെയുണ്ട്. ഈയിടെ ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു പ്രസ്താവന ഓസ്കാറിന്റെ രാഷ്ട്രീയത്തേയും സൂചിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.."ഇത്തവണത്തെ അക്കാദമി പുരസ്കാരങ്ങളെത്ര മോശമായിരുന്നു. ദക്ഷിണകൊറിയയുമായി ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ടെന്നും ഇതിനിടയിലെന്തിനാണ് അവരുടെ ചിത്രത്തിന് പുരസ്കാരം നൽകിയത്". ഓസ്കാർ വാർത്തകളിലെന്നും ഇടം കണ്ടെത്തിയിട്ടുണ്ട്. വായിച്ചാലും എഴുതിയാലും തീരാത്തത്ര വിപുലമാണ് ഓസ്കാർ ചരിത്രം. ഗോൾഡൺ ഗ്ലോബും ബാഫ്റ്റയും SAG അവാർഡും ഒക്കെയുണ്ടെങ്കിലും മോഹിപ്പിക്കുന്ന ആ ചുവന്ന പരവതാനിയിലൂടെ നടന്ന് കയറി സ്വർണ്ണ നിറമുള്ള ആ ചെറിയ ശിൽപ്പം കൈപ്പിടിയിലൊതുക്കണമെന്നുള്ളത് ചലച്ചിത്ര രംഗത്തെ ഏവരുടെയും സ്വകാര്യ സ്വപ്നമാണ്.
           jitheshmaniyat@gmail.com


മാർഗരറ്റ് ഹെറിക്കോ ബെറ്റി ഡേവിസോ അതോ സിഡ്നി സ്കോൾസ്കിയോ.....
         ഇന്ന് മെയ് 16.. ഏതൊരു ചലച്ചിത്ര പ്രവർത്തകന്റെയും സ്വപ്നമായ ,ലോക സിനിമാ ലോകത്തെ ഏറ്റവും തിളക്കമാർന്ന പുരസ്കാരമായ, ലോകം ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് എന്ന് വിഖ്യാതമായ അക്കാദമി അവാർഡിന്റെ അവാർഡ് ദാന ചടങ്ങ് ആദ്യമായി നടന്നത് 1929ൽ ഇതേ ദിനത്തിലാണ്.1927 ൽ മെട്രോ ഗോഡ്വിൻ മേയർ എന്ന എം ജി എം സ്റ്റുഡിയോയുടെ തലവനായിരുന്ന ലൂയിസ് ബി മേയർ തന്റെ വീട്ടിൽ വച്ച് നടത്തിയ ഡിന്നർ പാർട്ടിക്കിടെയാണ് സിനിമാ വ്യവസായത്തിന്റെ പുരോഗതിക്കായി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചത്. 1927 ജനുവരി 11ന് ക്ഷണിക്കപ്പെട്ട മുപ്പത്തിയാറ് പേർ ലോസ് ഏഞ്ചൽസിലെ അംബാസഡർ ഹോട്ടലിൽ ഒത്ത് ചേർന്നു. സിനിമയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരായിരുന്നു അവർ.ഇന്റർ നാഷണൽ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസ് എന്ന സംഘടന സ്ഥാപിക്കുന്നതിന്റെ പ്രൊപ്പോസൽ ചർച്ച ചെയ്യുന്നതിനും അനുബന്ധ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു ലക്ഷ്യങ്ങൾ. സിനിമാരംഗത്തെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംയുക്ത സംരഭമായി അക്കാദമി നിലവിൽ വന്നു. അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ഡഗ്ലസ് ഫെയർ ബാങ്ക്സ് ആയിരുന്നു ആദ്യ പ്രസിഡണ്ട്. 1927 മാർച്ച് 19ന് അക്കാദമിയുടെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളേയും കുറിച്ച് ധാരണയുണ്ടാക്കുകയും അതിന് അന്തിമ രൂപം നൽകുകയും ചെയ്തു.1927 മെയ് നാലിന് ഹോളിവുഡിലെ ബിൽറ്റ്മോർ ഹോട്ടലിൽ വച്ച് നടന്ന മീറ്റിങ്ങിനിടെയാണ് വിജയികൾക്ക് എന്ത് പുരസ്കാരം നൽകണമെന്ന ചോദ്യം ഉയരുന്നത്.എം ജി.എമ്മിന്റെ ആർട്ട് ഡയറക്ടറായിരുന്ന സെഡറിക് ഗിബ്ബൺസിനെ  ട്രോഫിയുടെ ഡിസൈനിങ് ഏൽപ്പിച്ചു.അഞ്ച് ദ്വാരമുള്ള ഒരു ഫിലിം റീലിൽ ഇരു വശവും മൂർച്ചയുള്ള വാൾ പിടിച്ച് നിൽക്കുന്ന ഒരു യോദ്ധാവിന്റെ  രൂപമാണ്  വരച്ചത്.പ്രശസ്ത മെക്സിക്കൻ നടനായ എമിലിയോ ഫെർണാണ്ടസിനെ മോഡലാക്കിയാണ് ഈ രൂപകൽപ്പന ഗിബ്ബൺസ് നടത്തിയതെന്ന് പറയപ്പെടുന്നു. ഫിലിം റിലീലിലെ അഞ്ച് ദ്വാരങ്ങൾ ചലച്ചിത്ര മേഖലയിലെ അഞ്ച് സുപ്രധാന ശാഖകളായ നിർമ്മാണം, എഴുത്ത്, സംവിധാനം, അഭിനയം, സാങ്കേതിക വിഭാഗം എന്നിവയെ കുറിക്കുന്നവയായിരുന്നു. ലോസ് ആഞ്ചലസിലെ ശിൽപ്പിയായ ജോർജ്ജ് സ്റ്റാൻലി 1928ൽ ഗിബ്ബൺസിന്റെ രൂപകല്പന അടിസ്ഥാനമാക്കി ഉണ്ടാക്കി.ആദ്യ ശിൽപ്പങ്ങൾ നിർമ്മിച്ചത് വെങ്കലത്തിൽ കാലിഫോർണിയയിലെ ബ്യോൺഡ് ഫ്രൗണ്ടിയിലെ ഗ്വിൽഡോ നെല്ലി ആയിരുന്നു. 13.5 ഇഞ്ച് ഉയരവും 8.5 പൗണ്ട് തൂക്കവുമുള്ള 24 കാരറ്റ് സ്വർണ്ണം പൂശിയ ശിൽപ്പം.നിലവിൽ ന്യൂയോർക്കിലെ പോളിച്ച് ടാലിക്സ് ഫൈൻ ആർട് ഫ്രൗണ്ടിയാണ് ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്. അക്കാദമി അവാർഡ് എന്നാണ് പുരസ്കാരം അറിയപ്പെട്ടത്. ലോകപ്രശസ്തമായ ഓസ്കാർ എന്ന വാക്ക് 1939 വരെ അക്കാദമി ഔദ്യോഗികമായി ഉപയോഗിച്ചിരുന്നില്ല. പലരും ഈ വാക്കിന്റെ പിറവിക്ക് തങ്ങളാണ് കാരണം എന്ന് പറയുന്നു. അക്കാദമിയുടെ ലൈബ്രേറിയനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന മാർഗരറ്റ് ഹെറിക് ഈ ശിൽപ്പം കണ്ടിട്ട് ഇത് എന്റെ അമ്മാവനായ ഓസ്കാറെ പോലെയിരിക്കുന്നുവല്ലോ എന്ന് പറഞ്ഞത്രേ.ഇതാണ് ഓസ്കാറിന്റെ പേരിന്റെ പിന്നിലെ ഒരു വാദം. ഔദ്യോഗിക വെബ്സൈറ്റിൽ ഈ വാദം കാണാൻ കഴിയും.മറ്റൊരു വാദം പ്രശസ്ത നടിയും അക്കാദമിയുടെ ആദ്യ വനിതാ പ്രസിഡണ്ടുമായിരുന്ന ബെറ്റി ഡേവിസിന്റേതാണ്. 1936ൽ ഡേഞ്ചറസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം കിട്ടിയ ശേഷം ഇത് തന്റെ ഭർത്താവായ ഓസ്കാറിനെ ( ഹാർമൺ ഓസ്കാർ നെൽസൺ) പോലെയുണ്ടെന്ന് പറഞ്ഞുവത്രേ. മറ്റൊരു അവകാശ വാദം സിഡ്നി സ്കോൾസ്കി എന്ന പത്രപ്രവർത്തകൻറേതാണ്. അക്കാദമി വെബ്സൈറ്റിലും ഇത് കാണാം. 1934 മാർച്ച് 16ന് ഹോളിവുഡ് കോളമിസ്റ്റ് സ്കോൾസ്കി കാതറിൻ ഹെപ്ബേണിന് ലഭിച്ച പുരസ്കാരത്തെ വിശേഷിപ്പിക്കാനാണ് ഓസ്കാർ എന്ന വാക്ക് ഉപയോഗിച്ചത്. ആരുടെ വായിൽ നിന്ന് പിറവിയെടുത്തതായാലും ഓസ്കാർ എന്ന വാക്ക് ഹിറ്റായി. അക്കാദമി ഔദ്യോഗികമായി ആ പേര് ഏറ്റെടുത്തു.
           1928ൽ പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട ശുപാർശ സമർപ്പിക്കാനായി ഒരു കമ്മറ്റിയെ നിയമിച്ചു. 12 വിഭാഗങ്ങളിൽ പുരസ്കാരം നൽകാൻ കമ്മറ്റി ശുപാർശ ചെയ്‌തു.1928ൽ അക്കാദമി ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 150 ഛായാഗ്രാഹകർ പങ്കെടുത്ത സെമിനാറിന്റെ അടിസ്ഥാനത്തിൽ പുറത്ത് വന്ന Report on Incandescent Illumination.1931 ലാണ് രണ്ടാം പുസ്തകം പുറത്ത് വന്നത്..Recording sound for motion picture.1929 മെയ് 16 ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് റൂസ് വെൽറ്റ് ഹോട്ടലിലെ ബ്ലോ സം റൂമിൽ കൂടിയിരുന്ന 270 പേർ മഹത്തായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കുകയായിരുന്നു.ചടങ്ങ് നിയന്ത്രിച്ചത് അക്കാദമി പ്രസിഡന്റായ ഡഗ്ലസ് ഫെയർബാങ്ക്സ്. 1927 ആഗസ്ത് ഒന്നിനും 1928 ജൂലായ് ദിനം ഇടയിൽ ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചവയ്ക്കുള്ള അക്കാദമി അവാർഡ് ദാനചടങ്ങ്. വർഷങ്ങൾക്കിപ്പുറവും ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന ഓസ്കാർ അവാർഡ് നിശയുടെ തുടക്കം.ശബ്ദ ചിത്രമായതിനാൽ ജാസ് സിംഗർ പരിഗണിക്കപ്പെട്ടില്ല. നിശ്ശബ്ദ യുദ്ധ ചിത്രമായ വിങ്ങ്സ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.എമിൽ ജന്നിംഗ്സ് മികച്ച നടനും ജാനറ്റ് ഗെയിനർ മികച്ച നടിയുമായി.ഫ്രാങ്ക് ബോർസേജും ലെവിസ് മൈൽ സ്റ്റോണും മികച്ച സംവിധായകരായി. ശബ്ദ ചിത്രമായ ജാസ് സിംഗറിനും ചാർലി ചാപ്ലിന്റ സർക്കസിനും സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു.അവാർഡ് വിവരം ഒന്ന് മാസം മുന്നേ പ്രഖ്യാപിച്ചിരുന്നു. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജെന്നിംഗ്സിന് യൂറോപ്പിലേക്കു തിരിച്ചുപോകേണ്ടതുകൊണ്ട് അവാർഡ് നേരത്തേതന്നെ നല്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ആദ്യമായി അവാർഡ് സ്വീകരിച്ചതും എമിലാണ്. ചടങ്ങ് പതിനഞ്ച് മിനുട്ട് മാത്രം നീണ്ടു നിന്നു.അവാർഡ് വിതരണത്തിനു ശേഷമുള്ള പാർട്ടിനടത്തിയത് മേഫെയർ ഹോട്ടലിലായിരുന്നു. അംഗങ്ങൾ അല്ലാത്തവർക്ക് അഞ്ചുഡോളർ ആയിരുന്നു ടിക്കറ്റ് ചാർജ്.  അത് ഒരു തുടക്കമായിരുന്നു. അനർഗളമായി ഒഴുകി ലോകമെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ മനസിലേക്ക് ഓടിക്കയറിയ ഒരു പുരസ്കാര രാവിന്റെ തുടക്കം. 1930ൽ ലോസ് ആഞ്ചൽസ്റേഡിയോ വഴി ലൈവ് ആയി സംപ്രേഷണം ചെയ്തു.1953 ൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു. 1966 ൽ കളർ പ്രക്ഷേപണം തുടങ്ങി.1969ൽ അന്താരാഷ്ട്ര തലത്തിലേക്ക് സംപ്രേഷണം മാറിയ ഓസ്കാർ പുരസ്കാര രാവ് ഇന്ന് ഇരുനൂറിലധികം രാജ്യങ്ങളിലെ ആൾക്കാർ വീക്ഷിക്കുന്നു. ഓസ്കാർ പറയുന്നത് ലോക സിനിമാ ചരിത്രം തന്നെയാണ്. വിവാദങ്ങളും വിമർശനങ്ങളും കൂടെ തന്നെയുണ്ട്. ഈയിടെ ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു പ്രസ്താവന ഓസ്കാറിന്റെ രാഷ്ട്രീയത്തേയും സൂചിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.."ഇത്തവണത്തെ അക്കാദമി പുരസ്കാരങ്ങളെത്ര മോശമായിരുന്നു. ദക്ഷിണകൊറിയയുമായി ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ടെന്നും ഇതിനിടയിലെന്തിനാണ് അവരുടെ ചിത്രത്തിന് പുരസ്കാരം നൽകിയത്". ഓസ്കാർ വാർത്തകളിലെന്നും ഇടം കണ്ടെത്തിയിട്ടുണ്ട്. വായിച്ചാലും എഴുതിയാലും തീരാത്തത്ര വിപുലമാണ് ഓസ്കാർ ചരിത്രം. ഗോൾഡൺ ഗ്ലോബും ബാഫ്റ്റയും SAG അവാർഡും ഒക്കെയുണ്ടെങ്കിലും മോഹിപ്പിക്കുന്ന ആ ചുവന്ന പരവതാനിയിലൂടെ നടന്ന് കയറി സ്വർണ്ണ നിറമുള്ള ആ ചെറിയ ശിൽപ്പം കൈപ്പിടിയിലൊതുക്കണമെന്നുള്ളത് ചലച്ചിത്ര രംഗത്തെ ഏവരുടെയും സ്വകാര്യ സ്വപ്നമാണ്.
           jitheshmaniyat@gmail.com


രണ്ട് ലോകകപ്പ് ഫൈനലുകളിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളെ  പ്രതിനിധീകരിച്ച "ഇരട്ട വീതിക്കാരൻ"
       ഇന്ന് മെയ് 15. ലോകം നെഞ്ചേറ്റിയ കാൽപന്ത് കളിക്കായി ജീവിതം മാറ്റി വെച്ച, ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ രണ്ട് ലോകകപ്പ് ഫൈനലുകളിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരനായ, ലോക കപ്പ് ഫുട്ബാളിൽ ലാറ്റിനമേരിക്കൻ വശ്യത കൊണ്ട് ആരാധകരെ സൃഷ്ടിച്ച അർജന്റീനയ്ക്കായി ലോകകപ്പിൽ ആദ്യ ഗോൾ നേടിയ ലൂയി ഫിലിപ്പെ മോണ്ടി എന്ന ലൂയി മോണ്ടി അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ 1901 ൽ ഇതേ ദിനത്തിലാണ് ജനിച്ചത്. 1.70 മീറ്റർ നീളമേ ഉണ്ടായിരുന്നുവുള്ളൂവെങ്കിലും ശരീരപ്രകൃതി കൊണ്ട് കൂട്ടുകാർക്കിടയിൽ 'Double Ancho'(Double Wide, ഇരട്ട വീതിയുള്ളവൻ) എന്ന ഇരട്ടപ്പേര് മോണ്ടി സ്വന്തമാക്കി.1921ൽ ഹുറക്കാൻ ക്ലബ്ബിലൂടെ ലൂയി മോണ്ടി പ്രഫഷണൽ ഫുട്ബാൾ രംഗത്തേക്ക് എത്തിയത്.അതിന് ശേഷം ബൊക്കാ ജൂനിയേഴ്സിൽ എത്തിയ അദ്ദേഹം മൂന്ന് മാസം മാത്രമേ അവിടെ തുടർന്നുള്ളൂ.1922ൽ സാൻ ലോറൻസിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.1922-1930 സീസണിൽ സാൻ ലോറൻസിനായി 202 മത്സരങ്ങളിൽ 36 ഗോളുകൾ നേടി.ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായി അദ്ദേഹം പേരെടുത്തു. ക്ലബ്ബ് ഫുട്ബാളിലെ മികച്ച പ്രകടനം1924ൽ അദ്ദേഹത്തെ അർജന്റൈൻ ദേശീയ ഫുട്ബാൾ ടീമിൽ അംഗമായി.1927 ൽ ലിമയിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ആതിഥേയരായ പെറുവിനെ 5 - 1 ന് പരാജയപ്പെടുത്തി കപ്പുയർത്തിയ അർജന്റീന ടീമിലെ കുന്തമുനയായിരുന്നു മോണ്ടി.1928ൽ ഒളിംപിക്സ് ഫുട്ബാൾ ഫൈനലിൽ ഉറുഗ്വേയെക്കതിരെ ആദ്യ മത്സരം സമനിലയിലായതിനെ തുടർന്ന് മൂന്ന് ദിനം കഴിഞ്ഞ് നടന്ന റീപ്ലേയിൽ അർജന്റീന 2 - 1 ന് പരാജയം ഏറ്റുവാങ്ങി.ഒളിംപിക് വെള്ളി മെഡൽ മോണ്ടി വീട്ടിലേക്കെത്തിച്ചു. 1930 ൽ ഉറുഗ്വേയിൽ നടന്ന ആദ്യ ലോകകപ്പിലെ അർജന്റീന ടീമിൽ ഇടം നേടിയ ലൂയി മോണ്ടി 1930 ജൂലായ് 15ന് ഫ്രാൻസിനെതിരെ നടന്ന ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിൽ ആദ്യ ഗോൾ നേടി ചരിത്രത്തിലേക്ക് നടന്ന് കയറി. ലോകകപ്പിലെ അർജന്റീനയുടെ ആ ഗോളിലൂടെ ഫ്രാൻസിനെ 1-0 ന് പരാജയപ്പെടുത്തി അർജന്റീന ലോകകപ്പിലെ അവരുടെ ആദ്യ മത്സരത്തിൽ തന്നെ ആദ്യ ജയം സ്വന്തമാക്കി. സെമി ഫൈനലിൽ അമേരിക്കയെ 6-1ന് പരാജയപ്പെടുത്തിയപ്പോഴും ആദ്യ ഗോൾ മോണ്ടിയുടേതായിരുന്നു. 1930 ജൂലായ് 30 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഫൈനൽ.മോണ്ടിവിഡിയോയിലെ തിങ്ങി നിറഞ്ഞ സെൻറിനാരിയോ സ്റ്റേഡിയത്തിൽ ആതിഥേയരായ ഉറുഗ്വേ അർജന്റീനയെ നേരിടുന്നു.ആദ്യ പകുതി അർജന്റീന 2 - 1 ന് മുന്നിലായിരുന്നു. ഫിഫയുടെ ഔദ്യോഗിക സൈറ്റിലെ അഭിമുഖത്തിൽ മോണ്ടിയുടെ ചെറുമകൾ പറയുന്നു.. മോണ്ടിക്ക് വധഭീഷണി ഉണ്ടായിരുന്നു. അർജന്റീന ജയിച്ചാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന്. അത് അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാക്കാം. മോണ്ടി തന്നെ പറഞ്ഞിട്ടുണ്ട് കാണികളുടെ എതിർപ്പും സ്പോർട്ടിംഗ് സ്പിരിറ്റ് ഇല്ലാത്ത പെരുമാറ്റവും കളിയിലെ ശ്രദ്ധ തെറ്റിച്ചുവെന്ന്.മികച്ച മിഡ്ഫീൽഡറായ മോണ്ടിയുടെ മനസ് വേവലാതി പൂണ്ടിരുന്നു. മത്സരം അവസാനിച്ചപ്പോൾ 4-2ന് ഉറുഗ്വേ ജയിച്ചു.കുടുംബം സുരക്ഷിതമായതിനാൽ മോണ്ടി സമാധാനിച്ചുണ്ടാകാം.
              മികച്ച ഓഫർ ലഭിച്ചതിനാലും തന്റെ ഇറ്റാലിയൻ വേരുകളാലും 1931 ൽ മോണ്ടി ഇറ്റലിയിലെത്തി. യുവാൻറസിൽ ചേർന്നു.ഇറ്റാലിയൻ പൗരത്വം എടുത്തു. മോണ്ടിയെ ഇറ്റലിയിലെത്തിക്കുന്നതിൽ ബനിറ്റോ മുസ്സോളനിയുടെ രാഷ്ട്രീയ നീക്കമുണ്ടായതായും പറയപ്പെടുന്നു.ഭാരക്കൂടുതലും ശരീരപ്രകൃതിയിൽ വന്ന മാറ്റവും കാരണം യുവന്റസിലെത്തി ആദ്യ ഒരു മാസം ഏകാന്ത പരിശീലനം നടത്തേണ്ടി വന്നു മോണ്ടിക്ക്.1939 വരെ യുവാൻറസിൽ തന്നെ തുടർന്ന അദ്ദേഹം ക്ലബ്ബിനായി 215 മത്സരങ്ങൾ കളിച്ചു.19 ഗോളുകൾ.. നാല് തവണ ടീമിനെ ഇറ്റാലിയൻ ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു.ഇറ്റാലിയൻ ഫുട്ബാളിന്റെ മുസ്ലോളിനി  എന്ന് വിളിപ്പേർ കേട്ട നാഷണൽ കോച്ച് വിറ്റോറിയോ പോസോ അർജന്റീനയ്ക്കായി മുമ്പ് നാഷണൽ ജേഴ്സിയണിഞ്ഞ ചില കളിക്കാർക്ക് ഇറ്റാലിയൻ ദേശീയ ടീമിൽ അംഗത്വം നൽകി. അന്നത്തെ ഫിഫ നിയമപ്രകാരം ഒരു കളിക്കാരന് രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കാൻ അവസരമുണ്ടായിരുന്നു. പൗരത്വമുണ്ടായിരിക്കണം എന്ന് മാത്രം. 1932ൽ ഇറ്റലിക്ക് വേണ്ടി ഹംഗറിക്കെതിരായി ബൂട്ടണിഞ്ഞു. വിജയത്തുടക്കം. തുടർന്ന് തുടർച്ചയായി പതിനാല് മത്സരങ്ങൾ ഇറ്റലിക്കായി കളിച്ചു. ലോകകപ്പിൽ ഇറ്റലിയുടെ പ്രതിരോധ ദുർഗ്ഗമായി മാറിയ മോണ്ടി അവരെ വിജയത്തിലേക്കെത്തിക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു. ഫൈനലിന് തൊട്ടു തലേന്ന് ലഭിച്ച ഒരു ടെലഗ്രാമിനെ കുറിച്ച് മോണ്ടി പറയുന്നു. അതിൽ ഇങ്ങിനെ കുറിച്ചിരുന്നു“Victory or death gentlemen, if the Czechs are correct, we are correct, that first of all. But if they want to win bullying us, the Italian must hit, and the opponent must fall…Good luck tomorrow. Win. If not so, crash.” അത് ബെനിറ്റോ മുസ്സോളിനിയിൽ നിന്നുള്ളതായിരുന്നു. ആദ്യ ലോകകപ്പിൽ തോൽക്കണമെന്ന് പറഞ്ഞ് വധഭീഷണി.രണ്ടാം ലോകകപ്പിൽ ജയിക്കണമെന്ന പേരിൽ വധഭീഷണി.1934 ജൂൺ 10 ഫൈനൽ മത്സരത്തിൽ സ്വന്തം കാണികളുടെ മുന്നിൽ വെച്ച് ഇറ്റലി ചെക്കോസ്ലോവാക്യയെ 2-1 ന് പരാജയപ്പെടുത്തി യൂൾ റിമേ കപ്പ് സ്വന്തമാക്കിയപ്പോൾ മോണ്ടിയും ചരിത്രത്തിലേക്ക് കളിച്ച് കയറി. രണ്ട് ലോകകപ്പുകളിൽ (1930,1934) രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്കായി (അർജന്റീന, ഇറ്റലി) ലോകകപ്പ് ഫൈനൽ കളിച്ച ആദ്യ വ്യക്തി.നിലവിൽ ഒരേയൊരു വ്യക്തി. ഇനി തകർക്കപ്പെടാൻ സാധ്യതയില്ലാത്ത റെക്കോർഡ്. ലോകകപ്പ് വിജയത്തിന് ശേഷം 1930 നവമ്പർ 14 ന് ഇറ്റലി ഇംഗ്ലണ്ടിനെതിരെ ആർസനലിൽ ഗ്രൗണ്ടിൽ വെച്ച് കളിച്ച മത്സരത്തെ മറ്റൊരു ലോകകപ്പ് ഫൈനലായാണ് ലോകം കണ്ടത്. കളിയിൽ വിജയിച്ചാൽ ഓരോ കളിക്കാർക്കും ഒരു ആൽഫ റോമിയോ കാറും അന്നത്തെ 150 പൗണ്ടും മുസ്സോളിനി സമ്മാനമായി പ്രഖ്യാപിച്ചു. ബാറ്റിൽ ഓഫ് ഹൈബറി എന്നറിയപ്പെട്ട ഈ കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ശക്തമായ ഒരു ടാക്കിളിലൂടെ മോണ്ടിയുടെ കാൽ ഒടിഞ്ഞു. ഒടിഞ്ഞ കാലുമായി കുറച്ച് മിനുട്ടുകൾ കൂടി കളിക്കളത്തിൽ നിന്നെങ്കിലും പിന്നീട് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോയി. ആദ്യ പന്ത്രണ്ട് മിനിട്ടിൽ ഇംഗ്ലണ്ട് 3 ഗോളുകൾ നേടി.ഒടുവിൽ 3-2ന് ഇറ്റലി പരാജയം സമ്മതിച്ചു.ഇതിന് ശേഷം രണ്ട് കളികളിൽ മാത്രമേ മോണ്ടി ഇറ്റാലിയൻ ദേശീയ കുപ്പായം മോണ്ടി അണിഞ്ഞുള്ളൂ.
               1939 ൽ ഫുട്ബാളിൽ നിന്നും വിരമിച്ച അദ്ദേഹം പിന്നീട് കുറച്ച് കാലം യുവാൻറസിന്റെ മാനേജരായി തുടർന്നു.പിന്നീട് അർജന്റീനയിലേക്ക് പോയി, വെള്ളി വെളിച്ചത്തിൽ നിന്നും പിൻമാറിയ ആ കളിക്കാരൻ 1983 സെപ്തംബർ 9 ന് അവിടെ വെച്ച് ലോകത്തോട് വിടവാങ്ങി.കാൽപന്ത് കളിയുടെ വശ്യതയിൽ മതിമറന്ന് അതിനെ നെഞ്ചേറ്റുന്ന ഓരോരുത്തരും മറക്കാൻ പാടില്ലാത്ത പേരാണ് ലൂയി മോണ്ടിയുടെത്- മികച്ച ഡിഫന്ററായിരുന്ന എന്നാൽ ഗോൾ സ്കോറിംഗ് മെഷീൻ അല്ലാതിരുന്ന,ജയിക്കാനും തോൽക്കാനും വധ ഭീഷണി നേരിട്ട, ആദ്യ രണ്ട് ലോകകപ്പ് ഫൈനലുകളും കളിക്കാൻ സാധിച്ച, ലോകകപ്പിലും ഒളിമ്പിക്സിലും കോപ്പ അമേരിക്കയും തന്റെ പ്രതിഭ തെളിയിച്ച അതുല്യ പ്രതിഭ.
               jitheshmaniyat@gmail.com


സ്വതന്ത്ര ഇന്ത്യയിൽ നിരോധിച്ച ആദ്യത്തെ സിനിമയും കയ്യൂരിനോടുള്ള സ്നേഹവും
        ഇന്ന് മെയ് 14.. ഇന്ത്യയിൽ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ചവരിലൊരാളും, പരീക്ഷണാത്മക ചിത്രങ്ങളിലൂടെ സാമൂഹ്യ യഥാർത്ഥ്യങ്ങൾ കൃത്യമായി പ്രതിഫലിപ്പിച്ച , തന്റെ സിനിമകൾ കണ്ടിറങ്ങുന്നവർ മാറ്റത്തിന്റെ പടയാളികളാവണം എന്ന ആശയം മുന്നോട്ട് വച്ച , സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലീകനായ ലോകപ്രശസ്ത ചലച്ചിത്ര സംവിധായകൻ മൃണാൾ സെൻ 1923 ൽ ഇതേ ദിനത്തിലാണ് പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ , ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂരിൽ ജനിച്ചത്. ഫരീദ് പൂരിലെ ഒരു ടെൻറടിച്ച സ്ഥലത്ത് ശബ്ദമില്ലാത്ത ദേവദാസ് എന്ന ചിത്രം കണ്ടതാണ് മൃണാൾ സെന്നിന്റെ ആദ്യത്തെ ചലച്ചിത്ര അനുഭവം.ഏഴോ എട്ടോ വയസുള്ളപ്പോൾ  വന്ദേമാതരം  എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചതിന് ഒരിക്കൽ സെൻ പോലീസ് പിടിയാലിട്ടുമുണ്ട്. ഹൈസ്കൂൾ പഠനശേഷം മൃണാൾ കൊൽക്കത്തയിലേക്ക് പോയി. അവിടെ വെച്ച് ഭൗതിക ശാസത്രത്തിൽ ബിരുദം സ്വന്തമാക്കി. ഇടതു പക്ഷ സഹയാത്രികനായ മൃണാൾ സെൻ പാർട്ടി അംഗമായില്ലെങ്കിലും ഇപ്റ്റ പോലുള്ള ഇടതു പക്ഷ സാംസ്കാരിക സംഘടനകളിൽ സജീവമായി. ഇപ്റ്റ യുടെ ഒരു നാടക അവതരണ പരിപാടിക്കിടെയാണ് സെൻ ആദ്യമായി ഋത്വിക് ഘട്ടക്കിനെ പരിചയപ്പെടുന്നത്.കോളേജ് പഠന ശേഷം തൊഴിൽ രഹിതനായി അലഞ്ഞ സെൻ കൊൽക്കത്ത ഇംപീരിയൽ ലൈബ്രറിയിലെ നിത്യ സന്ദർശകനായി.1943ൽ കാരൽ ചാപ്പക്കിന്റെ ദ് ചീറ്റ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അവിടെ നിന്ന് ലഭിച്ച വായനാനുഭവം സിനിമയിലേക്കടുപ്പിച്ചു.ഇക്കാലത്ത് പത്രപ്രവർത്തകനായും മെഡിക്കൽ റെപ്രസന്റേറ്റീവ് ആയും പ്രവർത്തിച്ചു.കൊൽക്കത്തയിലെ ഒരു ഫിലിം ലാബറട്ടറിയിൽ ഓഡിയോ ടെക്നീഷ്യൻ ആയി ജോലി ചെയ്തു.സാഹിത്യ ബന്ധം സിനിമാ സാഹിത്യത്തിലേക്ക്  വാതിൽ തുറന്നു.ദ് സിനിമ ആൻറ് ദ് പീപ്പിൾ ആയിരുന്നു ആദ്യ ലേഖനം. പിന്നീട്  ഇംഗ്ലീഷിലും ബംഗാളിയിലുമായി നിരവധി ലേഖനങ്ങൾ. ചാർലി ചാപ്ലിനായിരുന്നു ഏറെ പ്രിയങ്കരനായ ചലച്ചിത്രകാരൻ.ചാപ്ലിനെ കുറിച്ച് സെൻ എഴുതിയ പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തത് സത്യജിത് റേ ആയിരുന്നു.1955 ൽ പുറത്ത് വന്ന, വൻ പരാജയമായിരുന്ന രാത് ഭോരെയെ തന്റെ ആദ്യ ചിത്രമായി ഗണിക്കാൻ മൃണാൾ സെൻ പോലും ഇഷ്ടപ്പെട്ടില്ല.1958ലാണ് നീൽ ആകാഷേർ നീച്ചേ എന്ന രണ്ടാമത്തെ ചിത്രം പുറത്ത് വന്നത്.ബ്രിട്ടീഷ് ഇന്ത്യയിലെ വീട്ടമ്മയായ ബാസന്തിയും ചൈനീസ് കുടിയേറ്റ തൊഴിലാളിയായ വാങ് ലുവും തമ്മിലുണ്ടായ സഹോദര തുല്യമായ സ്നേഹത്തിന്റെ കഥ പറഞ്ഞ നീൽ ആകാഷേർ നീച്ചേ ചരിത്രത്തിലിടം നേടിയത് മറ്റൊരു സംഗതിയിലൂടെയാണ്- സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിരോധിക്കപ്പെട്ട ആദ്യ ചിത്രം. 1930 ലെ കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച സെന്നിന്റെ രണ്ടാമത്തെ ചിത്രം  രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ രണ്ട് മാസത്തോളം  നിരോധിക്കപ്പെട്ടെങ്കിലും തന്റെ ആദർശങ്ങളിലും കലാപ്രവർത്തനത്തിലും വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായില്ല. ഒരു ഗ്രാമീണ ബംഗാളി കുടുംബത്തെ മുൻനിർത്തി 1960 ൽ പുറത്ത് വന്ന ബൈഷേ ശ്രാവണയാണ് സെന്നിനെ ശ്രദ്ധേയനാക്കിയ ആദ്യ ചിത്രമെന്ന് പറയാം. മൃണാൾ സെന്നിന് സാമ്പത്തിക വിജയം നേടിക്കൊടുത്ത ആദ്യ ചിത്രം ഭുവൻ ഷോം ആണ്. ഉത്പൽ ദത്തും സുഹാസിനി മുലേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം , മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെ ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി. സാത് ഹിന്ദുസ്ഥാനിയിലൂടെ അഭിനയ അരങ്ങേറ്റം കുറിച്ച അമിതാഭ് ബച്ചന്റെ ശബ്ദം ആദ്യം പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയാണ് ഭുവൻ ഷോം.സമാന്തര നവതരംഗ ചിത്രങ്ങളുടെ അപ്പോസ്തലനായ മൃണാൾ ദായെ തേടി പുരസ്കാരങ്ങൾ വന്നു കൊണ്ടേയിരുന്നു. കലയും രാഷ്ട്രീയവും ഇഴ പിരിക്കാനാവാത്ത വിധം ഒത്ത് ചേർന്ന് പോകുന്ന സെൻ ചിത്രങ്ങളിൽ ഭുവൻ ഷോം ,കോറസ്, അകലേർ സന്ധനെ, മൃഗയ എന്നിവ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി. പദാതിക്, ഖരിജ്, അകലേർ സന്ധാനെ എന്നിവയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മൃണാൾ സെൻ, ഭുവൻ ഷോം , ഏക് ദിൻ പ്രതിദിൻ, അലേർ സന്ധാനെ, ഖണ്ഡ് ഹാർ എന്നീ ചിത്രങ്ങളിലൂടെ നാല് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. മൃഗയയിലൂടെ ചലച്ചിത്ര അരങ്ങേറ്റം കുറിച്ച മിഥുൻ ചക്രവർത്തി ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. തന്റെ ചലച്ചിത്ര ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങളും 14 ഷോർട്ട് ഫിലിമുകളും 5 ഡോക്യുമെൻററികളും മൃണാൾ സെൻ സംവിധാനം ചെയ്തു.കൊൽക്കത്തയെ ജീവവായു പോലെ കൊണ്ട് നടന്ന മൃണാൾ ദാ യുടെ കൊൽക്കത്ത ചിത്ര ത്രയമാണ് ഇന്റർവ്യൂ, കൽക്കത്ത 71, പദാതിക് എന്നിവ.ബംഗാളി ഭാഷയ്ക്ക് പുറമേ ഹിന്ദി (ഭുവൻ ഷോം, മൃഗയ ) ഒഡിയ    (മൈത്ര മനിഷ) തെലുങ്ക് (ഒക ഒരി കഥ ) ഭാഷകളിലും ചിത്രങ്ങൾ സംവിധാനം ചെയ്തു.മാർക്സിസത്തിന്റെ മാനവിക ചേതന കൊണ്ടു നടന്ന, മാർക്സിസ്റ്റ് വീക്ഷണത്തോട് ആഭിമുഖ്യം പുലർത്തിയ മൃണാൾ സെന്നിന് കേരളത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. കയ്യൂർ സമരത്തിന്റെ പപശ്ചാത്തലത്തിൽ ഒരു മലയാള സിനിമ എന്ന സ്വപ്നവുമായി അദ്ദേഹം കയ്യൂരിലെത്തി. ജനശക്തി ഫിലിംസിന്റെ ബാനറിൽ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്ന് കരുതി. സാക്ഷാത്കരിക്കാൻ സാധിച്ചില്ല.തന്റെ സർഗ്ഗ ജീവിതത്തിലെ വലിയ നഷ്ടമായി മൃണാൾ സെൻ ഇതിനെ കുറിച്ച് പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമിയുടെ ഉൽഘാടനം നിർവഹിച്ച അദ്ദേഹത്തിന് തന്നെയായിരുന്നു പ്രഥമ കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിലെ സമഗ്ര സംഭാവനാ പുരസ്കാരവും.ഏകാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട മൃണാൾ സെന്നിനോട് 1975 ലെ അടിയന്തിരാവസ്ഥ കാലത്ത് ഒരു രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ശേഷം അടുത്ത ചിത്രം ഏത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു" ഇന്ത്യയിലേക്ക് തിരികെ പോകുന്നത് അടിയന്തിരാവസ്ഥയെ എതിർക്കാനാണ്. അതിന് ശേഷമേ അടുത്ത പടത്തെ കുറിച്ച് ആലോചിക്കൂ." തന്റെ എൺപതാം വയസിലാണ് മൃണാൾ സെൻ അവസാന ചിത്രമായ അമർ ഭുവൻ സംവിധാനം ചെയ്തത്.1998-2003 കാലയളവിൽ പാർലിമെന്റിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്ന അദ്ദേഹത്തിന് പദ്മ ഭൂഷൺ, ദാദാ സഹേബ് ഫാൽക്കേ പുരസ്കാരം എന്നിവയും  റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സിവിലിയൻ ബഹുമതികളും ലഭിച്ചു. പാബ്ലോ നെരൂദ ഇഷ്ട കവിയായിരുന്ന സെൻ തന്റെ ആത്മകഥയക്ക് പ്രിയ കവിയുടെ വരി തന്നെയാണ് പേരായി നൽകിയത്... ആൾ വെയ്സ് ബീയിങ് ബോൺ. മരണ ശേഷം തന്റെ ശരീരത്തിൽ പൂക്കളോ റീത്തുകളോ വയ്ക്കരുതെന്നും പൊതു ദർശനം പാടില്ല എന്നും നിർദ്ദേശിച്ച മൃണാൾ സെൻ 2018 ഡിസംബർ 30 ന് അന്തരിച്ചു.ഇന്ത്യൻ സിനിമയെ പുനർ നിർവചിച്ച  അരാജക വാദിയെന്ന് ശ്യാം ബെനഗൽ വിശേഷിപ്പിച്ച , രാഷ്ട്രീയ സിനിമയുടെ വക്താവും പ്രയോക്താവുമായിരുന്ന മൃണാൾ സെന്നിന്റെ ഓരോ ചിത്രവും ചലച്ചിത്ര സ്നേഹികൾക്കും പഠിതാക്കൾക്കും പാഠപുസ്തകങ്ങളാണ്.
             jitheshmaniyat@gmail.com


ഒരു കൊതുക് കടിക്ക് ഒരണ പ്രതിഫലം ലഭിച്ച ഹുസൈൻ ഖാനും കൊതുകിനെ കുറിച്ച് കവിത രചിച്ച നൊബേൽ ജേതാവും
          ഇന്ന് മെയ് 13. മനുഷ്യരാശിയെ ഒരു മഹാമാരിയിൽ നിന്നും രക്ഷിക്കാൻ കഠിനാധ്വാനം ചെയ്ത, മലേറിയയുടെ കാരണം  ശാസ്ത്രീയമായി കണ്ടെത്തിയ, നൊബേൽ സമ്മാനം നേടിയ ആദ്യ ബ്രിട്ടീഷുകാരനും, ഇന്ത്യയിൽ ജനിച്ച ആദ്യ നൊബേൽ ജേതാവുമായ സർ, റൊണാൾഡ് റോസ് ജനിച്ചത് 1857 ൽ ഇതേ ദിനത്തിലാണ്. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നത്തെ ഉത്തരാഖണ്ഡിലെ അൽമോറയിൽ ബ്രിട്ടീഷ് ആർമിയിലെ ജനറലായ സർ , കാംപ്ബെൽ ക്ലേ ഗ്രാൻറ്സ് റോസിന്റെ പത്ത് മക്കളിൽ മൂത്തവനായാണ് റോസ് ജനിച്ചത്. ചരിത്ര വിദ്യാർത്ഥികൾക്ക്  സുപരിചിതനായ ഹഗ് റോസാണ് മുത്തച്ഛൻ.എട്ടാം വയസിൽ പഠനാർത്ഥം ലണ്ടനിലേക്ക് പോയ റോസിന് പതിനാലാം വയസിൽ ഗണിത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സമ്മാനമായി ലഭിച്ച ഓർബ്സ് ഓഫ് ഹെവൻ എന്ന പുസ്തകം അദ്ദേഹത്തെ പ്രചോദിപ്പിക്കുകയും ഗണിതത്തെ ആഴത്തിൽ പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.പതിനാറാം വയസിൽ ഇംഗ്ലണ്ടിൽ നടന്ന ഒരു പെയിന്റിംഗ് മത്സരത്തിലെ വിജയം ഒരു ചിത്രകാരനായി തീരണമെന്ന ആഗ്രഹത്തിന് കാരണമായി. അച്ഛൻ എതിർത്തു. പിന്നീട് ആർമിയിലോ നേവിയിലോ ചേർന്ന് സൈന്യത്തിൽ ചേരണമെന്ന ആഗ്രഹവും അച്ഛന്റെ വാശിക്ക് മുന്നിൽ അലിഞ്ഞില്ലാതായി. അച്ഛന്റെ താൽപര്യപ്രകാരം 1875 ൽ ലണ്ടനിലെ സെന്റ് ബർത്തലോമ്യോ ഹോസ്പിറ്റലിൽ മെഡിസിന് ചേർന്നു.കോഴ്സ് പൂർത്തിയായ ശേഷം 1881 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്ന് പിതാവിന്റെ ആഗ്രഹം സഫലമാക്കിയ ആ യുവാവ് മാനവരാശിയ്ക്കായി മഹത്തായ ഒരു നേട്ടം സ്വന്തമാക്കാനുള്ള കുതിപ്പിന്റെ ആരംഭം കുറിക്കുകയായിരുന്നു. തനിക്ക് അത്ര താൽപര്യമുള്ള വിഷയമല്ലാത്തതിനാലാകാം അത്ര മികവില്ലാത്ത അക്കാദമിക് റിക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് സര്‍വീസിലാണ് റോസിന് നിയമനം ലഭിച്ചത്. തനിക്ക് ലഭിച്ച ക്വാർട്ടേർസിൽ കൊതുകിന്റെ കടുത്ത ശല്യം ശ്രദ്ധയിൽപ്പെട്ട റോസ് അതിന്റെ കാരണം ചുറ്റും കെട്ടിക്കിടന്ന മലിനജലമാണെന്നും അതിൽ മുട്ടയിട്ടാണ് കൊതുക് പെരുകുന്നത് എന്ന് മനസിലാക്കി.ഇത് സഹപ്രവർത്തകരോട്  പറത്തപ്പോൾ , കൊതുക് പ്രകൃതിയുടെ ഭാഗമാണെന്ന് പറഞ്ഞ്കടുത്ത പരിഹാസമാണ് അവരിൽ നിന്നും ഏൽക്കേണ്ടി വന്നതെന്ന് റോസ് തന്റെ ഓർമ്മകുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒഴിവ് നേരങ്ങളിൽ തന്റെ ഗണിത താൽപ്പര്യം പരിപോഷിപ്പിക്കാനും നോവലും കവിതയും നാടകവും രചിക്കാനും റോസ് സമയം കണ്ടെത്തി.Selected Poems, In Exile  തുടങ്ങിയ കവിത സമാഹാരങ്ങളും The Child of Ocean ,The Revels of Orsera, The Spirit of Storm, തുടങ്ങിയ നോവലുകളും അദ്ദേഹം രചിച്ചു.1888 ൽ അദ്ദേഹം ലണ്ടനിലേക്ക് തിരിച്ച് പോയി. ലണ്ടനിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ഡിപ്ലോമ നേടിയ റോസ് ഇന്ത്യയിലേക്ക് തിരിച്ചെത്തി ബാംഗ്ലൂരിലെ ഒരു സൈനിക ആശുപത്രിയിൽ നിയമിതനായി.1892 കാലഘട്ടത്തിൽ മലേറിയ പഠനം റോസ് ഗൗരവമായെടുത്തു. ചാൾസ് ലോറൻ, പാട്രിക് മാൻസൻ തുടങ്ങിയവർ കൊതുകും മലമ്പനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല പ0നങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.1894 ഏപ്രിലിൽ മാൻസനും റോസും തമ്മിൽ നടന്ന കൂടിക്കാഴ്ച റോസിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അഗാധമായ ഒരു ബന്ധത്തിന്റെ തുടക്കവും.1895 ൽ സെക്കന്ദരാബാദിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. മലേറിയ പഠനം ശക്തമായി മുന്നോട്ട് കൊണ്ടുപോയി. രോഗവുമായി എത്തുന്നവരിൽ നിന്നും രക്ത സാമ്പിൾ ശേഖരിച്ച് ,സംശയ നിവാരണത്തിനായി      മാൻസന്റെ സഹായം തേടി പഠനം തുടർന്നു.1895-1899 കാലത്ത് റോസും മാൻസനും പരസ്പരം അയച്ചത് 173 കത്തുകളാണ്.1897 ആഗസ്ത് 16ന് തന്റെ അരികിലെത്തിയ ബീഗം പേട്ട് സ്വദേശിയായ ഹുസൈൻ ഖാനും റോസും തമ്മിൽ ഒരു കരാർ ഉണ്ടാക്കി. കൊതുക് വലയ്ക്കുള്ളിൽ കിടക്കുക, അതിനകത്തേക്ക് കൊതുകിനെ പ്രവേശിപ്പിക്കും.ഓരോ കൊതുക് കടിക്കും ഒരണ പ്രതിഫലം ലഭിക്കും.ഹുസൈൻ ഖാൻ തയ്യാറായി. അന്ന് പത്തണ പ്രതിഫലവും ലഭിച്ചു.അങ്ങിനെ ഹുസൈൻ ഖാനെ കടിച്ച കൊതുകുകളെ ഒരു ജാറിൽ സൂക്ഷിക്കുകയും, അങ്ങിനെ സൂക്ഷിച്ച കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുന്ന പ്രവര്‍ത്തനം തുടരുകയും ചെയ്തു. ആഗസ്ത് 17 ന് രണ്ടെണ്ണത്തെ പരിശോധിച്ചു. ഫലമുണ്ടായില്ല. പരീക്ഷണം തുടർന്നു. നിരാശ മാത്രം ഫലം.ആഗസ്റ്റ് 20ന് ശേഷിക്കുന്ന രണ്ട് കൊതുകുകളെ പരീക്ഷണ വിധേയമാക്കി. ലോകം ഉറ്റ് നോക്കിയ ഒരു ചോദ്യത്തിനുള്ള ഉത്തരം ചുരുൾ നിവരുകയായിരുന്നു. അനോഫിലസ് പെൺ കൊതുകിൽ മലമ്പനി രോഗാണുക്കളെ കണ്ടെത്തിയത് മലമ്പനിക്കെതിരെയുള്ള മനുഷ്യന്റെ യുദ്ധത്തിൽ വഴിത്തിരിവുണ്ടാക്കി.റോമാ സാമ്രാജ്യത്തിന്റെ തകർച്ചക്ക് പോലും വഴി മരുന്നിട്ട, ലോക ചരിത്രത്തിൽ ഏറ്റവും അധികം ജനങ്ങളെ കൊന്നൊടുക്കിയ രോഗങ്ങളാലാന്നായ , മലമ്പനി ചതുപ്പ് പനി എന്നിങ്ങനെ അറിയപ്പെടുന്ന മലേറിയാ രോഗ നിർമ്മാർജനത്തിന്നും ചികിത്സയ്ക്കും പുതിയ പന്ഥാവ് തുറക്കാൻ ഈ നേട്ടത്തിന് സാധിച്ചു.ഒരു "കൊതുകിലൂടെ "നേടിയ നേട്ടത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷം ആഗസ്ത് 20 ലോക കൊതുക് ദിനമായി ആചരിക്കാൻ ആരംഭിച്ചു.ഗണിതത്തിൽ തൽപ്പരനായിരുന്ന റോസ് ചികിത്സയോടൊപ്പം ഡാറ്റയുടെ സാധ്യതകളും പരീക്ഷിച്ചിരുന്നു.1897 ആഗസ്റ്റ് 21 ന് കൊതുകിനെ പറ്റി റൊണാൾഡ് റോസ് ഒരു കവിത തന്നെ രചിച്ചു.അതിലെ വരികൾ ഇങ്ങിനെയാണ് " I know this little thing, A myriad men will save. O Death, where is thy sting? Thy victory, O Grave!," അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെ ഗൗനിക്കാൻ ബ്രിട്ടീഷ് ഇന്ത്യയിലെ അധികാരികൾ തയ്യാറായില്ല.1899 ൽ ഇന്ത്യൻ മെഡിക്കൽ സർവീസിൽ നിന്നും രാജി വെച്ച് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി. നൊബേൽ സമ്മാനത്തിന്റെ രണ്ടാം വർഷം തന്നെ അദ്ദേഹം സമ്മാനിതനായി.1911 ൽ സർ സ്ഥാനം നൽകി ആദരിക്കപ്പെട്ട ആ ബഹുമുഖ പ്രതിഭ 1932 സെപ്തംബർ 16ന് ലണ്ടനിലെ റോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് അന്തരിച്ചു.ഏറെ കഷ്ടപ്പാടുകളും പരിഹാസങ്ങളും സഹിച്ച് കൊതുകുകളെ പഠന വിധേയമാക്കി, അതിലൂടെ വൈദ്യശാസ്ത്രചരിത്രത്തിൽ പകർച്ചവ്യാധികളുടെ നിയന്ത്രണത്തിൽ ദിശാബോധം നൽകിയ പുത്തൻ കണ്ടെത്തൽ നടത്തിയ , മലേറിയയേയും കൊതുകിനേയും കുറിച്ച് നൂറുക്കണക്കിന് ലേഖനങ്ങളും പുസ്തകങ്ങളും രചിച്ച , റൊണാൾഡ് റോസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ജ്ഞാനപീഠ ജേതാവായ അമിതാവ് ഘോഷ് രചിച്ച സാങ്കൽപ്പിക ആഖ്യായികയാണ് കൽക്കത്ത ക്രോമസോം.
         
          jitheshmaniyat@gmail.com


എഴുത്തിലെ രാജ്ഞിയാവാൻ മോഹിച്ച് ഗണിതത്തിലെ രാജകുമാരിയായ പ്രതിഭ
         മെയ് 12. ആദ്യമേ ഓർമ്മയിലേക്കെത്തുന്നത് വിളക്കേന്തിയ വനിതയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനവുംഅന്താരാഷ്ട്ര നേഴ്‌സസ് ദിനവുമാണ്. സ്ത്രീ ശാക്തീകരണത്തിന്റേയും ശാസ്ത്രത്തിൽ സ്ത്രീകളുടെ സംഭാവനകൾ ചർച്ചയാവുകയും ചെയ്യുന്ന ഈ മേളയിൽ ഓർമ്മയിലേക്കെത്തേണ്ട മറ്റൊരു പേരാണ് മറിയം മിർസഖാനി.ഇറാനിലെ വിപ്ലവത്തിന് തൊട്ടുമുമ്പ് 1977 ൽ ഇതേ ദിനത്തിലാണ് ടെഹ്റാനിൽ മറിയം മിർസഖാനി ജനിച്ചത്. ചില റഫറൻസ് ഗ്രന്ഥങ്ങളിലും വെബ്സൈറ്റിലും ജന്മദിനം തെറ്റായി മെയ് 3 എന്ന് നൽകിയിരിക്കുന്നത്  കാണാൻ സാധിക്കും.ചെറിയ കാലയളവ് ഈ ഭൂമിയിൽ ജീവിച്ച് , ശാസ്ത്രത്തിലെ രാജ്ഞിയായ ഗണിത ശാസ്ത്രത്തിലെ രാജകുമാരിയായി മാറിയ മറിയത്തിന്റെ ജന്മദിനമായ മെയ് 12 ഗണിതത്തിലെ വനിതകളുടെ ദിനമായി ആചരിക്കുന്നു.ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ തീക്ഷ്ണതയിലൂടെ കടന്ന് പോയാണ് മറിയം എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എഴുത്തുകാരിയാവാൻ ചെറുപ്പത്തിൽ ആഗ്രഹിച്ച മറിയം എട്ടാം വയസിൽ തന്നെ സ്വപ്നങ്ങൾ സ്വന്തമാക്കാൻ വലിയ സാഹസികതകൾ ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കഥൾ സൃഷ്ടിച്ചിരുന്നു. കഥയിലെ ആ പെൺകുട്ടി ലോകം മുഴുവൻ സഞ്ചരിച്ചിരുന്നു, ഒരു മേയറായി മാറുന്നുണ്ടായിരുന്നു. അന്ന് ഗണിതം അത്ര ഇഷ്ടമുള്ള വിഷയമായിരുന്നില്ല. മിഡിൽ സ്കൂൾ പഠനകാലത്ത് ചെറിയ പൈസക്ക് ലഭിക്കുന്ന പല പുസ്തകങ്ങളും വാങ്ങി വായിച്ച മറിയം എഴുത്തിന്റെ ലോകത്തിലേക്ക് കടക്കാനും അത്തരം പുസ്തകങ്ങൾ രചിക്കാനും ആഗ്രഹിച്ചു.മിഡിൽ സ്കൂളിലെ ആദ്യ വർഷം ഗണിതത്തിൽ അത്ര മിടുക്കിയല്ലാത്ത മറിയത്തോട്  ആ വർഷത്തെ ടീച്ചർ പറഞ്ഞു.. ഗണിതം പഠിക്കാനുള്ള കഴിവ് മറിയത്തിന് ഇല്ല. ഇത് ആ ശാസ്ത്ര ശാഖയോടുള്ള നീരസം കൂട്ടിയതായി മറിയം പിന്നീട് പറയുന്നുണ്ട്. മുൻ വിധികളോടെ കുട്ടികളെ പരിഗണിക്കുന്നതിലൂടെ അവരുടെ താൽപര്യങ്ങളെ കൃത്യമായ മനസിലാക്കാൻ സാധിക്കാത്ത ചില അധ്യാപകരാലും രക്ഷിതാക്കളാലും നശിപ്പിക്കപ്പെട്ട എത്ര പ്രതിഭകൾ കാണും എന്ന് ഈ സമയം ഓർത്ത് പോകുന്നു. എന്നാൽ ജ്യേഷ്ഠനിൽ നിന്ന് ലഭിച്ച പ്രോത്സാഹനങ്ങളും ഗണിതം ലളിതമായി ചെയ്യാനുള്ള സൂത്രവാക്യങ്ങളും രണ്ടാം വർഷം മറ്റൊരു ഗണിത അധ്യാപികയിൽ നിന്നും ലഭിച്ച പ്രോത്സാഹനവും ഗണിതത്തെ കൂടുതൽ ഇഷ്ടപ്പെടാൻ മറിയത്തെ പ്രേരിപ്പിച്ചു.മിഡിൽ സ്കൂളിൽ നിന്നും ഹൈസ്കൂളിലെത്തിയ മറിയം പ്രിൻസിപ്പലിന്റെ പ്രോത്സാഹനത്തോടെ യാഥാസ്ഥിക ഇറാനിൽ അതു വരെ ആൺ കുട്ടികൾ മാത്രം മത്സരിച്ച ഗണിത ഒളിമ്പ്യാഡിൽ മത്സരിക്കാൻ തയ്യാറായി.1994 ൽ ഹോങ് കോങ്ങിൽ നടന്ന അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ 42 ൽ 41 പോയിന്റ് നേടി ഇറാനിലേക്ക് ആദ്യ സ്വർണ്ണ മെഡൽ കൊണ്ട് വന്നു. ഒരു ഗണിത പ്രതിഭയുടെ മിന്നലാട്ടം സ്കൂൾ അധികൃതരും രക്ഷിതാക്കളും കൃത്യമായി തിരിച്ചറിഞ്ഞു.1995 ൽ ടൊറന്റോയിൽ നടന്ന ഒളിമ്പ്യാഡിൽ 42 ൽ 42 പോയിൻറും നേടി ഈ നേട്ടം ആവർത്തിച്ചു. രക്ഷിതാക്കൾ പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു. കുട്ടികളുടെ താൽപര്യങ്ങൾ കണ്ടെടുത്ത് അവരെ അതിലൂടെ ഉന്നതിയിലേക്ക് മാർഗ്ഗം തെളിക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും സാധിക്കണം.പത്താം ക്ലാസിൽ മികച്ച വിജയം നേടിയാൽ പ്ലസ്ടുവിന് സയൻസ് തന്നെ എടുക്കണം എന്നും തുടർന്ന് എൻട്രൻസ് കോച്ചിംഗിന് അയക്കണം എന്ന നമ്മുടെ ഇടുങ്ങിയ ചിന്താഗതി മാറ്റിയാൽ മാത്രമേ പ്രതിഭകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ സാധിക്കൂ.1995 ൽ ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പ0നം ആരംഭിച്ച മറിയം 1998 ൽ മരണമുഖത്തിൽ നിന്നും നേരിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്.അന്ന് നടന്ന ബസപകടത്തിൽ മറിയത്തോടൊപ്പം സഞ്ചരിച്ച ഏഴ് സഹപാഠികളും രണ്ട് ബസ് ജീവനക്കാരും കൊല്ലപ്പെട്ടു.  ബിരുദ പഠന ശേഷം ഹർവാർഡ് യൂണിവേഴ്സിറ്റിയിലെത്തിയ മറിയം തുടർന്ന് സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പ്രൊഫസറായി. വളഞ്ഞ പ്രതലങ്ങളെ വിശദീകരിക്കുന്ന ഹൈപ്പർ ബോളകളിൽ ജ്യോമട്രിയുമായി ബന്ധപ്പെട്ടതായിരുന്നു മിർസാ ഖാനിയുടെ പഠനങ്ങളിൽ അധികവും. ഗണിത ശാസ്ത്രത്തിൽ സ്ത്രീകൾക്ക് ഏറ്റവും പ്രചോദനം നൽകിയ ആ വാർത്ത 2014ൽ പുറത്ത് വന്നു. കനേഡിയൻ ഗണിത ശാസ്ത്രജ്ഞൻ ജോൺ ചാൾസ് ഫീൽഡിന്റെ പേരിൽ 1936ൽ ആരംഭിച്ച, നാല് വർഷത്തിലൊരിക്കൽ നാൽപ്പത് വയസിന് താഴെയുള്ള ഗണിത പ്രതിഭകൾക്ക് നൽകുന്ന, ഗണിത നൊബേൽ എന്ന് വിഖ്യാതമായ ഫീൽഡ്സ് മെഡൽ ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക് ലഭിച്ചിരുന്നു. അതെ ഫീൽഡ്സ് മെഡൽ നേടിയ ആദ്യ വനിത, ആദ്യ ഇറാനിയൻ എന്നീ വിശേഷണങ്ങൾ മറിയം മിർസ ഖാനി സ്വന്തമാക്കി.ഗണിതത്തില്‍ ജ്യാമിതീയ രൂപങ്ങളോട് പ്രതിപത്തിയുണ്ടായിരുന്ന മറിയം മിര്‍സാഖാനിക്ക് റീമാന്‍ സര്‍ഫേസും അവയുടെ മൊഡ്യൂളി സ്‌പേസസുമായി ബന്ധപ്പെട്ട ക്ഷേത്രഗണിത പഠനത്തിനാണ് ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ചത്.ആ വർഷം ഇന്ത്യയ്ക്ക് സന്തോഷിക്കാൻ വകയുണ്ടായിരുന്നു. മിർസാഖാനിക്കൊപ്പം പുരസ്കാരം പങ്കിട്ട മഞ്ജുൾ ഭാർഗവ ഫീൽഡ്സ് മെഡൽ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വംശജനായി മാറി. സ്തനാർബുദത്തിന്റെ വേദനകൾ പേറി ദക്ഷിണ കൊറിയയിലെ സിയോളി ൽ നടന്ന ഗണിത ശാസ്ത്ര കോൺഗ്രസിൽ വെച്ച് 2014 ആഗസ്ത് 13 ന് മറിയം മിർസാ ഖാനി പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാര സമിതി അംഗമായിരുന്ന ഡാം ഫ്രാൻസിസ് കിർവാൻ പറഞ്ഞു.. ലോകത്താകമാനമുള്ള പെൺകുട്ടികൾക്കും യുവതികൾക്കും സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും ഭാവിയിലെ ഫീൽഡ് മെഡലിസ്റ്റുകൾ എന്ന ലക്ഷ്യം കൈവരിക്കാനും മിർസാഖാനിയുടെ പുരസ്കാര നേട്ടം തീർച്ചയായും പ്രചോദനം നൽകും.സ്തനാർബുദം കടുത്ത് മറ്റ് ഭാഗങ്ങളിലേക്കും പടർന്നതിനെ തുടർന്ന് 2017 ജൂലായ് 14ന് തന്റെ നാൽപതാം വയസിൽ ലോകത്തെ അമ്പരിപ്പിച്ച, അതിലുപരി പ്രചോദിപ്പിച്ച, ജ്യാമിതിയിലെ അതി സങ്കീർണ്ണമായ കുരുക്കുകൾ അഴിച്ചെടുത്ത മറിയം മിർസാഖാനി എന്ന ഗണിത പ്രതിഭ ലോകത്തോട് വിട പറഞ്ഞു.
       
        jitheshmaniyat@gmail.com