Tuesday, May 26, 2020

തൊഴിലാളി ദിനത്തിലെ ഗീബൽസ്

      മെയ് ഒന്ന്.. സർവ രാജ്യത്തൊഴിലാളിദിനം.ഇന്നെന്താ ഗീബൽസിന് കാര്യം. 1945 ലെ ഇതേ ദിനമാണ് മക്കളായ Helga,Hilde,Helmuth,Holde, Hedda,Heide എന്നിവർക്ക് വിഷം കൊടുത്ത് ഭാര്യയായ മഗ്ദയോടൊപ്പം ഡോ. പോൾ ജോസഫ് ഗീബൽസ് എന്ന നാസി ജർമ്മനിയുടെ , ഹിറ്റ്ലറുടെ പ്രചരണ വിഭാഗം മന്ത്രി ആത്മഹത്യ ചെയ്തത്. ഗീബൽസ് , കാലമിത്ര കഴിഞ്ഞിട്ടും രാഷട്രത്തേയും രാഷ്ട്രീയത്തേയും കുറിച്ച് പഠിക്കുന്നവർക്ക് ഒഴിച്ച് കൂടാനാവാത്ത അധ്യായമാണ്. ഹിറ്റ്ലറോട് മതിപ്പില്ലാത്ത ഒരു കാലത്തിൽ നിന്നും തുടങ്ങി , അനുയായി മാറി ഒടുവിൽ ഹിറ്റ്ലറുടെ ഏറ്റവും വിശ്വസ്തനായി മാറിയ വ്യക്തി.മാധ്യമങ്ങളേയും വാർത്താവിനിമയ സംവിധാനങ്ങളെയും എങ്ങിനെ തങ്ങൾക്കനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്താമെന്ന് ലോകത്തിന് കാണിച്ച് കൊടുത്ത 'കാസനോവ'. ഒരു നുണ ആയിരം ആവർത്തി പറഞ്ഞ് കൊണ്ടിരുന്നാൽ സത്യമാക്കാമെന്ന ഗീബൽസിയൻ തന്ത്രത്തിന്റെ പ്രയോക്താവ്.പീറ്റർ ലോങ്ങറിച്ച് രചിച്ച Goebbels-A Biography എന്ന ബൃഹദ് ഗ്രന്ഥം ഗീബൽസിന്റെ ജീവിതത്തിന്റെ കാണാക്കാഴ്ചകളിലേക്ക് വെളിച്ചം വീശുന്നു. ഇന്നത്തെ പല തെരഞ്ഞെടുപ്പിലും പ്രയോഗിക്കുന്ന വിമാന പ്രചരണം മുതൽ വീഡിയോ പ്രദർശനങ്ങൾ വരെ നാൽപ്പത് കാലഘട്ടത്തിൽ തന്നെ ഗീബൽസ് ഉപയോഗപ്പെടുത്തിയിരുന്നു. ഹൈഡൽബർഗ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയെങ്കിലും സാഹിത്യത്തിൽ പരാജയപ്പെട്ടതും ചെറിയ മുടന്ത് ഉള്ളതിനാൽ സൈന്യത്തിൽ ചേരാൻ കഴിയാത്തതും രാഷ്ട്രീയത്തിൽ പെരുംനുണകളുടെ വ്യാവസായിക ഉൽപ്പാദനത്തിന് തുടക്കം കുറിക്കാൻ ഗീബൽസ് എന്ന നാസി പ്രചരണ മന്ത്രിക്ക് അടിത്തറയൊരുക്കി.1945 ഏപ്രിൽ 30ന് ഹിറ്റ്ലർ മരണത്തിന് കീഴടങ്ങുമ്പോൾ ജർമ്മനിയുടെ അടുത്ത ചാൻസലറായി നിർദ്ദേശിച്ചത് ഗീബൽസിനെയായിരുന്നു എന്നത് തന്നെ ഇദ്ദേഹം ഹിറ്റ്ലർക്ക് എത്രത്തോളo വിശ്വസ്തനും ശക്തനുമായിരുന്നു എന്ന് വെളിവാക്കുന്നു. ഗീബൽസ് ഒരു തുടക്കമായിരുന്നു.പലതിന്റേയും .. അത് ഇന്നും പലരിലൂടെയും തുടരുന്നു..
     jitheshmaniyat@gmail.com

No comments: