Tuesday, May 26, 2020


ഒസാമ ബിൻ ലാദൻ ജെറോനിമോ ആയ ദിനം
          മെയ് 2 .2011ലെ ഇതേ ദിനത്തിലാണ് ഭീകരവാദമെന്ന പദം കേൾക്കുന്ന മാത്രയിൽ മനസിലേക്ക് വരുന്ന അൽ ഖ്വയ്ദ എന്ന സംഘടനയുടെ സ്ഥാപകനായ ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വെച്ച് വധിച്ചത്. ഈ സൈനിക നീക്കത്തിൽ ആഗോള ഭീകരനായ ലാദനെ കുറിക്കാൻ അവർ ഉപയോഗിച്ച രഹസ്യ നാമമായിരുന്നു ജെറോനിമോ.ഈ സൈനിക നടപടി അറിയപ്പെട്ടത് ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്പിയർ എന്ന പേരിലായിരുന്നു.2001 സെപ്തംബർ 11 ലെ വേൾഡ്  ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ലോകത്തിലെ സ്വയം പ്രഖ്യാപിത ശക്തിയായ അമേരിക്കയുടെ തലക്കേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അൽ ഖ്വയ്ദ നടത്തിയ ഈ ആക്രമണം. അതിനാൽ തന്നെ ബിൻ ലാദനെ പിടികൂടുക എന്നത് അഭിമാനം സംരക്ഷിക്കാനുള്ള വഴി കൂടിയായിരുരുന്നു. അതിന് ഏകദേശം പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു എന്നത് അമേരിക്കയുടെ ദൗർബല്യങ്ങൾ തുറന്ന് കാട്ടുന്നു. 2011 ൽ ഇതേ ദിനം ബറാക്ക് ഒബാമയും സഹപ്രവർത്തകരും സിഐ എ ഡയറക്ടർ ലിയോൺ ഇ പനേറ്റ യുടെ വാക്കുകൾ വീഡിയോ സ്ക്രീനിലൂടെ കേൾക്കുകയാണ്. അദ്ദേഹം പറഞ്ഞു 'ഞങ്ങൾക്ക് ജറോനിമോയുടെ ചില ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്' കുറച്ച് മിനുട്ടുകൾക്ക് ശേഷം അദ്ദേഹം പറഞ്ഞു" Geronimo EKIA" EKIA എന്നാൽ Enemy Killed In Action. നിശ്ശബ്ദമായ നിമിഷങ്ങൾക്ക് ശേഷം ഒബാമ പറഞ്ഞു.. we got him.അവിടെ സന്തോഷം നിറയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ജെറോനിമോ വാർത്തകളിൽ നിറഞ്ഞു. ജെറോനിമോ മെക്സിക്കോയിൽ ജനിച്ച അപ്പാച്ചെ ഇന്ത്യൻ ഗോത്രവർഗ്ഗക്കാരൻ. 1858ൽ നടന്ന ആക്രമണത്തിൽ തന്റെ അമ്മയേയും ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ മെക്സിക്കോ ക്കാരെ ഉൻമൂലനം ചെയ്യണമെന്ന പ്രതികാരവുമായി ജീവിച്ച ഗോത്രവർഗ്ഗക്കാരൻ.തന്റെ ആവാസവ്യവസ്ഥയിലേക്ക് കടന്നു കയറിയ അമേരിക്കയിലേയും മെക്സിക്കോയിലേയും വെള്ളക്കാരെ തന്റെ ഗോത്ര ജനതയോട് ചേർന്ന് നേരിട്ട ശക്തനായ ഗോത്രവർഗനേതാവ്.1876-ൽ അമേരിക്കൻ സർക്കാർ ചിരിക്കാഹുവാ ഗോത്ര സമൂഹത്തെ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥകളിൽ നിന്നും സാൻ കാർലോസിലേക്ക് പറിച്ചു നടാൻ ശ്രമിച്ചപ്പോൾ ജെറോനിമോ കൈയ്യും കെട്ടി നോക്കിയിരുന്നില്ല. അന്നു മുതൽ തുടർന്നുള്ള പത്തുവർഷക്കാലം ഇടക്കിടെയുള്ള ആക്രമണങ്ങൾ കൊണ്ട് ജെറോനിമോ വെള്ളക്കാരെ പൊറുതിമുട്ടിച്ചു. സാമ്രാജ്യത്വ ശക്തികൾക്ക് ഭീഷണിയായ ജെറോനിമോയെ ഒടുവിൽ അവർ തടവിലാക്കി. സ്വന്തം അസ്ഥിത്വം കാത്തുസൂക്ഷിക്കാൻ പടപൊരുതിയ ആ തനത് ഗോത്രവർഗ്ഗക്കാരന്റെ പേര് ഒരു ആഗോള ഭീകരന് നൽകിയതിലൂടെ അമേരിക്ക മുന്നോട്ട് വെച്ച ആശയം ലളിതമായിരുന്നു. എങ്കിലും ഇതിനെതിരെ ചില എതിർപ്പുകൾ അമേരിക്കയിൽ നിന്നും ലോകത്തിന്റെ പലയിടത്ത് നിന്നും ഉണ്ടായി എന്നത് ആശാവഹമായിരുന്നു. സാമ്രാജ്യത്വ ശക്തികൾ എല്ലായിടത്തും അധീശത്വത്തിനായി ശ്രമിക്കുമ്പോൾ അതിനെതിരെ ശബ്ദിക്കുന്ന ജെറോനിമോമാർ കാലഘട്ടത്തിന്റെ ആവശ്യകതയല്ലേ..
       
         jitheshmaniyat@gmail.com

No comments: