Sunday, June 21, 2020


സാറ നെൽമ്സ് എന്ന കറവക്കാരിയും ജെയിംസ് ഫിപ്സെന്ന എട്ടു വയസുകാരനും
         ഇന്ന് മെയ് 17. ലോകം കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ വേളയിൽ ,ലോകത്തിൽ  ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ രക്ഷിക്കാൻ കാരണക്കാരിൽ ഒരാളായ, ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടെത്തിയ ,രോഗപ്രതിരോധ ശാസ്ത്രത്തിൻറെ പിതാവ് എന്ന വിശേഷണത്തിനർഹനായ , വാക്സിനേഷൻ എന്ന രീതി ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്ന മഹാനായ വൈദ്യശാസ്ത്രകാരൻ എഡ്വേർഡ് ജന്നർ ഇംഗ്ലണ്ടിലെ ബര്‍ക്ക്ലിയില്‍ ഗ്ലൗസസ്റ്റര്‍ എന്ന പ്രദേശത്ത് 1749 ൽ ഇതേ ദിവസമാണ് ബർക്ക്ലിയിലെ വികാരിയായിരുന്ന റെവറന്റ് സ്റ്റീഫൻ ജന്നറുടെ ഒമ്പത് മക്കളിൽ എട്ടാമനായി ജനിച്ചത്. തന്റെ അഞ്ചാം വയസിൽ തന്നെ മാതാപിതാക്കള നഷ്ടപ്പെട്ട ജന്നറെ വളർത്തിയത് സഹോദരങ്ങളായിരുന്നു. 1763 ൽ ഡാനിയൽ ലുഡ്ലോ എന്ന സർജന്റെ കീഴിൽ ഏഴ് വർഷം അപ്രന്റീസായി. തുടർന്ന് അന്നത്തെ പ്രശസ്ത ഭിഷഗ്വരനായ ഡോ ജോൺ ഹണ്ടറുടെ കീഴിൽ സർജറിയും ശരീരശാസ്ത്രവും പഠിക്കാൻ ആരംഭിച്ചു.വൈദ്യശാസ്ത്രത്തിനു പുറമേ പക്ഷിനിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുള്ള പഠനം എന്നിവയിലെല്ലാം ജെന്നര്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഹണ്ടറുടെ കൂടെ നിൽക്കുമ്പോൾ തന്നെ പാർട്ട് ടൈം ആയി ക്യാപ്റ്റൻ കുക്കിന്റെ യാത്രാസംഘത്തിലെ അംഗമായിരുന്ന സർ, ജോസഫ് ബാങ്ക്സിന്റെ കൂടെ സുവോളജിക്കൽ സ്പെസിമൻ ശേഖരിക്കുന്ന ജോലിയും ചെയ്തു.കുയിൽ മറ്റ് പക്ഷികളുടെ കൂട് മുട്ടയിടാൻ ഉപയോഗിക്കുന്നതിനെ കുറിച്ച് പഠനം നടത്തി പ്രസിദ്ധീകരിച്ച ജന്നർ 1788 ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. ഹണ്ടറുടെ കീഴിലെ പരിശീലന ശേഷം ജന്മദേശമായ ബർക്ക്ലിയിൽ എത്തിയ ജന്നർ അവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്തു. രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. വരുന്നവരിൽ ഏറെയും ഗോവസൂരി (cow pox) ബാധിച്ചവരായിരുന്നു.അന്ധവിശ്വാസം ഏറെ പ്രബലമായിരുന്ന അക്കാലത്ത് ഗോവസൂരി ദൈവകോപത്താൽ വരുന്നതാണെന്നും പ്രാർത്ഥനയിലൂടെ ദൈവം തന്നെ അത് മാറ്റുമെന്നും വിശ്വസിച്ചിരുന്നു.ജന്നറുടെ ശ്രദ്ധ ഈ രോഗത്തിലേക്ക്  തിരിഞ്ഞു. 1775 ൽ മനുഷ്യരാശിയക്ക് ഏറ്റവും ഗുണകരമായ ഒരു കണ്ടുപിടുത്തത്തിന് അസ്ഥിവാരമിടുകയായിരുന്നു ജന്നർ.ഗോവസൂരിയും വസൂരിയും(small pox) തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.കോടിക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ചിരുന്ന രോഗമായിരുന്നു വസൂരി. രോഗം പിടിപ്പെട്ടവരെ ഒറ്റപ്പെടുത്തി മാറ്റി പാർപ്പിച്ചിരുന്നു. ശരീരം മുഴുവൻ പുള്ളികൾ നിറഞ്ഞ്, ചിലപ്പോൾ കാഴ്ച ശക്തി നഷ്ടപ്പെട്ട് വൈരൂപ്യത്തിലേക്ക് എടുത്തെറിയപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വന്ന ചിലരുമുണ്ടായിരുന്നു.വാരിയോള മേജർ, വാരിയോള മൈനർ എന്നിങ്ങനെ രണ്ട് തരം വൈറസുകളാണ് ഈ രോഗത്തിന്റെ പിന്നിൽ.പുള്ളികൾ നിറഞ്ഞ എന്നർത്ഥം വരുന്ന വാരിയസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.
         നന്നേ ചെറുപ്പത്തിൽ ഗ്രാമത്തിലെ ഒരു പാൽക്കാരിയുടെ വാക്കുകൾ ജന്നർ കേട്ടിരുന്നു. സുന്ദരിയായ അവർക്ക് ഗോവസൂരി വന്ന് ഭേദമായെന്നും ഇനി തന്റെ സൗന്ദര്യം നഷ്ടപ്പെടുത്താൻ വസൂരി വരികയില്ല എന്നും അവർ പറഞ്ഞിരുന്നു.കറവക്കാരിലും പശുവുമായി ബന്ധപ്പെടുന്നവർക്കുമാണ് ഗോവസൂരി രോഗം കണ്ടുവന്നിരുന്നത്. ഗോവസൂരി രോഗം വന്ന കറവക്കാർക്ക് ഈ രോഗം പിന്നീട് വരില്ല എന്ന വിശ്വാസവും അവർക്കിടയിൽ ഉണ്ടായിരുന്നു.ഗ്രാമീണരുടെ ഇടയിൽ നിലനിന്നിരുന്ന ഈ വിശ്വാസത്തെ കൂട്ടുപിടിച്ചാണ് ജന്നർ തൻറെ പരീക്ഷണങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. ഗോവസൂരി ബാധിച്ചവർക്ക് വസൂരിയെ ചെറുക്കാനുള്ള കഴിവ് വർധിക്കുന്നു എന്ന് തൻറെ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം മനസ്സിലാക്കി. താൻ കണ്ടെത്തിയ കാര്യങ്ങൾ പരീക്ഷണങ്ങളിലൂടെ തെളിയിക്കുക എന്നതായിരുന്നു ജന്നർ നേരിട്ട മറ്റൊരു വെല്ലുവിളി. ആരെയും ആദ്യം ലഭിച്ചില്ല.ഒടുവിൽ ആ ദിനം വന്നെത്തി.1796 മെയ് 14ന് തന്റെ വീട്ടിലെ തോട്ടക്കാരന്റെ മകനായ എട്ടു വയസുകാരൻ ജയിംസ് ഫിപ്പ്സിൽ പരീക്ഷണം ആരംഭിച്ചു. ഗോവസൂരി ബാധിച്ച സാറാ നെൽമ്സ് (Sarah Nelmes) എന്ന കറവക്കാരിയിൽ നിന്നെടുത്ത ചലം എട്ടു വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫിപ്പ്സിന്റെ കൈയ്യിൽ രണ്ട് ചെറിയ കീറലുകൾ ഉണ്ടാക്കി അതിൽ കുത്തി വെച്ചു.കുട്ടിക്ക് ഗോവസൂരി രോഗം വന്നു.അത് സുഖപ്പെട്ടു. പിന്നീടാണ് ഏറ്റവും ദുർഘടമായ പരീക്ഷണം നടന്നത്. ഫലിക്കും എന്ന ദൃഢനിശ്ചയത്തോടെ ജൂലായ് ഒന്നിന് കുട്ടിയിലേക്ക് വസൂരി ബാധിച്ചയാളുടെ കുരുവിൽ നിന്ന് ലഭിച്ച ചലമാണ് കുത്തി വെച്ചത്.ജന്നർ ലോകത്തിന് മുന്നിൽ പ്രതീക്ഷയുടെ വാതിൽ തുറന്നിടുകയായിരുന്നു.കുട്ടിക്ക് രോഗം വന്നില്ല. പരീക്ഷണം വിജയിച്ചു.എങ്കിലും അംഗീകരിക്കാൻ പലരും വിമുഖത കാട്ടി. വിശദാംശങ്ങൾ വിവരിച്ചുകൊണ്ട് ഉണ്ട് ജനറൽ മറ്റൊരു കത്ത് അത് റോയൽ സൊസൈറ്റി അയച്ചു ഒരു പരീക്ഷണം കൊണ്ട് മാത്രം മാത്രം അംഗീകരിക്കാൻ സാധിക്കില്ല എന്നതായിരുന്നു സൊസൈറ്റിയുടെ നിലപാട്. തുടർന്ന് കൂടുതൽ പരീക്ഷണങ്ങളിലേക്ക് ജന്നർ തിരിഞ്ഞു .23 പേരിൽ കൂടി അദ്ദേഹം ഈ പരീക്ഷണം ആവർത്തിച്ചു, അതിൽ ഒരു വയസ്സ് തികയാത്ത തൻറെ മകനും ഉണ്ടായിരുന്നു .1798 ൽ ഇത് സംബന്ധിച്ച് വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കി ജന്നർ റോയൽ സൊസൈറ്റിക്ക് അയക്കുകയും അവർ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.ലാറ്റിൻ ഭാഷയിൽ ഗോവസൂരി യെ വാക്സീനിയ എന്നും പശുവിനെ വാക്ക എന്നുമാണ് വിളിച്ചിരുന്നത് .ഇതിൽ നിന്നാണ് വാക്സിൻ എന്ന പദം രൂപം കൊണ്ടത്. മനുഷ്യനു മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി തീർന്ന വൈറസിനെ പിടിച്ചുകെട്ടാൻ ഉള്ള ആദ്യത്തെ വിജയകരമായ ശ്രമമായി അത് മാറി .പല രാജ്യങ്ങളും ഇത് ആദ്യഘട്ടത്തിൽ അംഗീകരിച്ചില്ലെങ്കിലും പതുക്കെ പതുക്കെ സ്ഥിതി മാറാൻ ആരംഭിച്ചു .ജന്നർ പിന്നീട് ഫിപ്പ്സിനും കുടുംബത്തിനും താമസിക്കാൻ തന്റെ വീട് തന്നെ നൽകി. ഈ വീട് 1968-1982 കാലഘട്ടത്തിൽ  ജന്നർ മ്യൂസിയമായി വർത്തിച്ചിരുന്നു.1853 ൽ ഇംഗ്ലണ്ട് വാക്സിനേഷൻ നിർബന്ധമാക്കി. നെപ്പോളിയനും ഫ്രാൻസിൽ ഈ പാത പിന്തുടർന്നു. ലോകം മുഴുവൻ ഒറ്റക്കെട്ടായി വസൂരിയെ ചെറുത്ത് തോൽപ്പിക്കാൻ ലോകാരോഗ്യ സംഘടനയ്ക്ക് പിറകിൽ അണി നിരന്നു.സൈബാൻ ബീബി എന്ന അവസാന രോഗിയും വസൂരി മുക്തയായതോടെ 1977 ഏപ്രിൽ 23ന് ഇന്ത്യ വസൂരി മുക്തമായി.1977 ഒക്ടോബറിൽ രോഗം സ്ഥിരീകരിച്ച സൊമാലിയക്കാരനായ അലി മാവോ മാലിൻ ആയിരുന്നു അവസാന രോഗി. ഇതിനിടയിൽ 1978ൽ ഒരു കേസ് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കിയിരുന്നു. 1980 മെയ് 8 ന്ലോകാരോഗ്യ സംഘടന ഔദ്യോഗികമായി ലോകത്ത് നിന്ന് വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു. എഡ്വേർഡ് ജന്നർ എന്ന ഭിഷഗ്വരൻ പ്രതിസന്ധികളെ അതിജീവിച്ച് , പരീക്ഷിച്ച് വിജയിച്ച വാക്സിനിലൂടെ മനുഷ്യരാശിക്ക് മേൽ മരണം വിതച്ച വസൂരി എന്ന മഹാമാരിയെ മനുഷ്യൻ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കി. ഭൂമിയിൽ നിന്ന് സമ്പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യപ്പെട്ട ആദ്യ പകർച്ച വ്യാധിയായി വസൂരി മാറി.റഷ്യയിലേയും അമേരിക്കയിലേയും രണ്ട് ലാബുകളിൽ അതിസുരക്ഷയോടെ ഈ വൈറസിന്റെ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ട് എന്ന കാര്യം കൂടി ഓർത്ത് വെക്കേണ്ടതുണ്ട്.ഇതിനെതിരെ പ്രതിഷേധവും ഉണ്ടായിരുന്നു.1798 ൽ തന്റെ ഗവേഷണ ഫലങ്ങൾ An inquiry into the causes and effects of the variolae vaccinae എന്ന പേരിൽ ജന്നർ പ്രസിദ്ധീകരിച്ചു. വൈദ്യശാസ്ത്രത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളും തുടർന്ന ജന്നർ 1823 ൽ പക്ഷികളെ കുറിച്ച് തയ്യാറാക്കിയ Observations on the migration of birds എന്ന കൃതി റോയൽ സൊസൈറ്റിക്ക് സമർപ്പിച്ചു.1823 ജനുവരി 26 ന് അപോപ്ലക്സി എന്ന രോഗം ബാധിച്ച് , മരണത്തിന്റേയും വൈരൂപ്യത്തിന്റേയും ഒറ്റപ്പെടലിന്റേയും ലോകത്തേക്ക് മനുഷ്യരെ തള്ളി വിട്ട ഒരു വൈറസിനെ ഉൻമൂലനം ചെയ്യാൻ മാനവരാശിയെ പ്രാപ്തനാക്കിയ മഹാനായ ആ ഭിഷഗ്വരൻ ലോകത്തോട് വിട പറഞ്ഞു.
         jitheshmaniyat@gmail.com

1 comment:

INDIA A CULTURAL MONUMENTS OF WORLD said...

ഈ വലിയ ലോകത്തേക്ക് ഉള്ള വലിയ അറിവ് ഈ blogiloode നൽകാൻ കഴിയുന്നു. ആശംസകൾ