Saturday, May 16, 2020

സത്യസന്ധതയുടെ ദിവസം

ഏപ്രിൽ 30  അമേരിക്കൻ ജനത സത്യസന്ധതയുടെ ദിനമായി ആചരിക്കുന്നു. ഇറ്റലിയിലും ആസ്ട്രേലിയയിലും മറ്റ് ദിവസങ്ങളിൽ ഇങ്ങിനെയൊരു ദിനം ആചരിക്കുന്നു. ദിവസേന പലവട്ടം 'സത്യമിട്ട്' ശീലമുള്ളതിനാൽ ഇന്ത്യയിലിങ്ങനെ ഒരു ദിനം വ്യാപകമായി ആചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അമേരിക്കയിൽ ഇതിന് തുടക്കം കുറിച്ചത് ഹിർഷ് ഗോൾഡ് ബർഗ് ആണ്. ഏപ്രിലിലെ ആദ്യ ദിനം വിഡ്ഢികളാക്കാൻ തെരഞ്ഞെടുത്തതിനാൽ അവസാന ദിനം സത്യത്തിന്റേതാകട്ടെ എന്ന ചിന്തയും ജോർജ്ജ് വാഷിങ്ങ്ടണിന്റെ ആദ്യ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ ഓർമ്മയുമാണ് ഇത്തരമൊരു തെരഞ്ഞെടുപ്പിന് കാരണമായി പറയുന്നത്. സത്യത്തിന് ഏറെ പ്രാധാന്യം പൗരാണിക കാലം മുതലേ കൽപ്പിച്ചിരുന്നു. സത്യത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന നിരവധി കഥകൾ ചെറുപ്പം മുതലേ നാം കേട്ടു വളർന്നതുമാണ്. ജോൺ കീറ്റ്സിൻറെ വിശ്രുതമായ Ode on a Grecian Urn എന്ന കവിത അവസാനിക്കുന്ന ഭാഗത്ത് പറയുന്നത് Beauty is truth,truth beauty എന്നാണ്. അതായത് സൗന്ദര്യം സത്യമാകുന്നു.. സത്യം സൗന്ദര്യം. ഏത് സ്വർണ്ണചെപ്പിലൊളിപ്പിച്ചാലും സത്യം മറ നീക്കി പുറത്ത് വരും എന്ന് പറയുന്നുവെങ്കിലും സത്യത്തിലേക്കുള്ള പാത ഇന്നത്തെ കാലാവസ്ഥയിൽ എത്രമാത്രം ദുർഘടമാണെന്ന് കാണാൻ സാധിക്കുന്നതാണ്‌. സത്യത്തെ എവിടെ കണ്ടെത്താം എന്ന ശിഷ്യന്റെ ചോദ്യത്തിന് നിന്റെ മൂക്കിൻ തുമ്പിലേക്ക് നോക്കൂ എന്ന് പറഞ്ഞ സെൻ ഗുരു അർത്ഥമാക്കിയ പോലെ സത്യം അത്ര വിദൂരത്തല്ല , അത് നമ്മുടെ സമീപത്ത് തന്നെ നമ്മോട് ചേർന്ന് നില കൊള്ളുന്ന ഒന്നാണ്‌. അതിനെ അനുഭവിച്ചറിയാൻ നമുക്ക് സാധിക്കട്ടെ
        jitheshmaniyat@gmail.com

No comments: