Friday, June 12, 2020


നൊബേൽ കമ്മറ്റിക്ക് താൽപര്യമില്ലാതിരുന്ന സ്വപ്ന വ്യാഖ്യാതാവ്
       മെയ് 6.. സ്വപ്നങ്ങൾ അബോധ മനസ്സിലേക്കുള്ള രാജപാതയാണ് എന്ന് സിദ്ധാന്തിച്ച, അന്ധവിശ്വാസത്തിന്റെ കെട്ടുപാടുകളിൽ കിടന്ന മനശാസ്ത്രത്തെ അതിൽ നിന്ന് മോചിപ്പിച്ച് ഒരു ശാസത്ര ശാഖയായി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച , മാനസികാപഗ്രഥനത്തെ മറ്റൊരു തലത്തിലേക്ക് വളർത്തിയ ലോക പ്രശസ്ത മനശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡ് പഴയ ചെക്കോസ്ലോവാക്യയിലെ മൊറാവിയയിൽ ഫ്രേയ്ബർഗിൽ 1856 ൽ ജനിച്ചത് ഇതേ ദിവസത്തിലാണ്.പഠനത്തിന് ശേഷം 1885-1886 കാലഘട്ടത്തിൽ പാരീസിലെ ഴാങ്ങ് മാർട്ടിൻ ഷാർക്കെയുടെ കീഴിലെ പഠനം സിരാരോഗങ്ങളും മനസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതലറിയാൻ ഫ്രോയ്ഡിനെ സഹായിച്ചു. ഫ്രോയ്ഡിനെ ഏറെ സ്വാധീനിച്ച ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഫ്രോയ്ഡ് തൻറെ ആദ്യ പുത്രന് മാർട്ടിൻ എന്ന പേര് നൽകി. മനഃശാസ്ത്ര ഗവേഷണത്തിൽ ഏറെ മുന്നോട്ടു പോകാൻ ഫ്രോയ്ഡിന് പിന്നീട് സാധിച്ചു. ഹിസ്റ്റീരിയ രോഗത്തിൻറെ ഉത്ഭവസ്ഥാനം ഗർഭപാത്രത്തിൽ നിന്നാണ് എന്ന അതുവരെ ഉണ്ടായിരുന്ന വിശ്വാസത്തെ ഫ്രോയ്സ് തിരുത്തിയെഴുതി. ഹിസ്റ്റീരിയ എന്ന വാക്കിന്റെ അർത്ഥം തന്നെ ഗർഭപാത്രത്തിന്റെ സഞ്ചാരം എന്നാണ്. 1882 ലാണ് ഫ്രോയ്ഡ് മാർത്ത ബെർണേസിനെ കണ്ടുമുട്ടുന്നത്.നാല് വർഷത്തിനുള്ളിൽ തൊള്ളായിരത്തിലേറെ പ്രണയ കത്തുകൾ ഫ്രോയ്ഡ് എഴുതി. 1896 ലാണ് ആണ് ഫ്രോയ്ഡിനെ ലോകശ്രദ്ധയിലേക്ക് എത്തിച്ച സൈക്കോ അനാലിസിസ് എന്ന പദം അദ്ദേഹം ആദ്യമായി ഉപയോഗിക്കുന്നത്. 1895 കാലഘട്ടത്തിൽ എഴുതാൻ ആരംഭിച്ച ലോകപ്രസിദ്ധമായ ഇൻറർപ്രട്ടേഷൻ ഓഫ് ഡ്രീംസ് എന്ന പുസ്തകം 1899 ൽ പൂർത്തിയാക്കാൻ സാധിച്ചു. ആദ്യ ആറ് വർഷം കൊണ്ട് ഈ പുസ്തകത്തിന്റെ 351 കോപ്പികൾ മാത്രമാണ് വിറ്റുപോയത് . രണ്ടാം പതിപ്പ് പുറത്തിറങ്ങാൻ 10 വർഷം വേണ്ടിവന്നു. വ്യക്തിത്വഘടനയിൽ ഇദ്ദ്,ഈഗോ ,സൂപ്പർ ഈഗോ എന്നീ ഘടകങ്ങളെ വിശദീകരിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ , വ്യക്തിത്വത്തെ കുറിച്ചുള്ള നിഗമനങ്ങളിൽ ഏറ്റവും വിവാദം സൃഷ്ടിച്ചത് മനോ ലൈംഗിക വികാസത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ ആയിരുന്നു.ഈ വികാസ പ്രക്രിയയിൽ അദ്ദേഹം oral, anal, phallic, latency, genital എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. ഈ ഘട്ടങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് ഈഡിപ്പസ് കോംപ്ലക്സ് ,ഇലക്ട്രാ കോംപ്ലക്സ് എന്നിവയെ കുറിച്ച് പറയുന്നത്. ഇരുപത്തിനാലാം വയസ്സിൽ ആരംഭിച്ച പുകവലിശീലം അദ്ദേഹത്തെ ദോഷകരമായി തന്നെ ബാധിച്ചു. ഒരു ചെയിൻസ്മോക്കർ ആയിരുന്ന അദ്ദേഹം ദിനംപ്രതി ഇരുപതിലധികം സിഗരറ്റുകൾ വലിക്കുമായിരുന്നു എന്നാണ് ജീവചരിത്രകാരന്മാർ പറയുന്നത്. അതു കൊണ്ടു തന്നെ 1923 ൽ അദ്ദേഹത്തിന് മൗത്ത് കാൻസർ കണ്ടെത്തിയ ശേഷം 16 വർഷം കൊണ്ട് 33 സർജറിക്ക് അദ്ദേഹത്തിന് വിധേയരാകേണ്ടി വന്നു. തൻറെ പുകവലിശീലം തന്റെ ക്രിയേറ്റിവിറ്റിയും പ്രൊഡക്ടിവിറ്റിയും കൂട്ടും എന്ന് കടുത്ത വിശ്വാസക്കാരൻ ആയിരുന്നു അദ്ദേഹം. ഒരു ജൂത കുടുംബത്തിലാണ് ജനിച്ചതെങ്കിലും  നിരീശ്വരവാദിയായിരുന്ന സിഗ്മണ്ട് ഫ്രോയ്ഡ് നാസികളുടെ കണ്ണിലെ കരടായിരുന്നു.അവർ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ചുട്ടെരിക്കുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്തു.ഇതേക്കുറിച്ച് അദ്ദേഹംപറഞ്ഞു "എന്ത് പുരോഗതിയാണ് നാം കൈവരിച്ചത് -മധ്യകാലഘട്ടത്തിൽ ആയിരുന്നു എങ്കിൽ അവർ എന്നെ ജീവനോടെ ചുട്ടു കൊല്ലുമായിരുന്നു .ഇപ്പോൾ അർ  പുസ്തകങ്ങൾ അഗ്നിക്കിരയാക്കി സംതൃപ്തിയടയുന്നു.". അതിന് ശേഷം പാരീസിലേക്കും തുടർന്ന് ലണ്ടനിലേക്കും പാലായനം ചെയ്യേണ്ടി വന്ന അദ്ദേഹത്തിന്റെ , നാല് സഹോദരിമാർ കോൺസൻട്രേഷൻ ക്യാമ്പിൽ വെച്ച് അന്ത്യശ്വാസം വലിച്ചു .1915 മുതൽ 1938 വരെയുള്ള കാലയളവിൽ 13 തവണ അദ്ദേഹം നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.അതിൽ 12 തവണ വൈദ്യശാസ്ത്രത്തിലും ഒരു തവണ സാഹിത്യത്തിനും ആയിരുന്നു. 1915 ൽ വില്യം എ വൈറ്റ് ആണ് ഇദ്ദേഹത്തെ ആദ്യമായി നൊബേൽ സമ്മാനത്തിന് അതിന് നാമനിർദേശം ചെയ്തത്. ആ വർഷം ആർക്കും നൊബേൽസമ്മാനം നൽകിയില്ല.1917 ൽ നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ അതിൽ പറഞ്ഞത് "വർക്ക് ഓൺ സ്പിരിച്വൽ ലൈഫ് ആൻഡ് ക്ലോസ് ലി റിലേറ്റസ് ഫീൽഡ് " എന്നതിനാണ് ഈ നാമനിർദേശം എന്നാണ്. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം അക്കാലത്ത് എങ്ങനെയാണ് ഫ്രോയ്ഡ് മനസ്സിലാക്കപെട്ടത് എന്ന്.1937  ൽ 14 പേർ അദ്ദേഹത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്തിരുന്നു .എന്നാൽ ആ വർഷവും അദ്ദേഹത്തിന് നോബൽ നൽകിയില്ല.1936 ലെ സാഹിത്യ നോബൽ സമ്മാനത്തിനായി 1915 ലെ സമ്മാനജേതാവായ റൊമൈൻ റോളണ്ട് നാമനിർദേശം ചെയ്തിരുന്നു. നൊബേൽ സെലക്ഷൻ കമ്മിറ്റിക്ക് ഫ്രോയ്ഡ് അത്ര താല്പര്യം ഉള്ള വ്യക്തി ആയിരുന്നില്ല. ഒരു കമ്മറ്റി ഇങ്ങിനെ കുറിച്ചു" Freud's entire  psychoanalytic theory, as its appears to us today is largely based on hypothesis". സിഗ്മണ്ട് ഫ്രോയ്ഡിൻറെ സംഭാവനകളെ ശാസ്ത്രത്തോട് ചേർത്ത് നിർത്താൻ നൊബേൽ കമ്മിറ്റി തയ്യാറായിരുന്നില്ല. 1939 സെപ്റ്റംബർ മാസം തന്റെ സുഹൃത്തും ഡോക്ടറുമായ മാക്സ് ഷൂറിന്റെ കൈപിടിച്ച് മുമ്പ് തനിക്ക് നൽകിയ "അനാവശ്യമായി പീഡിപ്പിക്കില്ല" എന്ന വാഗ്ദാനം നിറവേറ്റാൻ നടത്താൻ ആവശ്യപ്പെട്ടു.അങ്ങിനെ 1939 സെപ്തംബർ 23ന് , താൻ കണ്ടെത്തിയത് ദ്വീപുകൾ മാത്രമാണെന്നും തനിക്ക് പുറകേ വരുന്നവർ വൻകരകൾ തന്നെ കണ്ടെത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ച ആ മഹാപ്രതിഭ തന്റെ ഡോക്ടറുടെ സഹായത്തോടെ ലോകത്തോട് വിടവാങ്ങി.

No comments: