Sunday, June 21, 2020


ഒരു കൊതുക് കടിക്ക് ഒരണ പ്രതിഫലം ലഭിച്ച ഹുസൈൻ ഖാനും കൊതുകിനെ കുറിച്ച് കവിത രചിച്ച നൊബേൽ ജേതാവും
          ഇന്ന് മെയ് 13. മനുഷ്യരാശിയെ ഒരു മഹാമാരിയിൽ നിന്നും രക്ഷിക്കാൻ കഠിനാധ്വാനം ചെയ്ത, മലേറിയയുടെ കാരണം  ശാസ്ത്രീയമായി കണ്ടെത്തിയ, നൊബേൽ സമ്മാനം നേടിയ ആദ്യ ബ്രിട്ടീഷുകാരനും, ഇന്ത്യയിൽ ജനിച്ച ആദ്യ നൊബേൽ ജേതാവുമായ സർ, റൊണാൾഡ് റോസ് ജനിച്ചത് 1857 ൽ ഇതേ ദിനത്തിലാണ്. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നത്തെ ഉത്തരാഖണ്ഡിലെ അൽമോറയിൽ ബ്രിട്ടീഷ് ആർമിയിലെ ജനറലായ സർ , കാംപ്ബെൽ ക്ലേ ഗ്രാൻറ്സ് റോസിന്റെ പത്ത് മക്കളിൽ മൂത്തവനായാണ് റോസ് ജനിച്ചത്. ചരിത്ര വിദ്യാർത്ഥികൾക്ക്  സുപരിചിതനായ ഹഗ് റോസാണ് മുത്തച്ഛൻ.എട്ടാം വയസിൽ പഠനാർത്ഥം ലണ്ടനിലേക്ക് പോയ റോസിന് പതിനാലാം വയസിൽ ഗണിത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സമ്മാനമായി ലഭിച്ച ഓർബ്സ് ഓഫ് ഹെവൻ എന്ന പുസ്തകം അദ്ദേഹത്തെ പ്രചോദിപ്പിക്കുകയും ഗണിതത്തെ ആഴത്തിൽ പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.പതിനാറാം വയസിൽ ഇംഗ്ലണ്ടിൽ നടന്ന ഒരു പെയിന്റിംഗ് മത്സരത്തിലെ വിജയം ഒരു ചിത്രകാരനായി തീരണമെന്ന ആഗ്രഹത്തിന് കാരണമായി. അച്ഛൻ എതിർത്തു. പിന്നീട് ആർമിയിലോ നേവിയിലോ ചേർന്ന് സൈന്യത്തിൽ ചേരണമെന്ന ആഗ്രഹവും അച്ഛന്റെ വാശിക്ക് മുന്നിൽ അലിഞ്ഞില്ലാതായി. അച്ഛന്റെ താൽപര്യപ്രകാരം 1875 ൽ ലണ്ടനിലെ സെന്റ് ബർത്തലോമ്യോ ഹോസ്പിറ്റലിൽ മെഡിസിന് ചേർന്നു.കോഴ്സ് പൂർത്തിയായ ശേഷം 1881 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്ന് പിതാവിന്റെ ആഗ്രഹം സഫലമാക്കിയ ആ യുവാവ് മാനവരാശിയ്ക്കായി മഹത്തായ ഒരു നേട്ടം സ്വന്തമാക്കാനുള്ള കുതിപ്പിന്റെ ആരംഭം കുറിക്കുകയായിരുന്നു. തനിക്ക് അത്ര താൽപര്യമുള്ള വിഷയമല്ലാത്തതിനാലാകാം അത്ര മികവില്ലാത്ത അക്കാദമിക് റിക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് സര്‍വീസിലാണ് റോസിന് നിയമനം ലഭിച്ചത്. തനിക്ക് ലഭിച്ച ക്വാർട്ടേർസിൽ കൊതുകിന്റെ കടുത്ത ശല്യം ശ്രദ്ധയിൽപ്പെട്ട റോസ് അതിന്റെ കാരണം ചുറ്റും കെട്ടിക്കിടന്ന മലിനജലമാണെന്നും അതിൽ മുട്ടയിട്ടാണ് കൊതുക് പെരുകുന്നത് എന്ന് മനസിലാക്കി.ഇത് സഹപ്രവർത്തകരോട്  പറത്തപ്പോൾ , കൊതുക് പ്രകൃതിയുടെ ഭാഗമാണെന്ന് പറഞ്ഞ്കടുത്ത പരിഹാസമാണ് അവരിൽ നിന്നും ഏൽക്കേണ്ടി വന്നതെന്ന് റോസ് തന്റെ ഓർമ്മകുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒഴിവ് നേരങ്ങളിൽ തന്റെ ഗണിത താൽപ്പര്യം പരിപോഷിപ്പിക്കാനും നോവലും കവിതയും നാടകവും രചിക്കാനും റോസ് സമയം കണ്ടെത്തി.Selected Poems, In Exile  തുടങ്ങിയ കവിത സമാഹാരങ്ങളും The Child of Ocean ,The Revels of Orsera, The Spirit of Storm, തുടങ്ങിയ നോവലുകളും അദ്ദേഹം രചിച്ചു.1888 ൽ അദ്ദേഹം ലണ്ടനിലേക്ക് തിരിച്ച് പോയി. ലണ്ടനിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ഡിപ്ലോമ നേടിയ റോസ് ഇന്ത്യയിലേക്ക് തിരിച്ചെത്തി ബാംഗ്ലൂരിലെ ഒരു സൈനിക ആശുപത്രിയിൽ നിയമിതനായി.1892 കാലഘട്ടത്തിൽ മലേറിയ പഠനം റോസ് ഗൗരവമായെടുത്തു. ചാൾസ് ലോറൻ, പാട്രിക് മാൻസൻ തുടങ്ങിയവർ കൊതുകും മലമ്പനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല പ0നങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.1894 ഏപ്രിലിൽ മാൻസനും റോസും തമ്മിൽ നടന്ന കൂടിക്കാഴ്ച റോസിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അഗാധമായ ഒരു ബന്ധത്തിന്റെ തുടക്കവും.1895 ൽ സെക്കന്ദരാബാദിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. മലേറിയ പഠനം ശക്തമായി മുന്നോട്ട് കൊണ്ടുപോയി. രോഗവുമായി എത്തുന്നവരിൽ നിന്നും രക്ത സാമ്പിൾ ശേഖരിച്ച് ,സംശയ നിവാരണത്തിനായി      മാൻസന്റെ സഹായം തേടി പഠനം തുടർന്നു.1895-1899 കാലത്ത് റോസും മാൻസനും പരസ്പരം അയച്ചത് 173 കത്തുകളാണ്.1897 ആഗസ്ത് 16ന് തന്റെ അരികിലെത്തിയ ബീഗം പേട്ട് സ്വദേശിയായ ഹുസൈൻ ഖാനും റോസും തമ്മിൽ ഒരു കരാർ ഉണ്ടാക്കി. കൊതുക് വലയ്ക്കുള്ളിൽ കിടക്കുക, അതിനകത്തേക്ക് കൊതുകിനെ പ്രവേശിപ്പിക്കും.ഓരോ കൊതുക് കടിക്കും ഒരണ പ്രതിഫലം ലഭിക്കും.ഹുസൈൻ ഖാൻ തയ്യാറായി. അന്ന് പത്തണ പ്രതിഫലവും ലഭിച്ചു.അങ്ങിനെ ഹുസൈൻ ഖാനെ കടിച്ച കൊതുകുകളെ ഒരു ജാറിൽ സൂക്ഷിക്കുകയും, അങ്ങിനെ സൂക്ഷിച്ച കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുന്ന പ്രവര്‍ത്തനം തുടരുകയും ചെയ്തു. ആഗസ്ത് 17 ന് രണ്ടെണ്ണത്തെ പരിശോധിച്ചു. ഫലമുണ്ടായില്ല. പരീക്ഷണം തുടർന്നു. നിരാശ മാത്രം ഫലം.ആഗസ്റ്റ് 20ന് ശേഷിക്കുന്ന രണ്ട് കൊതുകുകളെ പരീക്ഷണ വിധേയമാക്കി. ലോകം ഉറ്റ് നോക്കിയ ഒരു ചോദ്യത്തിനുള്ള ഉത്തരം ചുരുൾ നിവരുകയായിരുന്നു. അനോഫിലസ് പെൺ കൊതുകിൽ മലമ്പനി രോഗാണുക്കളെ കണ്ടെത്തിയത് മലമ്പനിക്കെതിരെയുള്ള മനുഷ്യന്റെ യുദ്ധത്തിൽ വഴിത്തിരിവുണ്ടാക്കി.റോമാ സാമ്രാജ്യത്തിന്റെ തകർച്ചക്ക് പോലും വഴി മരുന്നിട്ട, ലോക ചരിത്രത്തിൽ ഏറ്റവും അധികം ജനങ്ങളെ കൊന്നൊടുക്കിയ രോഗങ്ങളാലാന്നായ , മലമ്പനി ചതുപ്പ് പനി എന്നിങ്ങനെ അറിയപ്പെടുന്ന മലേറിയാ രോഗ നിർമ്മാർജനത്തിന്നും ചികിത്സയ്ക്കും പുതിയ പന്ഥാവ് തുറക്കാൻ ഈ നേട്ടത്തിന് സാധിച്ചു.ഒരു "കൊതുകിലൂടെ "നേടിയ നേട്ടത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷം ആഗസ്ത് 20 ലോക കൊതുക് ദിനമായി ആചരിക്കാൻ ആരംഭിച്ചു.ഗണിതത്തിൽ തൽപ്പരനായിരുന്ന റോസ് ചികിത്സയോടൊപ്പം ഡാറ്റയുടെ സാധ്യതകളും പരീക്ഷിച്ചിരുന്നു.1897 ആഗസ്റ്റ് 21 ന് കൊതുകിനെ പറ്റി റൊണാൾഡ് റോസ് ഒരു കവിത തന്നെ രചിച്ചു.അതിലെ വരികൾ ഇങ്ങിനെയാണ് " I know this little thing, A myriad men will save. O Death, where is thy sting? Thy victory, O Grave!," അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെ ഗൗനിക്കാൻ ബ്രിട്ടീഷ് ഇന്ത്യയിലെ അധികാരികൾ തയ്യാറായില്ല.1899 ൽ ഇന്ത്യൻ മെഡിക്കൽ സർവീസിൽ നിന്നും രാജി വെച്ച് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി. നൊബേൽ സമ്മാനത്തിന്റെ രണ്ടാം വർഷം തന്നെ അദ്ദേഹം സമ്മാനിതനായി.1911 ൽ സർ സ്ഥാനം നൽകി ആദരിക്കപ്പെട്ട ആ ബഹുമുഖ പ്രതിഭ 1932 സെപ്തംബർ 16ന് ലണ്ടനിലെ റോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് അന്തരിച്ചു.ഏറെ കഷ്ടപ്പാടുകളും പരിഹാസങ്ങളും സഹിച്ച് കൊതുകുകളെ പഠന വിധേയമാക്കി, അതിലൂടെ വൈദ്യശാസ്ത്രചരിത്രത്തിൽ പകർച്ചവ്യാധികളുടെ നിയന്ത്രണത്തിൽ ദിശാബോധം നൽകിയ പുത്തൻ കണ്ടെത്തൽ നടത്തിയ , മലേറിയയേയും കൊതുകിനേയും കുറിച്ച് നൂറുക്കണക്കിന് ലേഖനങ്ങളും പുസ്തകങ്ങളും രചിച്ച , റൊണാൾഡ് റോസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ജ്ഞാനപീഠ ജേതാവായ അമിതാവ് ഘോഷ് രചിച്ച സാങ്കൽപ്പിക ആഖ്യായികയാണ് കൽക്കത്ത ക്രോമസോം.
         
          jitheshmaniyat@gmail.com

No comments: