Tuesday, May 26, 2020


ഒസാമ ബിൻ ലാദൻ ജെറോനിമോ ആയ ദിനം
          മെയ് 2 .2011ലെ ഇതേ ദിനത്തിലാണ് ഭീകരവാദമെന്ന പദം കേൾക്കുന്ന മാത്രയിൽ മനസിലേക്ക് വരുന്ന അൽ ഖ്വയ്ദ എന്ന സംഘടനയുടെ സ്ഥാപകനായ ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വെച്ച് വധിച്ചത്. ഈ സൈനിക നീക്കത്തിൽ ആഗോള ഭീകരനായ ലാദനെ കുറിക്കാൻ അവർ ഉപയോഗിച്ച രഹസ്യ നാമമായിരുന്നു ജെറോനിമോ.ഈ സൈനിക നടപടി അറിയപ്പെട്ടത് ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്പിയർ എന്ന പേരിലായിരുന്നു.2001 സെപ്തംബർ 11 ലെ വേൾഡ്  ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ലോകത്തിലെ സ്വയം പ്രഖ്യാപിത ശക്തിയായ അമേരിക്കയുടെ തലക്കേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അൽ ഖ്വയ്ദ നടത്തിയ ഈ ആക്രമണം. അതിനാൽ തന്നെ ബിൻ ലാദനെ പിടികൂടുക എന്നത് അഭിമാനം സംരക്ഷിക്കാനുള്ള വഴി കൂടിയായിരുരുന്നു. അതിന് ഏകദേശം പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു എന്നത് അമേരിക്കയുടെ ദൗർബല്യങ്ങൾ തുറന്ന് കാട്ടുന്നു. 2011 ൽ ഇതേ ദിനം ബറാക്ക് ഒബാമയും സഹപ്രവർത്തകരും സിഐ എ ഡയറക്ടർ ലിയോൺ ഇ പനേറ്റ യുടെ വാക്കുകൾ വീഡിയോ സ്ക്രീനിലൂടെ കേൾക്കുകയാണ്. അദ്ദേഹം പറഞ്ഞു 'ഞങ്ങൾക്ക് ജറോനിമോയുടെ ചില ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്' കുറച്ച് മിനുട്ടുകൾക്ക് ശേഷം അദ്ദേഹം പറഞ്ഞു" Geronimo EKIA" EKIA എന്നാൽ Enemy Killed In Action. നിശ്ശബ്ദമായ നിമിഷങ്ങൾക്ക് ശേഷം ഒബാമ പറഞ്ഞു.. we got him.അവിടെ സന്തോഷം നിറയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ജെറോനിമോ വാർത്തകളിൽ നിറഞ്ഞു. ജെറോനിമോ മെക്സിക്കോയിൽ ജനിച്ച അപ്പാച്ചെ ഇന്ത്യൻ ഗോത്രവർഗ്ഗക്കാരൻ. 1858ൽ നടന്ന ആക്രമണത്തിൽ തന്റെ അമ്മയേയും ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ മെക്സിക്കോ ക്കാരെ ഉൻമൂലനം ചെയ്യണമെന്ന പ്രതികാരവുമായി ജീവിച്ച ഗോത്രവർഗ്ഗക്കാരൻ.തന്റെ ആവാസവ്യവസ്ഥയിലേക്ക് കടന്നു കയറിയ അമേരിക്കയിലേയും മെക്സിക്കോയിലേയും വെള്ളക്കാരെ തന്റെ ഗോത്ര ജനതയോട് ചേർന്ന് നേരിട്ട ശക്തനായ ഗോത്രവർഗനേതാവ്.1876-ൽ അമേരിക്കൻ സർക്കാർ ചിരിക്കാഹുവാ ഗോത്ര സമൂഹത്തെ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥകളിൽ നിന്നും സാൻ കാർലോസിലേക്ക് പറിച്ചു നടാൻ ശ്രമിച്ചപ്പോൾ ജെറോനിമോ കൈയ്യും കെട്ടി നോക്കിയിരുന്നില്ല. അന്നു മുതൽ തുടർന്നുള്ള പത്തുവർഷക്കാലം ഇടക്കിടെയുള്ള ആക്രമണങ്ങൾ കൊണ്ട് ജെറോനിമോ വെള്ളക്കാരെ പൊറുതിമുട്ടിച്ചു. സാമ്രാജ്യത്വ ശക്തികൾക്ക് ഭീഷണിയായ ജെറോനിമോയെ ഒടുവിൽ അവർ തടവിലാക്കി. സ്വന്തം അസ്ഥിത്വം കാത്തുസൂക്ഷിക്കാൻ പടപൊരുതിയ ആ തനത് ഗോത്രവർഗ്ഗക്കാരന്റെ പേര് ഒരു ആഗോള ഭീകരന് നൽകിയതിലൂടെ അമേരിക്ക മുന്നോട്ട് വെച്ച ആശയം ലളിതമായിരുന്നു. എങ്കിലും ഇതിനെതിരെ ചില എതിർപ്പുകൾ അമേരിക്കയിൽ നിന്നും ലോകത്തിന്റെ പലയിടത്ത് നിന്നും ഉണ്ടായി എന്നത് ആശാവഹമായിരുന്നു. സാമ്രാജ്യത്വ ശക്തികൾ എല്ലായിടത്തും അധീശത്വത്തിനായി ശ്രമിക്കുമ്പോൾ അതിനെതിരെ ശബ്ദിക്കുന്ന ജെറോനിമോമാർ കാലഘട്ടത്തിന്റെ ആവശ്യകതയല്ലേ..
       
         jitheshmaniyat@gmail.com

തൊഴിലാളി ദിനത്തിലെ ഗീബൽസ്

      മെയ് ഒന്ന്.. സർവ രാജ്യത്തൊഴിലാളിദിനം.ഇന്നെന്താ ഗീബൽസിന് കാര്യം. 1945 ലെ ഇതേ ദിനമാണ് മക്കളായ Helga,Hilde,Helmuth,Holde, Hedda,Heide എന്നിവർക്ക് വിഷം കൊടുത്ത് ഭാര്യയായ മഗ്ദയോടൊപ്പം ഡോ. പോൾ ജോസഫ് ഗീബൽസ് എന്ന നാസി ജർമ്മനിയുടെ , ഹിറ്റ്ലറുടെ പ്രചരണ വിഭാഗം മന്ത്രി ആത്മഹത്യ ചെയ്തത്. ഗീബൽസ് , കാലമിത്ര കഴിഞ്ഞിട്ടും രാഷട്രത്തേയും രാഷ്ട്രീയത്തേയും കുറിച്ച് പഠിക്കുന്നവർക്ക് ഒഴിച്ച് കൂടാനാവാത്ത അധ്യായമാണ്. ഹിറ്റ്ലറോട് മതിപ്പില്ലാത്ത ഒരു കാലത്തിൽ നിന്നും തുടങ്ങി , അനുയായി മാറി ഒടുവിൽ ഹിറ്റ്ലറുടെ ഏറ്റവും വിശ്വസ്തനായി മാറിയ വ്യക്തി.മാധ്യമങ്ങളേയും വാർത്താവിനിമയ സംവിധാനങ്ങളെയും എങ്ങിനെ തങ്ങൾക്കനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്താമെന്ന് ലോകത്തിന് കാണിച്ച് കൊടുത്ത 'കാസനോവ'. ഒരു നുണ ആയിരം ആവർത്തി പറഞ്ഞ് കൊണ്ടിരുന്നാൽ സത്യമാക്കാമെന്ന ഗീബൽസിയൻ തന്ത്രത്തിന്റെ പ്രയോക്താവ്.പീറ്റർ ലോങ്ങറിച്ച് രചിച്ച Goebbels-A Biography എന്ന ബൃഹദ് ഗ്രന്ഥം ഗീബൽസിന്റെ ജീവിതത്തിന്റെ കാണാക്കാഴ്ചകളിലേക്ക് വെളിച്ചം വീശുന്നു. ഇന്നത്തെ പല തെരഞ്ഞെടുപ്പിലും പ്രയോഗിക്കുന്ന വിമാന പ്രചരണം മുതൽ വീഡിയോ പ്രദർശനങ്ങൾ വരെ നാൽപ്പത് കാലഘട്ടത്തിൽ തന്നെ ഗീബൽസ് ഉപയോഗപ്പെടുത്തിയിരുന്നു. ഹൈഡൽബർഗ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയെങ്കിലും സാഹിത്യത്തിൽ പരാജയപ്പെട്ടതും ചെറിയ മുടന്ത് ഉള്ളതിനാൽ സൈന്യത്തിൽ ചേരാൻ കഴിയാത്തതും രാഷ്ട്രീയത്തിൽ പെരുംനുണകളുടെ വ്യാവസായിക ഉൽപ്പാദനത്തിന് തുടക്കം കുറിക്കാൻ ഗീബൽസ് എന്ന നാസി പ്രചരണ മന്ത്രിക്ക് അടിത്തറയൊരുക്കി.1945 ഏപ്രിൽ 30ന് ഹിറ്റ്ലർ മരണത്തിന് കീഴടങ്ങുമ്പോൾ ജർമ്മനിയുടെ അടുത്ത ചാൻസലറായി നിർദ്ദേശിച്ചത് ഗീബൽസിനെയായിരുന്നു എന്നത് തന്നെ ഇദ്ദേഹം ഹിറ്റ്ലർക്ക് എത്രത്തോളo വിശ്വസ്തനും ശക്തനുമായിരുന്നു എന്ന് വെളിവാക്കുന്നു. ഗീബൽസ് ഒരു തുടക്കമായിരുന്നു.പലതിന്റേയും .. അത് ഇന്നും പലരിലൂടെയും തുടരുന്നു..
     jitheshmaniyat@gmail.com

Saturday, May 16, 2020

സത്യസന്ധതയുടെ ദിവസം

ഏപ്രിൽ 30  അമേരിക്കൻ ജനത സത്യസന്ധതയുടെ ദിനമായി ആചരിക്കുന്നു. ഇറ്റലിയിലും ആസ്ട്രേലിയയിലും മറ്റ് ദിവസങ്ങളിൽ ഇങ്ങിനെയൊരു ദിനം ആചരിക്കുന്നു. ദിവസേന പലവട്ടം 'സത്യമിട്ട്' ശീലമുള്ളതിനാൽ ഇന്ത്യയിലിങ്ങനെ ഒരു ദിനം വ്യാപകമായി ആചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അമേരിക്കയിൽ ഇതിന് തുടക്കം കുറിച്ചത് ഹിർഷ് ഗോൾഡ് ബർഗ് ആണ്. ഏപ്രിലിലെ ആദ്യ ദിനം വിഡ്ഢികളാക്കാൻ തെരഞ്ഞെടുത്തതിനാൽ അവസാന ദിനം സത്യത്തിന്റേതാകട്ടെ എന്ന ചിന്തയും ജോർജ്ജ് വാഷിങ്ങ്ടണിന്റെ ആദ്യ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ ഓർമ്മയുമാണ് ഇത്തരമൊരു തെരഞ്ഞെടുപ്പിന് കാരണമായി പറയുന്നത്. സത്യത്തിന് ഏറെ പ്രാധാന്യം പൗരാണിക കാലം മുതലേ കൽപ്പിച്ചിരുന്നു. സത്യത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന നിരവധി കഥകൾ ചെറുപ്പം മുതലേ നാം കേട്ടു വളർന്നതുമാണ്. ജോൺ കീറ്റ്സിൻറെ വിശ്രുതമായ Ode on a Grecian Urn എന്ന കവിത അവസാനിക്കുന്ന ഭാഗത്ത് പറയുന്നത് Beauty is truth,truth beauty എന്നാണ്. അതായത് സൗന്ദര്യം സത്യമാകുന്നു.. സത്യം സൗന്ദര്യം. ഏത് സ്വർണ്ണചെപ്പിലൊളിപ്പിച്ചാലും സത്യം മറ നീക്കി പുറത്ത് വരും എന്ന് പറയുന്നുവെങ്കിലും സത്യത്തിലേക്കുള്ള പാത ഇന്നത്തെ കാലാവസ്ഥയിൽ എത്രമാത്രം ദുർഘടമാണെന്ന് കാണാൻ സാധിക്കുന്നതാണ്‌. സത്യത്തെ എവിടെ കണ്ടെത്താം എന്ന ശിഷ്യന്റെ ചോദ്യത്തിന് നിന്റെ മൂക്കിൻ തുമ്പിലേക്ക് നോക്കൂ എന്ന് പറഞ്ഞ സെൻ ഗുരു അർത്ഥമാക്കിയ പോലെ സത്യം അത്ര വിദൂരത്തല്ല , അത് നമ്മുടെ സമീപത്ത് തന്നെ നമ്മോട് ചേർന്ന് നില കൊള്ളുന്ന ഒന്നാണ്‌. അതിനെ അനുഭവിച്ചറിയാൻ നമുക്ക് സാധിക്കട്ടെ
        jitheshmaniyat@gmail.com

Wednesday, May 13, 2020

ഫെറാറിക്കെന്താ ലംബോർഗിനിയിൽ കാര്യം

            ഏപ്രിൽ 28 പരിചയപ്പെടുത്തലുകൾ വേണ്ടാത്ത ലംബോർഗിനി കാറിന്റെ നിർമാതാവ് ഫെറൂച്ചിയോ ലംബോർഗിനിയുടെ ജന്മദിനമാണ്. ഇറ്റാലിയൻ വ്യോമസേനയിൽ നിന്ന് വിരമിച്ച് ട്രാക്ടർ നിർമ്മാണ കമ്പനി ആരംഭിച്ച ലംബോർഗിനി തനിക്കും ഭാര്യയ്ക്കു മായി രണ്ട് ഫെറാറി കാറുകൾ വാങ്ങിയതിൽ നിന്നാണ് എല്ലാത്തിൻറേയും ആരംഭം.തന്റെ ഫെറാറി വാഹനത്തിന്റെ ക്ലച്ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ലംബോർഗിനിക്ക് മൂന്ന് നാല് തവണ ഫെറാറി സർവ്വീസ് സെൻററിൽ പോകേണ്ടി വന്നു. പിന്നീട് ഈ പ്രശ്നം തന്റെ ട്രാക്ടർ മെക്കാനിക്കിനെ കാണിച്ചപ്പോൾ മെക്കാനിക്ക് പറഞ്ഞു, ഈ ക്ലച്ചും ട്രാക്ടറിന്റെ ക്ലച്ചും തമ്മിൽ വലിയ വ്യത്യാസം കാണുന്നില്ല. പത്ത് ലിറ ചിലവാക്കി താൻ വാങ്ങുന്ന ക്ലച്ചിനാണ് ഫെറാറി ആയിരം ലിറ ഈടാക്കുന്നതെന്ന ചിന്ത ലംബോർഗിനിയെ ഉലച്ചു. അടുത്ത തവണ ഫെറാറി ഉടമയായ എൻസോ ഫെറാറിയോട് ഇക്കാര്യം പറഞ്ഞ് ലംബോർഗിനി തർക്കിച്ചു. അതിനിടെ ഏത് മുതലാളിയേയും പോലെ ഫെറാറി പറഞ്ഞ വാക്കുകൾ ലംബോർഗിനിക്ക് അഭിമാന ക്ഷതമായി തോന്നി.ആ വാക്കുകൾ ഇപ്രകാരമായിരുന്നു' വെറുമൊരു ട്രാക്ടർ ഡ്രൈവറും കൃഷിക്കാരുമായ താങ്കൾക്ക് ലോകത്തിലെ മികച്ച കാറിനെ കുറ്റം പറയാൻ അർഹതയില്ല'. ഈ പ്രതികരണം ലംബോർഗിനിയെ പുതിയ ആശയത്തിലേക്ക് നയിച്ചു. 1964 ൽ ആദ്യ ലംബോർഗിനി കാർ പുറത്തിറങ്ങി. വിജയത്തെപ്പറ്റിയുള്ള സുദൃഡമായ നിശ്ചയം, ശുഭാപ്തി വിശ്വാസം, ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ചങ്കൂറ്റം ഇവ ഒരു മനുഷ്യനെ വിജയത്തിലേക്കെത്തിക്കുമെന്നതിനെ ഉത്തമ ഉദാഹരണമാണ് ലംബോർഗിനി. ഫെറാറി അതിൽ നിമിത്തമായെന്ന് മാത്രം. നമുക്ക് നമ്മുടെ ശക്തികളെ കുറിച്ച് ചിന്തിക്കാം.
jitheshmaniyat@gmail.com
അപ്പാർത്തീഡും മണ്ഡേലയും ഇൻവിക്ടസും

      ഏപ്രിൽ 27 ദക്ഷിണാഫ്രിക്കയിൽ സ്വാതന്ത്ര്യദിനമാണ്. വർണ്ണവിവേചനത്തിന്റെ എല്ലാ കെട്ടുപാടുകളേയും പൊട്ടിച്ചെറിഞ്ഞ്  അപ്പാർത്തീഡിനെ ചവറ്റ് കൊട്ടയിലേക്കെറിഞ്ഞ് സാർവ്വത്രിക വോട്ടവകാശം എല്ലാവരും വിനിയോഗിച്ച ദിനം.. നെൽസൺ മണ്ഡേല എന്ന വിമോചന സൂര്യന്റെ ദനം. മണ്ഡേലയെ കുറിച്ച് എതിരഭിപ്രായങ്ങൾ ഉണ്ട് എങ്കിലും ഒരു ജനതയെ സാമൂഹിക വിപ്ലവത്തിലേക്ക് നയിക്കാൻ ചാലകശക്തിയാവാൻ മണ്ടേലക്ക് കഴിഞ്ഞു. ഹോസ (xhosa) എന്ന ഗോത്രഭാഷയിൽ പ്രശ്നക്കാരൻ എന്നും അർത്ഥം വരുന്ന റോലിഷ്ലാഷ്ല(Rolihlahla)  എന്നായിരുന്നു മാതാപിതാക്കൾ ജനന നേരത്ത് ഇട്ട പേര്.കോളനിക്കാലത്ത് ഇംഗ്ലീഷ് പേര് വേണമെന്ന ശല്യത്തിൽ ക്ലാസ് ടീച്ചർ ആദ്യദിനം നൽകിയ പേരാണ് മണ്ഡേല. സാമാജ്യത്വ ശക്തികൾക്ക് ഒരു പ്രശ്നക്കാരൻ ആയിരുന്ന അദ്ദേഹം നിരവധി വർഷങ്ങൾ ജയിലിൽ കിടന്നു. ജയിലിൽ അദ്ദേഹത്തെ പ്രചോദിപ്പിച്ച ഒരു കവിതയുണ്ട്, വില്യം ഏണസ്റ്റ് ഹെൻലിയുടെ ഇൻവിക്ടസ്(Invictus). ഏത് പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കുഞ്ഞുകവിത. മണ്ഡേല തന്റെ പ്രസംഗങ്ങളിലും പറഞ്ഞിരുന്ന അതിലെ അവസാന വരികൾ ഇങ്ങിനെയാണ്" I am the master of my fate , I am the captain of my soul". ഈ കോവിഡ് കാലത്ത് നമുക്കം ഈ വരികൾ പ്രചോദനമാകണം. ആർക്കും കീഴടങ്ങാതെ എന്റെ വിധിയെ ഞാൻ നിശ്ചയിക്കും എന്ന ഉറച്ച ബോധത്തോടെ മുന്നോട്ട് പോകാം..
jitheshmaniyat@gmail.com
മാർക്കോണിയുടെ ജന്മദിനവും ജഗദീശ് ചന്ദ്ര ബോസും

   ഏപ്രിൽ 25  ഇറ്റാലിയൻ ശാസ്ത്രജ്ഞനും സാമാന്യേന റേഡിയോയുടെ 'കണ്ടുപിടുത്തക്കാരനുമായ ' മാർക്കോണിയുടെ ജന്മദിനം. പക്ഷെ മനസിലേക്ക് വരുന്നത് ജഗദീഷ് ചന്ദ്ര ബോസിന്റ മുഖമാണ്. തന്റെ കണ്ടുപിടുത്തങ്ങൾ കൃത്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ 'പരാജിതനായി' മറ്റൊരാൾ അതിൽ പിടിച്ച് കയറി നൊബേൽ പുരസ്കാരവും മറ്റ് അംഗീകാരങ്ങളും നേടുന്നത് കാണേണ്ടി വന്ന ശാസ്ത്രകാരൻ. ലണ്ടനിലെ പഠനശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി സ്വന്തം കാശു മുടക്കി ഗവേഷണത്തിലേർപ്പെട്ട ബോമ്പ് വിദ്യുത് കാന്തിക തരംഗങ്ങളെ കുറിച്ച് പഠിക്കാൻ കണ്ടൻസറുകളും മറ്റും നിർമ്മിക്കുകയും അവ പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുകയും അവ കപ്പൽ മാർഗ്ഗം ലണ്ടനിൽ എത്തിച്ച് 1897 ജനുവരി 29 ന് റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഫ്രൈഡേ ഈവനിംഗ് സിസ്കോഴ്സിൽ  റേഡിയോ സിഗ്നൽ ഡിറ്റകടറിന്റെ പഴയ വേർഷനായ കൊഹററിന്റെ ആദ്യകാല രൂപത്തെ കുറിച്ച് വിവരിച്ചു. നാട്ടുകാരനല്ലാത്തതിനാലും തങ്ങളുടെ കോളനിയിലെ ഒരാളുടെ അവതരണമായതിനാലും കണ്ടെത്തൽ അംഗീകരിക്കാൻ അവർക്ക് വിമുഖത ഉണ്ടായി. ബോസ് ഒന്നും ഒളിപ്പിച്ച് വച്ചില്ല. തൻറേത് മാത്രമാക്കാൻ പേറ്റന്റ് സ്വന്തമാക്കിയില്ല.ബോസിന്റെ ജീവചരിത്രകാരനായ പാട്രിക് ഗെഡെസിന്റെ അഭിപ്രായത്തിൽ തന്റെ കണ്ടുപിടുത്തങ്ങളിൽ നിന്നും ഒരു ലാഭവും ഉണ്ടാക്കാൻ ബോസ് ശ്രമിച്ചില്ല. 1909 ൽ വയർലെസ് ടെലിഗ്രാഫി വികസിപ്പിച്ചതിന് മാർക്കോണിക്കും കാൾ ബ്രൗണിനും നൊബേൽ സമ്മാനം ലഭിച്ചു.ബോസിനെ കുറിച്ച് ഒരക്ഷരം പോലും മാർക്കോണി പറഞ്ഞില്ല. കാലം കടന്നുപോയി. ചാരത്തിൽ മൂടിക്കിടന്ന സത്യം ഓരോന്നായി പുറത്ത് വന്നു. ഇന്ന് ലോകം ബോസിനെ തിരിച്ചറിയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക് എഞ്ചിനീയർ അടക്കമുള്ള സ്ഥാപനങ്ങൾ ജെ സി ബോസിന്റെ കണ്ടെത്തലിന് അംഗീകാരം നൽകിയിരിക്കുന്നു. റേഡിയോ കണ്ടെത്തലിൽ മാർക്കോണിയുടെ മുൻഗാമിയായി ജെ സി ബോസ് അംഗീകരിക്കപ്പെട്ടിരിക്കുന്നു.. റേഡിയോ എന്ന് കേൾക്കുമ്പോൾ മാർക്കോണിക്കൊപ്പം ബോസിനേയും കൂട്ടി വായിക്കാം...
jitheshmaniyat@gmail.com